ആലപ്പുഴ : ആലപ്പുഴയില്‍ ഇത്തവണ ജീവന്മരണ പോരാട്ടമാണ്. കോണ്‍ഗ്രസിന്റെ ദേശീയ തലത്തിലെ രണ്ടാമനെന്ന് വിശേഷിപ്പിക്കുന്ന കെ.സി വേണുഗോപാലും കഴിഞ്ഞതവണ യുഡിഎഫ് തരംഗത്തിലും ആലപ്പുഴ പിടിച്ചടക്കിയ എ. എം ആരിഫും തമ്മിലുള്ള ഫൈറ്റാണിവിടെ. ഇതിനിടെ തെരഞ്ഞെടുപ്പിന് ചൂടും ചൂരും പകരാനായി ബി.ജെ.പിയുടെ പോരാളി ശോഭാ സുരേന്ദ്രനും രംഗത്തുണ്ട്. വേനല്‍ച്ചൂടിനെ കടത്തിവെട്ടുന്ന തെരഞ്ഞെടുപ്പ് ചൂടാണ് ആലപ്പുഴയിലെങ്ങും. അറബിക്കടലിനോട് ചേര്‍ന്ന് നീണ്ടുനിവര്‍ന്നുകിടക്കുന്ന ആലപ്പുഴ മണ്ഡലത്തില്‍ ജയപരാജയങ്ങള്‍ ഇത്തവണ പ്രവചനാതീതമാകും. പ്രചാരണം ആദ്യം തുടങ്ങിയതിന്റെ മുന്‍തൂക്കം ആരിഫിനുണ്ടെങ്കിലും വേണുഗോപാലും ശോഭാ സുരേന്ദ്രനും ഒട്ടും പിന്നിലല്ല. പാര്‍ലമെന്റില്‍ കേരളത്തില്‍ നിന്നുള്ള ഇടതുപക്ഷത്തിന്റെ കനലാണ് ആരിഫെങ്കില്‍ അത് കെടാതെ നിലനിര്‍ത്തേണ്ടത് മുന്നണിക്കും സി.പി.എമ്മിനും അത്യന്താപേക്ഷിതമാണ്. കോണ്‍ഗ്രസിനാകട്ടെ, കെ.സി വേണുഗോപാലിന്റെ വിജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാന്‍ കൂടി കഴിയില്ല. സ്ഥാനാര്‍ഥി നിര്‍ണയ വേളയില്‍ സസ്‌പെന്‍സില്‍ നിര്‍ത്തി അവസാനം രംഗപ്രവേശം ചെയ്തയാളാണ് പാര്‍ട്ടിയുടെ സംഘടനാകാര്യ ജനറല്‍ സെക്രട്ടറിയായ കെ.സി. രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാ എം.പിയായ കെ.സിയെ വിജയിപ്പിച്ചാല്‍ അവിടുത്തെ ഒരു സീറ്റ് ബി ജെ പിക്ക് നല്‍കാനാണ് ശ്രമമെന്ന പ്രചാരണമൊക്കെ ആദ്യമുണ്ടായിരുന്നെങ്കിലും അതൊക്കെ യു.ഡി.എഫ് ക്യാമ്പ് മറികടന്നു.
