റിലീസ് ചെയ്ത് നാലുദിവസം കൊണ്ട് 50 കോടി ക്ലബ്ബിൽ കയറി ആടുജീവിതം. ഇതോടെ പൃഥ്വിരാജ് ചിത്രം ലൂസിഫറിനൊപ്പം ഏറ്റവും വേഗത്തിൽ അൻപത് കോടി കടക്കുന്ന മലയാള സിനിമയെന്ന റെക്കോർഡും ആടുജീവിതം സ്വന്തമാക്കി. 2019ൽ പുറത്തിറങ്ങിയ ലൂസിഫറും നാലുദിവസം കൊണ്ടാണ് 50 കോടി ക്ലബ്ബിൽ ഇടം നേടിയത്.
2024ൽ റിലീസ് ചെയ്ത പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്, അന്വേഷിപ്പിൻ കണ്ടെത്തും എന്നീ ചിത്രങ്ങളും 50 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ആടുജീവിതത്തിന്റെ നേട്ടം.
ദുൽഖർ സൽമാൻ നായകനായി എത്തിയ കുറുപ്പ് ആണ് ഏറ്റവും വേഗത്തിൽ 50 കോടി ക്ലബ്ബിലെത്തിയ മൂന്നാമത്തെ മലയാള സിനിമ. അഞ്ച് ദിവസം കൊണ്ട് ഈ ചിത്രം 50കോടി തികച്ചത്.
അമൽ നീരദും മമ്മൂട്ടിയും ഒന്നിച്ച ഭീഷ്മപർവം ആണ് നാലാം സ്ഥാനത്ത്. ആറ് ദിവസം കൊണ്ടായിരുന്നു ഈ മമ്മൂട്ടി ചിത്രം 50 കോടിയിലെത്തിയത്. 2018 ആണ് അഞ്ചാം സ്ഥാനത്ത്. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സും ഏഴ് ദിവസത്തിലാണ് അൻപത് കോടിയിലെത്തിയത്.
അവധി ദിനങ്ങൾ തുടർച്ചയായി വന്നതും മറ്റു സിനിമകളുടെ റിലീസ് ഇല്ലാതിരുന്നതും ആടുജീവിതത്തിന് നേട്ടമായി. ചിത്രം റിലീസ് ചെയ്ത വ്യാഴാഴ്ച കേരളത്തിൽ നിന്നും മാത്രം നേടിയത് 4.8 കോടി രൂപയാണ്. ആഗോളകളക്ഷൻ 16.7 കോടി രൂപയാണ്. ചിത്രത്തിന്റെ നിർമാതാക്കൾ തന്നെയാണ് ഔദ്യോഗിക കളക്ഷൻ പുറത്തുവിട്ടത്.
ഇന്ത്യയിൽ നിന്നും ചിത്രം 8.78 കോടി രൂപയും വിദേശത്തു നിന്നും 7.26 കോടി രൂപയുമാണ് കളക്ട് ചെയ്തത്.
മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി കർണാടകയിൽ നിന്നും ആദ്യദിനം ഒരുകോടി രൂപ ഗ്രോസ് കലക്ഷൻ നേടുന്ന സിനിമയായും ആടുജീവിതം മാറി. തമിഴ്നാട്ടിലും മികച്ച പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്.