തിരുവന്തപുരം– രാജ്യത്തെ മികച്ച ആരോഗ്യ സംവിധാനമുള്ള സംസ്ഥാനമെന്ന് അവകാശപ്പെട്ട കേരളത്തിലെ മെഡിക്കല്‍ കോളജിലെ ദുരവസ്ഥ തുറന്നു പറഞ്ഞ ഡോ. ഹാരിസിനെ കഫീല്‍ ഖാനോട് ഉപമിച്ച് മുസ്ലിം യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. യോഗി ആദിത്യാനാഥിന്റെ ഉത്തര്‍പ്രദേശില്‍ ആശുപത്രികളുടെ ശോചനീയാവസ്ഥ തുറന്നു പറഞ്ഞ ഡോക്ടര്‍ കഫീല്‍ ഖാനെ പോലെ കേരളത്തിലെ മെഡിക്കല്‍ കോളജുകളുടെ ദയനീയാവസ്ഥ വിളിച്ചു പറഞ്ഞിരിക്കുകയാണ് ഡോക്ടര്‍ ഹാരിസ് ചിറക്കല്‍. കഫീല്‍ ഖാന് യോഗി സമ്മാനിച്ച് ജയിലറയാണെങ്കില്‍ ഇടതുപക്ഷ അനുഭാവി കൂടിയായ ഡോ. ഹാരിസിന് അച്ചടക്ക നടപടി ഭീഷണിയാണ് സമ്മാനം.
സഹോദരി ഭര്‍ത്താവും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായ കരമന ഹരിയിലൂടെ സമ്മര്‍ദ്ധത്തം ചെലുത്തി പോസ്റ്റ് പിന്‍വലിപ്പിച്ചെങ്കിലും താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹത്തിന്റെ ധീരതയെയും പി.കെ ഫിറോസ് അഭിനന്ദിച്ചു. അച്ചടക്ക നടപടിയെടുത്ത് ഡോക്ടറുമാരുടെ വായ മൂടിക്കെട്ടാമെന്ന് സര്‍ക്കാര്‍ വിചാരിക്കുന്നുണ്ടെങ്കില്‍ കഫീല്‍ ഖാന് പിന്തുണ നല്‍കിയ കേരളം ഹാരിസ് ചിറക്കലുമാരോടൊപ്പം നിലയുറപ്പിക്കുമെന്നും അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു. വെള്ളിയാഴ്ചയാണ് ഡോക്ടര്‍ ഹാരിസ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ദുരവസ്ഥ ചൂണ്ടിക്കാണിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ ചെയ്തത്.