രണ്ടുപേര്‍ക്കും വലിയ ഉത്തരവാദിത്തമാണ് നിറവേറ്റാനുള്ളത്. സി.പി.എമ്മിന്റെ ഏക സിറ്റിംഗ് സീറ്റാണ് ആലപ്പുഴ. അത് നിലനിര്‍ത്തുകയെന്ന ഭാരിച്ച ഉത്തരവാദിത്തം ആരിഫിന്റെ ചുമലിലാകുമ്പോള്‍ എങ്ങനെയും മണ്ഡലം പിടിച്ചെടുക്കുകയെന്ന ദൗത്യമാണ് കെ.സിക്കുള്ളത്. ജില്ലയുടെ വടക്കേ അതിര്‍ത്തിയായ അരൂര്‍ മുതല്‍ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി നിയമസഭാ മണ്ഡലത്തിന്റെ തെക്കേ അതിര്‍ത്തിയായ ചെറിയഴീക്കല്‍ വരെയാണ് മണ്ഡലത്തിന്റെ ദൈര്‍ഘ്യം. അരൂരിനും കരുനാഗപ്പള്ളിക്കും പുറമെ ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം എന്നീ നിയമസഭാ മണ്ഡലങ്ങളാണ് ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലുള്ളത്. ആലപ്പുഴയ്ക്ക് സ്ഥിരമായി ആരേയും കൂട്ടുപിടിക്കുന്ന സ്വഭാവമൊന്നും പണ്ടേ ഇല്ല. നാട്ടുകാരേയും വന്നുകയറിയവരേയുമെല്ലാം ഒരുപോലെ തുണച്ചിട്ടുണ്ട്. അപ്പോഴത്തെ രാഷ്ട്രീയ സാഹചര്യവും വികസനവുമെല്ലാം കൂട്ടിക്കുഴച്ചൊരു വോട്ടുകുത്തലാണ് ആലപ്പുഴ നടത്തുക. സ്ഥാനാര്‍ഥിയുടെ വ്യക്തിത്വം, മതം, നിലപാട് എന്നിവയെല്ലാം സ്വാധീനഘടകമായി മാറും. ഈഴവ, മുസ്‌ലിം, ലാറ്റിന്‍ കത്തോലിക്ക, ധീവര വിഭാഗങ്ങള്‍ മണ്ഡലത്തിലെ വോട്ട് ബാങ്കാണ്. ഒപ്പം നായരും ഇതര ക്രൈസ്തവ വിഭാഗങ്ങളും സ്വാധീനശക്തിയായി നിലകൊള്ളാറുമുണ്ട്.
വിപ്ലവം പൂത്തുലഞ്ഞ മണ്ണെന്നൊക്കെ കമ്മ്യൂണിസ്റ്റുകാര്‍ പറയുമെങ്കിലും കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളില്‍ പലരുടെയും ജ•നാടും കര്‍മ പ്രദേശവും ആലപ്പുഴ മണ്ഡലമാണ്. പുന്നപ്രയും വയലാറും വിപ്ലവത്തിന്റെ കഥ പറയുമ്പോള്‍ എ.കെ ആന്റണിയുടെയും വയലാര്‍ രവിയുടെയും രമേശ് ചെന്നിത്തലയുടെയും ജ•നാടെന്ന ഖ്യാതി ആലപ്പുഴയ്ക്കുണ്ട്. ഒപ്പം വി.എസിന്റെയും. മറുനാട്ടുകാരായ പി.കെ വാസുദേവന്‍ നായര്‍, വി.എം സുധീരന്‍, വക്കം പുരുഷോത്തമന്‍, കെ.സി വേണുഗോപാല്‍ തുടങ്ങി പലരും കര്‍മഗൃഹമായി തെരഞ്ഞെടുത്തതും ആലപ്പുഴയാണ്.
ആലപ്പുഴയിലെ പോരാട്ടത്തിലേറേയും കോണ്‍ഗ്രസും സി.പി.എമ്മും നേരിട്ടായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യപാര്‍ലമെന്റ് തെരഞ്ഞെടുപ്പുമുതല്‍ ആലപ്പുഴ മണ്ഡലമുണ്ട്. 1952ലെ ആദ്യ തെരഞ്ഞെടുപ്പില്‍ അവിഭക്തകമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പി.ടി പുന്നൂസ് ആയിരുന്നു ജയിച്ചത്. കോണ്‍ഗ്രസിലെ എ.പി ഉദയഭാനുവിനെതിരേ 76380 വോട്ടിന്റെ ഭൂരിപക്ഷമാണ് പുന്നൂസ് നേടിയത്. 57ലെ രണ്ടാം തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയെന്ന് മണ്ഡലത്തിന്റെ പേര് മാറിയെങ്കിലും കമ്മ്യൂണിസ്റ്റ് കുത്തക തകര്‍ക്കാന്‍ കോണ്‍ഗ്രസിനായില്ല. പുന്നൂസിനെതിരേ കെ.