കൊച്ചി– സുരേഷ് ഗോപി ചിത്രം ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമ കാണാന്‍ ഹൈക്കോടതിയുടെ തീരുമാനം. ജസ്റ്റിസ് എന്‍ നഗരേഷ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. ശനിയാഴ്ച രാവിലെ 10 മണിക്ക് കോടതി സിനിമ കാണുമെന്ന് നിര്‍മാതാക്കളോട് വ്യക്തമാക്കി. സിനിമയുമായി ബന്ധപ്പെട്ട വിവാദം നേരിട്ട് പരിശോധിക്കാനാണ് കോടതിയുടെ തീരുമാനം. സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനം വിലക്കിയ നടപടി ചോദ്യം ചെയ്ത് നിര്‍മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. സിനിമ കാണുന്നതുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ നിര്‍മാതാക്കളോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജാനകിയെന്ന പേര് ദൈവത്തിന്റേതാണെന്ന അവകാശമുന്നയിച്ചാണ് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനം വിലക്കിയതെന്ന് നിര്‍മാതാക്കള്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
ശനിയാഴ്‌ച സിനിമ കാണുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. ശനിയാഴ്‌ച രാവിലെ പത്ത് മണിക്ക് പാലാരിവട്ടം ലാൽ മീഡിയയിൽ വച്ചാണ് ജസ്റ്റിസ് എൻ നഗരേഷിന് മുൻപാകെ സിനിമ പ്രദർശിപ്പിക്കുക.സിനിമ കണ്ടതിനുശേഷം ഹർജികൾ അടുത്ത ചൊവ്വാഴ്‌ച പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിൽ ഇടപെടുകയാണോയെന്നും ‘ജാനകി’ എന്ന പേര് ആരുടെ വികാരമാണ് വ്രണപ്പെടുത്തുന്നതെന്നും സെൻസർ ബോർഡിനോട് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു. ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിലും സംഭാഷണത്തിലും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതിന് വ്യക്തമായ കാരണമറിയിക്കാനും ജസ്റ്റിസ് എൻ നഗരേഷ് നിർദ്ദേശിച്ചിരുന്നു.
ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഒഫ് കേരള (ജെ എസ് കെ) എന്ന സിനിമയ്ക്ക് സെൻസർ ബോർഡിൻ്റെ പുനഃപരിശോധനാ സമിതിയും മാറ്റങ്ങൾ നിർദ്ദേശിച്ചിരുന്നു. ആവശ്യം പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതല്ലെന്ന് കോടതി വാക്കാൽ പറഞ്ഞു. മത, വംശീയ വികാരങ്ങളെ വ്രണപ്പെടുത്തുന്ന വാക്കുകളും ദൃശ്യങ്ങളും ഒഴിവാക്കണമെന്നാണ് സിനിമാ സർട്ടിഫിക്കേഷൻ മാർഗനിർദ്ദേശങ്ങളിൽ പറയുന്നത്. ഇന്ത്യയിൽ 80 ശതമാനം പേരുകളും ദൈവങ്ങളുമായി ബന്ധപ്പെട്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു .മാനഭംഗത്തിന് ഇരയായ കഥാപാത്രത്തിനാണ് ജാനകി എന്ന പേരെന്നും ഇത് സംസ്കാരത്തിന് എതിരാണെന്നും സെൻസർ ബോർഡിനുവേണ്ടി ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ ഒ.എം. ശാലീന ചൂണ്ടിക്കാട്ടി. ജാനകി കുറ്റം ചെയ്തയാളല്ലല്ലോ ഇരയല്ലേയെന്നും, പോരാടി ജയിച്ച നായികയല്ലേയെന്നുമാണ് കോടതി പ്രതികരിച്ചത്. സുരേഷ് ഗോപി നായകനായ ജെ എസ്.കെ കേസുകൾ മൂലം റിലീസ് നീളുകയാണ്. ജൂൺ 23നാണ് സിനിമ റിലീസ് ചെയ്യേണ്ടിയിരുന്നത്. സെൻസർബോർഡും റിവൈസിംഗ് കമ്മിറ്റിയും സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ചിരുന്നു.