കാസർകോട്: നാലു തവണ കാസർകോട് പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ച ‘സ്ഥാനാർത്ഥി’ ചുട്ടുപൊള്ളുന്ന വേനലിൽ ജനങ്ങളുടെ ദാഹവും ക്ഷീണവും അകറ്റുന്ന തിരക്കിലാണ്. കാഞ്ഞങ്ങാട് അരയി കണ്ടംകുട്ടി ചാലിൽ താമസിക്കുന്ന അറുപതുകാരൻ ഇസ്മായിൽ കഴിഞ്ഞ 15 വർഷമായി പാലക്കുന്ന് ടൗണിൽ തണ്ണിമത്തനും പൈനാപ്പിളും പപ്പായയും വിറ്റാണ് ഉപജീവനം തേടുന്നത്. വെയിലിന്റെ കാഠിന്യം കൂടുമ്പോൾ, ചെറുതായി വെട്ടിയരിഞ്ഞു മസാലയും ചേർത്ത് നല്ല സ്വാദോടെ ഇസ്മായിൽ നൽകുന്ന പഴവർഗങ്ങൾ കഴിക്കാൻ ആളുകൾ ഇഷ്ടം പോലെഎത്തുകയാണ്. വൈകുന്നേരം നോമ്പുതുറ വിഭവങ്ങൾ ഒരുക്കാനും ഇസ്മായിലിന്റെ തണ്ണീർ പന്തലിൽ തിരക്ക് കൂടും.
കാഞ്ഞങ്ങാട് ടി ബി റോഡ് ജങ്ഷനിൽ തണ്ണീർ പന്തൽ നടത്തി കൊണ്ടിരുന്ന ഇസ്മായിൽ നല്ല കച്ചവടം കിട്ടുമെന്ന് ഉറപ്പായതിനെ തുടർന്നാണ് പാലക്കുന്നിലേക്ക് മാറിയത്. കാസർകോട് ലോകസഭാ മണ്ഡലത്തിൽ എൽ ഡി എഫിലെ ടി ഗോവിന്ദൻ വിജയിച്ച രണ്ടു തിരഞ്ഞെടുപ്പുകളിലും 2004, 2009 വർഷങ്ങളിൽ പി കരുണാകരൻ തിരഞ്ഞെടുക്കപ്പെട്ട രണ്ടു തിരഞ്ഞെടുപ്പുകളിലും സ്വതന്ത്ര സ്ഥാനാർത്ഥി ആയിരുന്ന ഇസ്മായിൽ 15000 ത്തിനും 20000 ത്തിനും ഇടയിൽ വോട്ടുകൾ നേടിയിട്ടുണ്ട്.
പോരാട്ടവീര്യം ഇപ്പോഴും ചോർന്നിട്ടില്ലാത്ത ഇസ്മായിൽ അഞ്ചാമതും അങ്കത്തിന് തയ്യാറെടുക്കുകയാണ്. നിത്യോപയോഗ സാധന വിലക്കയറ്റം, പഴവർഗങ്ങളുടെ വിലക്കയറ്റം, അഴിമതി തുടങ്ങിയവയാണ് തിരഞ്ഞെടുപ്പിൽ വിഷയമാക്കുന്നത്. പെരിയ എയർ പോർട്ട് തുടങ്ങണം. ജയിച്ചാൽ എല്ലാവർക്കും പതിനായിരം രൂപ പെൻഷൻ നൽകുമെന്നാണ് ഇസ്മായിലിന്റെ പ്രഖ്യാപനം. രണ്ട് ലക്ഷം വോട്ട് പിടിക്കാൻ പ്രതാസമില്ലെന്ന് സ്ഥാനാർത്ഥി പറയുന്നു. നോമിനേഷൻ കൊടുക്കാൻ രേഖകളെല്ലാം തയ്യാറാക്കി കഴിഞ്ഞു. മുന്നണി സ്ഥാനാർത്ഥികൾ വന്നു പറഞ്ഞാലും ഇസ്മായിൽ സ്ഥാനാർഥിത്വം പിൻവലിക്കുന്ന പ്രശ്നമില്ല.