പി.എം ഷരീഫിനെ രംഗത്തിറക്കി മുസ്‌ലിംവോട്ടുകള്‍ അനുകൂലമാക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തി. പുന്നൂസിനെ തോല്‍പിക്കാനായില്ലെങ്കിലും മുസ്‌ലിം വോട്ട് നേടാനായതിലൂടെ പുന്നൂസിന്റെ ഭൂരിപക്ഷം 30105 ആയി കുറയ്ക്കാന്‍ കഴിഞ്ഞു. മുന്‍തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷത്തിന്റെ പകുതിമാത്രം. 62ലെ മൂന്നാംലോക്‌സഭാ തെരഞ്ഞെടുപ്പ് ആയപ്പോള്‍ പോരാളികള്‍ മാറി. സിറ്റിംഗ് എം.പി പി.ടി പുന്നൂസ് തിരുവല്ലയിലേക്കും അവിടെനിന്ന് പി.കെ വാസുദേവന്‍ നായര്‍ അമ്പലപ്പുഴയിലും എത്തി. തിരുവല്ലയിലെ വിജയം അമ്പലപ്പുഴയിലും പി.കെ.വി ആവര്‍ത്തിച്ചപ്പോള്‍ പുന്നൂസ് തിരുവല്ലയില്‍ പരാജയപ്പെട്ടു. അമ്പലപ്പുഴയില്‍ പി.കെ.വിയുടെ ഭൂരിപക്ഷം 11233 വോട്ടായി കുറഞ്ഞു. പി.എസ്.പിയുടെ ബി. ജോണായിരുന്നു പി.കെ.വിയുടെ എതിരാളി. അടുത്ത ഊഴം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരന്‍ സഖാവ് എ.കെ.ജിയുടെ സഹധര്‍മ്മിണി സുശീലാഗോപാലനായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അരലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വന്‍ മുന്നേറ്റമാണ് സുശീലയിലൂടെ നടത്തിയത്. കൃത്യമായി പറഞ്ഞാല്‍ എതിരാളി കോണ്‍ഗ്രസിലെ പി.എസ് കാര്‍ത്തികേയനേക്കാള്‍ 49827 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു സുശീലയ്ക്ക്. അത്തവണ കാസര്‍കോട്ട് നിന്ന് വിജയിച്ച എ.കെ.ജിയും പാര്‍ലമെന്റിലെത്തിയതോടെ ഒരേസഭയില്‍ അംഗങ്ങളായിരുന്ന ദമ്പതികളെന്ന ഖ്യാതിക്കും ഈ കമ്മ്യൂണിസ്റ്റുകാര്‍ അര്‍ഹരായി. പിന്നീട് 1971ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സീറ്റ് ആര്‍.എസ്.പിക്ക് കോണ്‍ഗ്രസ് കൈമാറി. കെ. ബാലകൃഷ്ണന്‍ സുശീലയെ മുട്ടുകുത്തിച്ചു. വിപ്ലവമണ്ണില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യതോല്‍വി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സി.പി.ഐയും സി.പി.എമ്മുമായി പിളര്‍ന്ന് സി.പി.ഐ കോണ്‍ഗ്രസ് മുന്നണിയില്‍ ചേര്‍ന്നതിന്റെ പ്രത്യാഘാതമായിരുന്നു 71ലെ തെരഞ്ഞെടുപ്പ് ഫലം. അടിയന്തരാവസ്ഥ പിന്‍വലിച്ചശേഷം 1977ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പോരാളിയായി അന്തിക്കാട്ടുകാരന്‍ സുധീരനെത്തി. സി.പി.എമ്മിലെ ട്രേഡ് യൂണിയന്‍ നേതാവ് കരുത്തനായ ഇ. ബാലാനന്ദനെ 64016 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മലര്‍ത്തിയടിച്ച് കന്നിപ്പോരാട്ടത്തില്‍ സുധീരന്‍ ഡല്‍ഹിക്ക് ട്രെയിന്‍ കയറിയപ്പോള്‍ ആലപ്പുഴയില്‍ സി.പി.