ശൈത്യ കാലം എന്നോ തീർന്നെങ്കിലും ഇടയ്ക്കിടെ കൂടുന്ന തണുപ്പും, ചാറൽ മഴകളും പകലുകളുടെ നീളം കൂടിക്കൂടി വരുന്നതും എല്ലാമായി ന്യൂയോർക്കിലെ വസന്തകാല റംസാൻ അങ്ങിനെ മുന്നേറിക്കൊണ്ടിരിക്കുകയാണ്.
വീടിനു തൊട്ടു മുമ്പിലെ പള്ളിയിൽ എന്നും വിവിധ സ്പോൺസർമാരുടെ വകയായി ഇഫ്താർ ഉണ്ടെങ്കിൽ കൂടി മിക്ക ദിവസങ്ങളിലും മലയാളികളല്ലാത്ത വിവിധ നാട്ടുകാരായ അയൽവാസി കുടുംബിനികളുടെ വകയായി വൈകുന്നേരങ്ങളിൽ വ്യത്യസ്തങ്ങളായ ഭക്ഷണ വിഭവങ്ങൾ വീട്ടിൽ കിട്ടിക്കൊണ്ടിരിക്കുന്നുണ്ട്. എല്ലാ വർഷവും റംസാൻ മാസത്തിൽ ഇത് ഒരു പതിവ് ആണ്. രാജ്യവും ഭാഷയും ആചാരങ്ങളും വിശ്വാസങ്ങളും വ്യത്യസ്തമാണെങ്കിലും ജാതി മത വർണ വ്യത്യാസമില്ലാതെ എല്ലാ അയൽവാസികളും സന്തോഷ പൂർവ്വം ഈ റംസാൻ ബൈറ്റ് ഏറ്റ് വാങ്ങുന്നു.
കഴിഞ്ഞയാഴ്ച ഒരു ദിവസം അവിചാരിതമായി നോമ്പു തുറക്കാൻ നാട്ടിൽ നിന്നും ഒരു അഥിതി എത്തി. സുഹൃത്തും, ഗൾഫിലെ ഭക്ഷ്യ- വസ്ത്ര വ്യാപാര രംഗത്തെ സാന്നിദ്ധ്യവും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ നെല്ലറ ശംസുവിന് യാത്രക്കിടയിൽ ന്യൂയോർക്കിൽ നിന്നും കിട്ടിയ നാട്ടിലെ രീതിയിലെ നാടൻ നോമ്പു തുറ ഏറെ ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നു.
മത സൗഹാർദ്ദവും ഐക്യവും വിളിച്ചോതുന്ന ന്യൂ ജഴ്സിയിലെ സമൂഹ നോമ്പ് തുറയാണ് ഏറെ ശ്രദ്ധേയമായത്. ന്യൂ ജഴ്സിയിലെ വുഡ് ബ്രിഡ്ജിൽ എം.എം.എൻ ജെ ( മലയാളി മുസ്ലിംസ് ഓഫ് ന്യൂ ജഴ്സി) യുടെ നേതൃത്വത്തിൽ വിവിധ മുസ്ലിം സംഘടനകൾ ചേർന്നു സംഘടിപ്പിച്ച രണ്ടാമത് ഇൻ്റർഫെയ്ത്ത് ഇഫ്താർ അമേരിക്കൻ മലയാളികളുടെ സാഹോദര്യവും സ്നേഹവും വിളിച്ചോതുന്നതായിരുന്നു.
ന്യൂയോർക്കിലെ ലോഗ് ഐലൻ്റിൽ നിന്നും ഡോക്ടർ അസീസ്, വീരാൻകുട്ടി, അബ്ദു എന്നിവരുടെ കൂടെ ഒന്നര മണിക്കൂർ യാത്ര ചെയ്താണ് സൂര്യാസ്തമയത്തിനു രണ്ടു മണിക്കൂർ മുമ്പായി ന്യൂ ജഴ്സിയിലെ എഡിസണിൽ എത്തിയത്. വുഡ്ബ്രിഡ്ജ് മേയർ ജോൺ ഇ മെക്കോമാക്ക് തൊട്ട് അമേരിക്കയിലെ ഒട്ടു മിക്ക എല്ലാ പ്രമുഖ സാമൂഹ്യ- മത- രാഷ്ട്രീയ സംഘടനകളുടെയും നേതാക്കളും, ദൃശ്യ മാധ്യമ പ്രശസ്തരും , യൂ ട്യൂബർമാരും അടക്കം എഴുനൂറിൽ പരം ആളുകൾ പങ്കെടുത്ത ഇഫ്താർ സംഗമം വ്യത്യസ്തതകളാൽ ആകർഷകമായി.
