കൈറോ: സൂയസ് ഉൾക്കടലിൽ എണ്ണ ഖനനം ചെയ്യുന്ന ബാർജ് മുങ്ങി നാല് ജീവനക്കാർ മരിച്ചു. നാല് പേരെ കാണാതായതായും ഈജിപ്ത് സർക്കാരിനെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
സൂയസ് ഉൾക്കടലിലെ ജബൽ അൽ-സൈത് പ്രദേശത്ത് ആദം മറൈൻ 12 എന്ന കപ്പലാണ് അപകടത്തിൽ പെട്ടത്. ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്. 22 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു. മറ്റൊരു സ്ഥലത്തേക്ക് ബാർജ് വലിച്ചുകൊണ്ടുപോകുന്നതിനിടെയാണ് മറിഞ്ഞതെന്ന് ഈജിപ്ഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പരിക്കേറ്റവരിൽ നാല് പേരെ ഹെലികോപ്റ്റർ വഴിയും18 പേരെ ആംബുലൻസുകളിലുമാണ് ആശുപത്രികളിൽ എത്തിച്ചതെന്നും അൽജസീറ വിശദീകരിച്ചു. ഈജിപ്‌ത് പെട്രോളിയം, ധാതു വിഭവ മന്ത്രി കരീം ബദാവി, തൊഴിൽ മന്ത്രി മുഹമ്മദ് ജിബ്രാൻ, ചെങ്കടൽ മേഖലയിലെ ഗവർണർ അമർ ഹനഫി എന്നിവർക്കൊപ്പം പരിക്കേറ്റവരേ ആശുപത്രിയിൽ സന്ദർശിച്ചു. ഈജിപ്‌തിൽ ഹുർഗദയിലെ അൽഗൗന ആശുപത്രിയിലാണ് അപകടത്തിൽ പെട്ടവർ ചികിത്സയിൽ കഴിയുന്നത്.
കാണാതായ ജീവനക്കാർക്കായുള്ള തിരച്ചിൽ തുടരുന്നുവെന്നും രക്ഷാപ്രവർത്തനങ്ങളിൽ ഈജിപ്ഷ്യൻ നാവികസേനയുടെ കപ്പലുകൾ പങ്കുചേർന്നിട്ടുണ്ടെന്നും ഗവർണർ അമർ ഹനഫി പറഞ്ഞു. സൂയസ് കനാലിന് ഏകദേശം 300 കിലോമീറ്റർ (186 മൈൽ) തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു പ്രധാന ഈജിപ്ഷ്യൻ എണ്ണ ഉൽപാദന കേന്ദ്രമാണ് ജബൽ അൽ-സൈത്.