എമ്മിന്റെ തുടര്‍ച്ചയായ രണ്ടാംപരാജയമായിരുന്നു അത്. കക്ഷിബന്ധങ്ങളില്‍ വന്ന മാറ്റം 1980ലെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. കോണ്‍ഗ്രസ് (യു), കേരള കോണ്‍ഗ്രസ് (എം) കക്ഷികള്‍ ഇടതുപാളയത്തില്‍ ചേക്കേറിയപ്പോള്‍ കോണ്‍ഗ്രസിന് ആലപ്പുഴയില്‍ സ്ഥാനാര്‍ഥിയില്ലാതായി. സി.പി.എമ്മിലെ സുശീലാ ഗോപാലനെ നേരിടാന്‍ ജനതാപാര്‍ട്ടിയിലെ ഓമനപ്പിള്ള രംഗത്തെത്തിയപ്പോള്‍ സുശീലയ്ക്ക് വിജയം എളുപ്പമായി. ഭൂരിപക്ഷമാകട്ടെ 1.14 ലക്ഷം വോട്ട്. ഇന്ദിരാഗാന്ധിയുടെ വധത്തിനുശേഷം 1984ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സഹതാപ തരംഗവുമായി എത്തിയ കോണ്‍ഗ്രസിലെ വക്കംപുരുഷോത്തമന്‍ സുശീലയെ അട്ടിമറിച്ചു. 37764 വോട്ടായിരുന്നു ലീഡ്. 89ലും വക്കം വിജയം ആവര്‍ത്തിച്ചു. സി.പി.എമ്മിലെ കെ.വി ദേവദാസായിരുന്നു എതിരാളി. ഹാട്രിക് മോഹവുമായി 91ലും എത്തിയ വക്കത്തിന് സി.പി.എമ്മിലെ ടി.ജെ ആഞ്ചലോസ് എന്ന പുതുമുഖത്തിനുമുന്നില്‍ മുട്ടുമടക്കേണ്ടിവന്നു. ആഞ്ചലോസ് എന്ന യാഗാശ്വത്തെ തളയ്ക്കാന്‍ 1996ല്‍ വീണ്ടും സുധീരന്‍ ആലപ്പുഴയില്‍ എത്തിയപ്പോള്‍ വിജയം കാല്‍ലക്ഷത്തില്‍പ്പരം വോട്ടിന് സുധീരന്റേതായി. 98ല്‍ തെരഞ്ഞെടുപ്പായപ്പോള്‍ ആഞ്ചലോസിനുപകരം സി.എസ് സുജാത വന്നിട്ടും സുധീരനെ തോല്‍പിക്കാന്‍ കഴിഞ്ഞില്ല. എന്നുമാത്രമല്ല, ഭൂരിപക്ഷം അരലക്ഷത്തോളമാവുകയും ചെയ്തു. 99ല്‍ വീണ്ടും സുധീരന്‍ വിജയിയായി. അന്ന് എതിരാളി സെല്ലുലോയ്ഡില്‍ നിന്നുവന്ന താരമായിരുന്നു. നടന്‍ മുരളി. മുരളിയുടെ സിനിമാബലമൊന്നും സുധീരനുമുന്നില്‍ ഒന്നുമല്ലായിരുന്നു. തുടര്‍ന്നുവന്ന 2004ലെ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ പുതുമുഖനെന്നതിലുപരി രാഷ്ട്രീയത്തിലെ തന്നെ പുതുമുഖം ഡോ.കെ.എസ് മനോജായിരുന്നു സുധീരന്റെ എതിരാളി. പാളയത്തില്‍പ്പട സുധീരന് വിനയായപ്പോള്‍ മനോജ് പാര്‍ലമെന്റ് കണ്ടു. സുധീരന്‍ എന്ന അപരന്‍ എണ്ണായിരത്തില്‍പ്പരം വോട്ട് നേടി മനോജിന്റെ ഭൂരിപക്ഷത്തിന് മുകളില്‍ നിന്നു. സുധീരന്‍ അങ്ങനെ പരാജയം രുചിച്ചു. 2009ല്‍ ആലപ്പുഴയിലെ സിറ്റിംഗ് എം.എല്‍.എ കെ.സി വേണുഗോപാലിനെ ഇറക്കി കോണ്‍ഗ്രസ് മണ്ഡലം പിടിച്ചെടുത്തു. സിറ്റിംഗ് എം.പി ഡോ.കെ.എസ് മനോജിനെ 57000ല്‍പ്പരം വോട്ടിനാണ് കെ.സി പിന്നിലാക്കിയത്. 2014ലും കെ.സി വേണുഗോപാല്‍ വിജയിയായി. സി.പി.എം ഇറക്കിയ സി.ബി ചന്ദ്രബാബു വേണുവിന്റെ ഭൂരിപക്ഷം 19407ലേക്ക് എത്തിച്ചുവെന്നുമാത്രം. കഴിഞ്ഞതവണ സിറ്റിംഗ് സീറ്റ് നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ഇറക്കിയത് ഷാനിമോള്‍ ഉസ്മാനെയാണ്. അരൂര്‍ എം.എല്‍.എയായിരുന്ന എ. എം ആരിഫിനെ കളത്തിലിറക്കി സി.പി.എം ആലപ്പുഴ പിടിച്ചെടുത്തു. ഇത്തവണയും ആരിഫിന്റെ സ്ഥാനാര്‍ഥിത്വം ആദ്യംതന്നെ സി.പി.എം അംഗീകരിക്കുകയും ചെയ്തു.