ഷാർജ: അറേബ്യൻ ഉപദ്വീപിൽ ആദിമ മനുഷ്യർ താമസിച്ചിരുന്നതിന്റെ തെളിവുകൾ ഗവേഷകർ കണ്ടെത്തി.
അൽ ഫയ പർവതത്തിൽനിന്ന് 80,000 വർഷം പഴക്കമുള്ള ഉപകരണങ്ങൾ പുരാവസ്തു ഗവേഷകർ കണ്ടെത്തി.
2,10,000 വർഷക്കാലം തുടർച്ചയായി ഈ മേഖലയിൽ മനുഷ്യ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് ഇത് വെളിപ്പെടുത്തുന്നതായി ഗവേഷകർ വ്യക്തമാക്കുന്നു.
ആർക്കിയോളജിക്കൽ ആന്റ് ആന്ത്രോപോളജിക്കൽ സയൻസസ് ജേണലിൽ പ്രസിദ്ധീകരിച്ച കുറിപ്പുകളിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്. ഷാർജ ആർക്കിയോളജി അതോറിറ്റി ജർമ്മനിയിലെയും യുകെയിലെയും സർവകലാശാലകളുമായി സഹകരിച്ചാണ് അന്താരാഷ്ട്ര ഗവേഷണ പദ്ധതി നടപ്പാക്കിയത്.
ജർമ്മൻ റിസർച്ച് ഫൗണ്ടേഷനും ഹൈഡൽബർഗ് അക്കാദമി ഓഫ് സയൻസസും ഈ ഗവേഷണ പദ്ധതിക്ക് ധനസഹായം നൽകി. മറൈൻ ഐസോടോപ്പ് സ്റ്റേജ് 5a (MIS 5a) സാങ്കേതിക വിദ്യ അവലംബിച്ചാണ് മനുഷ്യ സാന്നിധ്യം തിരിച്ചറിഞ്ഞത്.


ആദിമ മനുഷ്യർ (ഹോമോ സാപ്പിയൻസ്) അറേബ്യയിലൂടെ കടന്നുപോകുക മാത്രമല്ല, ദീർഘകാല വാസസ്ഥലങ്ങൾ ഈ മേഖലയിൽ സ്ഥാപിക്കുകയും പ്രദേശത്തിന്‍റെ കാലാവസ്ഥയുമായി പൊരുത്തപ്പെടുകയും പുതിയ ഉപകരണ നിർമ്മാണ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുകയും ചെയ്തുവെന്നാണ് പുതിയ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്.
കല്ലുകൊണ്ടുള്ള ഉറപ്പുള്ള പാളികളുടെ രണ്ടറ്റത്തും കൃത്യമായി രാകി മിനുക്കി മൂർച്ചയുള്ളതും നീളമേറിയതുമായ കത്തികളും സമാനമായ മറ്റ് ആയുധങ്ങളും ഇവർ നിർമ്മിച്ചിരുന്നതായാണ് കണ്ടെത്തൽ. ഉപയോഗക്ഷമമായ കല്ലുകൾ കാര്യക്ഷമതയോടെ വിനിയോഗിക്കുക, ഭാവിയിലെ ഉപയോഗത്തിനായി അസംസ്കൃത കല്ല് സംരക്ഷിക്കുക എന്നിവ ഇവരുടെ രീതിയായിരുന്നു. 2,10,000 മുതൽ 80,000 വർഷങ്ങൾക്ക് മുമ്പുള്ളതും അറേബ്യൻ പുരാവസ്തുശാസ്ത്രത്തിലെ അപൂർവവുമായ ഒരു പുരാവസ്തു രേഖ ഫയ പർവ്വതത്തിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ആദിമ മനുഷ്യർ തുടർച്ചയായി ഈ സ്ഥലത്ത് താമസമാക്കിയിരിക്കുകയോ പല വട്ടം ഇതേ സ്ഥലത്ത് തിരിച്ചെത്തുകയോ ചെയ്തിട്ടുണ്ടെന്ന് ലുമിനസെൻസ് ഡേറ്റിംഗ് ഉപയോഗിച്ച് നടത്തിയ പഠനത്തിൽ ഗവേഷകർ കണ്ടെത്തി.