അല്‍ബാഹ – അല്‍ബാഹ പ്രവിശ്യയില്‍ പെട്ട ഖില്‍വയില്‍ അപകടത്തെ തുടര്‍ന്ന് തീ പടര്‍ന്നുപിടിച്ച കാറില്‍ കുടുങ്ങിയ യുവാവിനെ അഞ്ചു സൗദി യുവാക്കള്‍ ചേര്‍ന്ന് ജീവന്‍ പണയംവെച്ച് സാഹസികമായി രക്ഷിച്ചു. അപകടത്തില്‍ കാറിലെ മറ്റു മൂന്നു യാത്രക്കാര്‍ മരണപ്പെട്ടു.
ഖില്‍വയിലെ മസ്ജിദിനു സമീപമാണ് അപകടം. മസ്ജിദിനു മുന്നില്‍ യുവാക്കള്‍ നമസ്‌കാര സമയമാകുന്നത് കാത്തുനില്‍ക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട കാര്‍ റോഡില്‍ നിന്ന് തെന്നിമാറി പള്ളിക്കു സമീപമുള്ള പാര്‍ക്കിലേക്ക് പാഞ്ഞുകയറിയത്. തല്‍ക്ഷണം കാറില്‍ തീ പടര്‍ന്നുപിടിച്ചു. ഇന്ധന ചോര്‍ച്ച തീ ആളിപ്പടരാന്‍ ഇടയാക്കി.
അപകടം കണ്ട് മസ്ജിദിനടുത്ത് നില്‍ക്കുകയായിരുന്ന താനും നാലു കൂട്ടുകാരും ഓടിച്ചെന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിക്കുകയായിരുന്നെന്ന് മുഹമ്മദ് ഈദ അല്‍സര്‍ഇ പറഞ്ഞു.
വലതു ഭാഗത്തെ ഡോറുകള്‍ തുറക്കാന്‍ താന്‍ ശ്രമിച്ചെങ്കിലും ഇടിയുടെ ആഘാതത്തില്‍ ഡോറുകള്‍ ലോക്കായിരുന്നു. ഈ സമയത്താണ് ഇടതുവശത്തു നിന്ന് സഹായത്തിനായുള്ള നിലവിളി കേട്ടത്. ഇതോടെ താന്‍ കാറിന്റെ ഇടതുവശത്ത് ഓടിയെത്തി ഡോര്‍ ശക്തിയില്‍ വലിച്ചുതുറന്ന് യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ചു.
ഇതിനിടെ കാറില്‍ സ്‌ഫോടനമുണ്ടായി തന്റെ വസ്ത്രത്തില്‍ തീ പടര്‍ന്നുപിടിക്കുകയും തനിക്ക് മുഖത്തും കൈകളിലും കാലുകളിലും പൊള്ളലേല്‍ക്കുകയും ചെയ്തു. ഇതോടെ തന്റെ കൂട്ടുകാരായ മസ്ജിദിലെ മുഅദ്ദിന്‍ സഈദ് അതിയ്യ അല്‍ഹുമൈദിയും സല്‍മാന്‍ മൂസ അല്‍ശദവിയും ഫൈസല്‍ ഹസന്‍ അല്‍ശദവിയും മാജിദ് അബ്ദുല്ല ഖമ്മാശും ചേര്‍ന്ന് കാറില്‍ നിന്ന് യുവാവിനെ രക്ഷിക്കുകയായിരുന്നു.
രക്ഷാപ്രവര്‍ത്തനത്തിനിടെ കൂട്ടുകാരായ ഫൈസലിനും സല്‍മാനും പൊള്ളലേറ്റു. തങ്ങളെ മൂന്നു പേരെയും കാറില്‍ നിന്ന് രക്ഷിച്ച യുവാവിനെയും റെഡ് ക്രസന്റ് സംഘം ആശുപത്രിയിലേക്ക് നീക്കുകയായിരുന്നെന്നും മുഹമ്മദ് ഈദ അല്‍സര്‍ഇ പറഞ്ഞു. തീപ്പിടിച്ച കാറില്‍ നിന്ന് സ്വന്തം ജീവന്‍ വകവെക്കാതെ മറ്റൊരാളെ രക്ഷിച്ച യുവാക്കളെ ഖില്‍വയിലെ വ്യവസായികളും കമ്പനികളും ആദരിച്ചു.