ന്യൂദല്‍ഹി – അഴിമതിക്കേസില്‍ തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് തന്റെ സെല്ലില്‍ ധ്യാനവും യോഗയുമൊക്കെയായി കഴിയുകയാണ്. നിയമ പോരാട്ടങ്ങള്‍ക്കായി മനസ്സിനെ പാകപ്പെടുത്താനുള്ള ശ്രമത്തിലാണ് അദ്ദേഹം. ഈ വി ഐ പി തടവുകാരന്റെ തൊട്ടടുത്തുള്ള സെല്ലുകളില്‍ കഴിയുന്നത് ആരാല്ലാമാണെന്നറിഞ്ഞാല് കെജ്രിവാള് മാത്രമല്ല എല്ലാവരും ഒന്ന് ഞെട്ടും. രാജ്യത്തെ തന്നെ വിറപ്പിച്ച അധോലോക നായകന് ഛോട്ടാ രാജന്, ക്രൂരതകളുടെ പര്യായമായി മാറിയ ഗുണ്ടാ തലവന്‍ നീരജ് ബവാന, ഭീകരവാദത്തിന്റെ പേരില്‍ പിടിക്കപ്പെട്ട സിയാവുര്‍ റഹ്മാന് എന്നിവരാണ് മദ്യനയക്കേസില്‍ തിഹാറിലെ ജയില്‍ നമ്പര്‍ 2 സെല്ലില്‍ കഴിയുന്ന അരവിന്ദ് കെജ്രിവാളിന്റെ അയല്‍വാസികള്‍. രണ്ടാഴ്ചത്തേക്കാണ് കെജ്രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.
ദാവൂദ് ഇബ്രാഹിമിന്റെ കടുത്ത എതിരാളിയായ ഛോട്ടാ രാജന് കുറ്റകൃത്യങ്ങളിലൂടെ രാജ്യത്തെ വിറപ്പിച്ച് അധോലോക നായകനാണ്. ഒരു കാലത്ത് ദാവൂദിന്റെ അടുത്ത സഹായിയായിരുന്നു. പിന്നീട് ഇരുവരും തെറ്റി. കൊലപാതകം, കൊലപാതകശ്രമം, കൊള്ളയടിക്കല്‍ തുടങ്ങി നാല്‍പ്പതിലധികം കേസുകളുള്ള കുപ്രസിദ്ധ ഗുണ്ടാ നേതാവാണ് നീരജ് ബവാന. ഭീകര പ്രവര്‍ത്തനത്തിന്റെ പേരില്‍ ജയിലിലടക്കപ്പെട്ട ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകനാണ് സിയാവുര്‍ റഹ്മാന്.
മദ്യനയ കേസില്‍ കഴിഞ്ഞ വര്‍ഷം അറസ്റ്റിലായ എ എ പി നേതാവ് സഞ്ജയ് സിംഗ് നേരത്തെ ജയിലില്‍ രണ്ടാം നമ്പര്‍ ജയിലിലായിരുന്നുവെങ്കിലും അടുത്തിടെ ജയില്‍ നമ്പര്‍ അഞ്ചിലേക്ക് മാറ്റിയിരുന്നു. ദല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജയിലില്‍ ഒന്നാം നമ്പറിലും ബി ആര് എസ് നേതാവ് കെ കവിത വനിതകള്‍ക്കുള്ള ആറാം നമ്പര്‍ ജയിലിലാണ്.
തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് കോടതി ഉത്തരവ് പ്രകാരം തിഹാര്‍ ജയിലിലേക്ക് കെജ്രിവാളിനെ കൊണ്ടു വന്നത്. പ്രമേഹരോഗിയായ അദ്ദേഹത്തിന് അത്താഴത്തിന് വീട്ടില്‍ പാകം ചെയ്ത ഭക്ഷണമാണ് നല്‍കിയത്. ഒരു മെത്തയും പുതപ്പും രണ്ട് തലയിണകളും ജയില്‍ അധികൃതര്‍ അദ്ദേഹത്തിന് നല്കി. ചൊവ്വാഴ്ച രാവിലെ 6.40 ഓടെ അദ്ദേഹത്തിന് പ്രഭാതഭക്ഷണമായി ബ്രെഡും ചായയും നല്കി. പിന്നീട് അദ്ദേഹം ഒരു മണിക്കൂറിലധികം സെല്ലില്‍ ധ്യാനിക്കുകയും യോഗ ചെയ്യുകയും ചെയ്തു. കെജ്രിവാളിന്റെ ഷുഗര്‍ ലെവല്‍ കുറഞ്ഞതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ നിരീക്ഷിക്കുന്നുണ്ട്. സെല്ലിലെ സിസിടിവി ക്യാമറകളിലൂടെ അദ്ദേഹം 24 മണിക്കൂറും നിരീക്ഷണത്തിലാണെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാകുന്നതുവരെ ഉച്ചഭക്ഷണത്തിനും അത്താഴത്തിനും വീട്ടില്‍ പാകം ചെയ്ത ഭക്ഷണം കഴിക്കാന്‍ കെജ്രിവാളിന് അനുമതി നല്‍കിയതായി വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. എല്ലാ ദിവസവും അഞ്ച് മിനിറ്റ് കുടുംബാംഗങ്ങളും മറ്റുമായി ഫോണില്‍ സംസാരിക്കാന്‍ കേജ്രിവാളിന് അനുമതിയുണ്ട്. ഭാര്യ സുനിത കെജ്രിവാള്, രണ്ടു മക്കള്‍, പ്രൈവറ്റ് സെക്രട്ടറി ബിഭാവ് കുമാര്‍, എ എ പി ജനറല്‍ സെക്രട്ടറി സന്ദീപ് പഥക് എന്നിങ്ങനെ ആറ് പേരുടെ പട്ടികയാണ് കെജ്രിവാള് തനിക്ക് ഫോണില്‍ ബന്ധപ്പെടാനായി ജയിലില്‍ നല്‍കിയിട്ടുള്ളത്.