ഈയിടെ കോട്ടക്കലിൽ ആയൂർവേദ ചികിത്സ നടത്തിയ സമദ് പൊനേരി സ്വാഗത പ്രസംഗത്തിൽ, നൂറ്റാണ്ടായി നില നിൽക്കുന്ന കേരളത്തിലെ കോട്ടക്കൽ ആര്യവൈദ്യശാലയുടെ മത സൗഹാർദ്ദം എടുത്തു പറഞ്ഞ സമയം, അമേരിക്കയിലെ പ്രശസ്തമായ റോയൽ ആൽബർട്ട്സ് ഹാളിൻ്റെ സ്ക്രീനുകളിൽ വിവിധ മത ചിഹ്നങ്ങൾ ആലേഖനം ചെയ്ത കോട്ടക്കലിലെ പ്രസിദ്ധമായ ‘കൈലാസമന്ദിര കവാടം’ വർണാഭമായി തെളിഞ്ഞപ്പോൾ ഒരു കോട്ടക്കൽ സ്വദേശി എന്നതിലുപരി ആര്യ വൈദ്യശാലയുടെ ഒരു കുടുംബ സുഹൃത്ത് എന്ന നിലയിലും തികഞ്ഞ അഭിമാനവും സന്തോഷവും തോന്നി.
ഫിറോസ് കോട്ടപറമ്പിലിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന മത സൗഹാർദ്ദ സമ്മേളനത്തിൽ ഹനീഫ എരഞ്ഞിക്കൽ സോവനീർ പ്രകാശനം ചെയ്തു. തുടർന്നു മത സൗഹാർദത്തിൻ്റെ ഇന്നത്തെ പ്രാധാന്യത്തെക്കുറിച്ചും, വ്രതാനുഷ്ടാനങ്ങളെക്കുറിച്ചും അഥിതികളുടെ സംസാരങ്ങൾക്ക് ശേഷം പരിപാടി സ്പോൺസർ ചെയ്ത സുമനുസ്സകൾക്ക് മൊമൻ്റൊ വിതരണവും നടന്നു -വിവിധ മത ഗ്രന്ഥങ്ങളിലെ സാമ്യതകൾ ആസ്പദമാക്കി നടന്ന ക്വിസ് മത്സരം യുവജനങ്ങൾക്ക് ഏറെ ഇഷ്ടപ്പെട്ടു. പരിപാടികൾ ഡോക്ടർ അൻസാർ കാസിം നിയന്ത്രിച്ചു. ആദരണീയനായ അത്തിപ്പറ്റ ഉസ്താദിൻ്റെ പേരമകൻ ഹാഫിള് ജാബിർ പ്രാർഥനക്ക് നേതൃത്വം നൽകി. നുമ്പ് തുറക്ക് വിഭവ സമൃദ്ധമായ ഭക്ഷണം ഉണ്ടായിരുന്നെങ്കിലും ന്യൂ ജഴ്സിയിലെ കുടുംബിനികൾ ഒരുക്കിയ മലബാർ വിഭവങ്ങളിലാണ് പതിവ് പോലെ അഥിതികൾക്ക് ഏറെ താൽപര്യം കണ്ടത്.
മനസ്സും ശരീരവും ശുദ്ധമാക്കി പ്രാർത്ഥനകളോടെ പകൽ മുഴുവൻ ഭക്ഷണ പാനീയങ്ങൾ വർജിച്ചു വ്രതം അനുഷ്ഠിക്കുമ്പോൾ ഇവിടെയും ഇതൊരു ആർഭാടമായ ഭക്ഷണ മേളയാക്കുന്നു എന്ന് ആരും തെറ്റിദ്ധരിക്കരുത്. ക്രൂരമായി പീഡിപ്പിക്കപ്പെടുന്നവർക്ക് ഐക്യ ദാർഡ്യം പ്രകടിപ്പിക്കാനും, അന്യനാടുകളിൽ കഷ്ടപ്പെടുന്നവർക്കും പട്ടിണി കിടക്കുന്നവർക്കും സഹായ സഹകരണങ്ങൾ ചെയ്യുവാനും മറ്റു രാജ്യക്കാരെ അപേക്ഷിച്ചു അമേരിക്കൻ ജനത എന്നും ഒരു പിടി മുന്നിൽ തന്നെയാണ് . കൂടാതെ ഇത്തരം സഹായങ്ങൾക്കു വേണ്ടി ഫണ്ട് സമാഹരണ ഇഫ്താർ മീററുകളും ഇവിടെ സർവ്വ സാധാരണം.