തിരുവനന്തപുരം– ഏറെ വൈകിയ കീം പ്രവേശന പരീക്ഷാ ഫലം ഒടുവില്‍ പ്രസിദ്ധീകരിച്ചു. കേരള എന്‍ജിനീയറിങ് ആര്‍കിടെക്ചര്‍ മെഡിക്കല്‍ എന്‍ട്രന്‍സ് എക്സാം (കീം 2025) റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു അറിയിച്ചു.
എന്‍ജിനീയറിങ്ങില്‍ എറണാകുളം മൂവാറ്റുപുഴ സ്വദേശി വട്ടംകുളം വീട്ടില്‍ ജോണ്‍ ഷിനോജിനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് എറണാകുളം ചെറായി സ്വദേശി പൊട്ടാശ്ശേരി വീട്ടില്‍ ഹരികൃഷ്ണന്‍ ബൈജുവും മൂന്നാം റാങ്ക് കോഴിക്കോട് കാക്കൂര്‍ സ്വദേശി അക്ഷയ് ബിജു പിഎന്‍ ഉം നേടി. നാലാം റാങ്ക് മലപ്പുറം ചെമ്മാട് അഖില്‍ സായാന്‍ സ്വന്തമാക്കി. തിരുവനന്തപുരം, കവടിയാര്‍ സ്വദേശി ജോഷ്വാ ജേക്കബ് തോമസ് അഞ്ചാമതുമെത്തി.
ഫാര്‍മസി വിഭാഗത്തില്‍ ആലപ്പുഴയിലെ അനഘ അഖില്‍ ഒന്നാം റാങ്ക് നേടി. കോട്ടയത്തു നിന്നുള്ള ഋഷികേഷ് ആര്‍ ഷേണായി രണ്ടാമതും ഫാത്തിമ സുഹറ മൂന്നാം റാങ്കും കരസ്ഥമാക്കി. കോഴിക്കോട് നിന്നുള്ള താജില്‍ ഫസാരി നാലും തിരുവനന്തപുരത്ത് നിന്നുള്ള അലന്‍ ക്രിസ്റ്റഫര്‍ സിആര്‍ അഞ്ചാമതുമെ്ത്തി.
മാര്‍ക്ക് ഏകീകരണത്തില്‍ വിദഗ്ധ സമിതി നല്‍കിയ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചതോടെയാണ് ഫലം പുറത്തുവന്നത്. ശുപാര്‍ശകളില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കാതിരുന്നതോടെ കീം ഫലം വൈകിയിരുന്നു. സംസ്ഥാന സിലബസില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് നഷ്ടപ്പെടാത്ത വിധം തമിഴ്നാട് മാതൃകയില്‍ മാര്‍ക്ക് ഏകീകരണം നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു. 86,549 പേരാണ് ആകെ പരീക്ഷ എഴുതിയത്. 76,230 പേരാണ് യോഗ്യത നേടിയത്. യഥാസമയം മാര്‍ക്ക് വിവരം സമര്‍പ്പിച്ചവരെ ഉള്‍പ്പെടുത്തി 67,705 പേരുടെ എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റാണ് തയ്യാറാക്കിയിരിക്കുന്നത്. ഫാര്‍മസി എന്‍ട്രന്‍സ് വിഭാഗത്തില്‍ 33,425 പേര് പരീക്ഷ എഴുതി. 27,841പേര് റാങ്ക് ലിസ്റ്റിലുണ്ടെന്നും മന്ത്രി ബിന്ദു കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.