മക്ക: പരിശുദ്ധ റമദാനിലെ അവസാന രാത്രികളില്‍ സംഭവിക്കുന്ന ആയിരം രാവുകളെക്കാള്‍ ശ്രേഷ്ഠമായ ലൈലത്തുല്‍ ഖദറില്‍ സൃഷ്ടാവിന്റെ കാരുണ്യത്തില്‍ പ്രത്യാശയുള്ളവരായി ആരാധനകള്‍ നിര്‍വഹിക്കാന്‍ വിശ്വാസികളെ ആഹ്വാനം ചെയ്ത് മക്ക ഹറം ഇമാം ഡോ. ശൈഖ് ഡോ.അബ്ദുല്ല അവ്വാദ് അല്‍ ജുഹനി. പരിശുദ്ധ മക്കയിലെ മസ്ജിദ് അല്‍ ഹറമില്‍ വെള്ളിയാഴ്ച (ഖുത്ബ) പ്രഭാഷണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ശൈഖ് അല്‍ ജുഹനി. പുണ്യകര്‍മങ്ങളുടെ വസന്തകാലമായ റമദാനില്‍ സൃഷ്ടാവിലേക്കു മടങ്ങാന്‍ നോമ്പിനു പുറമെ നിരവധി സല്‍കര്‍മ്മങ്ങള്‍ പ്രവാചകനായ മുഹമ്മദ് നബി തിരുമേനി പഠിപ്പിച്ചിട്ടുണ്ട്. ലൈലത്തുല്‍ ഖദറിലെ പുണ്യം പ്രതീക്ഷിച്ച് ആരാധനാര്‍മ്മങ്ങളും പ്രാര്‍ത്ഥനാ കീര്‍ത്തനങ്ങളും പരിശുദ്ധ ഖുര്‍ആന്‍ പാരായണവുമായി മസ്ജിദുകളില്‍ കഴിഞ്ഞു കൂടുന്ന ഇഅ്തികാഫ് കര്‍മ്മം നബി തിരുമേനി പതിവായി ചെയ്യാറുണ്ടായിരുന്നു. റമദാനിലെ മറ്റു ദിനരാത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി അലസാന പത്തു രാത്രികളില്‍ മുണ്ട് മുറുക്കിയുടുത്ത് നബി തിരുമേനി ആരാധന കര്‍മ്മങ്ങളില്‍ മുഴുകുമായിരുന്നു. ദാനധര്‍മ്മങ്ങള്‍ വര്‍ധിപ്പിക്കുകയും അല്ലാഹുവിന്റെ കാരുണ്യത്തിനു വിധേയരാകാന്‍ പശ്ചാത്താപ വിവശരായ മനസുകളുമായി പ്രതീക്ഷയോടെ ആരാധന കര്‍മ്മങ്ങള്‍ നിര്‍വഹിക്കുകയും വേണം.
ലൈലത്തുല്‍ ഖദര്‍ ഏതെങ്കിലും പ്രത്യേക ദിവസത്തില്‍ സംഭവിക്കുമെന്ന് വ്യക്തമായി പറയാതെ റമദാനിലെ അവസാന പത്തില്‍ സംഭവിക്കുമെന്ന് പഠിപ്പിക്കുക വഴി റമദാനിലെ അവസാന ദിനരാത്രങ്ങളെ കൂടുതല്‍ സജീവമാക്കി മാറ്റാന്‍ വിശ്വാസികളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. ലൈലത്തുല്‍ ഖദറിന്റെ രാവില്‍ ഞാന്‍ ഏതെങ്കിലും പ്രത്യേക പ്രാര്‍ത്ഥന ചൊല്ലേണ്ടതുണ്ടോ എന്ന് നബി തിരുമേനിയോട് പത്‌നിയായിരുന്ന ആയിശ അന്വേഷിച്ചപ്പോള്‍ അല്ലാഹുവേ നീ വിട്ടു വീഴ്ച ഇഷ്ടപ്പെടുന്നവനായതിനാല്‍ എന്നോടും മാപ്പു ചെയ്യേണേ എന്നു പ്രാര്‍ത്ഥിക്കാനായിരുന്നു നബി തിരുമേനി നിര്‍ദേശിച്ചത്. വിശ്വാസികളുടെ ജീവിതത്തില്‍ ലഭിക്കുന്ന അസുലഭ മുഹൂര്‍ത്തമായ ലൈലത്തുല്‍ ഖദർ നേടിയെടുത്ത് ജീവിതത്തിലും മരണാനന്തരവും വിജയികളാകാന്‍ ശൈഖ് അബ്ദുല്ല അവ്വാദ് അല്‍ ജുഹനി അഭ്യര്‍ത്ഥിച്ചു.