മക്ക: സൗദി റെഡ് ക്രസന്റ് അതോറിറ്റിയുടെ ഹജ് പ്രവര്‍ത്തന പദ്ധതിയുടെ ഭാഗമായി ഉയര്‍ന്ന തലത്തിലുള്ള അടിയന്തര സേവനങ്ങള്‍ നല്‍കാന്‍ ഈ വര്‍ഷത്തെ ഹജ് സീസണില്‍ 7,500 ലേറെ പാരാമെഡിക്കുകളും ജീവനക്കാരും സേവനമനുഷ്ഠിക്കും. മക്കയിലും മദീനയിലും പുണ്യസ്ഥലങ്ങളിലുമായി 1,500 ലേറെ ആംബുലന്‍സ് യൂനിറ്റുകള്‍ റെഡ് ക്രസന്റ് പ്രവര്‍ത്തിപ്പിക്കും. വേഗത്തിലുള്ള ലഭ്യതയും ഗുണനിലവാരമുള്ള പരിചരണവും ഉറപ്പാക്കാന്‍ 55 ലേറെ അഡ്വാന്‍സ്ഡ് കെയര്‍ ഫിസിഷ്യന്‍മാരുടെ പിന്തുണയോടെ 7,500 ലേറെ പാരാമെഡിക്കുകള്‍ ഇത്തവണത്തെ ഹജ് സീസണില്‍ റെഡ് ക്രസന്റിനു കീഴില്‍ സേവനമനുഷ്ഠിക്കുന്നതായി സൗദി റെഡ് ക്രസന്റ് അതോറിറ്റി ഔദ്യോഗിക വക്താവ് ഡോ. തൈമൂര്‍ ശുക്‌റുല്ല ജാന്‍ പറഞ്ഞു. ഉയര്‍ന്ന തലത്തിലുള്ള അടിയന്തര സേവനങ്ങള്‍ നല്‍കാനുള്ള അതോറിറ്റിയുടെ പൂര്‍ണ സുസജ്ജതയും തയാറെടുപ്പും ഇത് പ്രതിഫലിപ്പിക്കുന്നു.
റെഡ് ക്രസന്റിന്റെ ഹജ് പദ്ധതിയില്‍ പൂര്‍ണമായും സജ്ജീകരിച്ച 680 ലേറെ ആംബുലന്‍സുകളും ഏത് സാഹചര്യത്തിലും ദ്രുത ഇടപെടല്‍ സാധ്യമാക്കുന്ന പ്രത്യേക വാഹനങ്ങളും ഉപകരണങ്ങളും ഉള്‍പ്പെടുന്നു. ഉയര്‍ന്ന തലത്തിലുള്ള പ്രതികരണ കൃത്യത കൈവരിക്കാനായി സുരക്ഷാ, ആരോഗ്യ വകുപ്പുകളുമായി ട്രാക്കിംഗ്, നിരീക്ഷണം, സംയോജനം എന്നിവക്കായി അതോറിറ്റി സ്മാര്‍ട്ട് സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്.
ഈ വര്‍ഷത്തെ ഹജിന് 7,500 ലേറെ പാരാമെഡിക്കുകള്‍ അടങ്ങിയ 1,500 ലേറെ ആംബുലന്‍സ് യൂനിറ്റുകള്‍ അതോറിറ്റി പ്രയോജനപ്പെടുത്തുന്നുണ്ട്. സ്ഥലങ്ങളുടെ സ്വഭാവത്തിനും വ്യത്യസ്ത ജനസാന്ദ്രതക്കും അനുസൃതമായി പ്രത്യേകം രൂപകല്‍പന ചെയ്ത വൈവിധ്യമാര്‍ന്ന വാഹനങ്ങള്‍ ഈ സീസണില്‍ അതോറിറ്റി ഉപയോഗിക്കുന്നു.
ആംബുലന്‍സുകള്‍, ദ്രുത പ്രതികരണ വാഹനങ്ങള്‍, ദുര്‍ഘടമായ ഭൂപ്രദേശങ്ങള്‍ക്കായുള്ള പ്രത്യേക പ്രതികരണ വാഹനങ്ങള്‍, ആംബുലന്‍സ് ബസുകള്‍, തിരക്കേറിയ പ്രദേശങ്ങളിലേക്ക് വേഗത്തില്‍ എത്തിച്ചേരാനുള്ള മോട്ടോര്‍ സൈക്കിളുകള്‍, ഇടുങ്ങിയ ഇടങ്ങള്‍ക്കുള്ള ഗോള്‍ഫ് കാര്‍ട്ടുകള്‍, ഇലക്ട്രിക് വീല്‍ചെയറുകള്‍, മൊബൈല്‍ ബെഡുകള്‍ എന്നിവ ഈ സംവിധാനത്തില്‍ ഉള്‍പ്പെടുന്നു.
വാഹനങ്ങളുടെ ചലനങ്ങള്‍ നിരീക്ഷിക്കാനും ഗതാഗത, മെഡിക്കല്‍ കണ്‍ട്രോള്‍ റൂമുകളുമായി തത്സമയ ആശയവിനിമയം നടത്താനും പ്രാപ്തമാക്കുന്ന സംയോജിത സ്മാര്‍ട്ട് സംവിധാനങ്ങള്‍ ഈ വാഹനങ്ങളില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇത് മാര്‍ഗനിര്‍ദേശത്തിന്റെ കാര്യക്ഷമതയും ഫീല്‍ഡ് തീരുമാനങ്ങളുടെ കൃത്യതയും വര്‍ധിപ്പിക്കുന്നു. ഫീല്‍ഡ് ആവശ്യങ്ങളെ കുറിച്ചുള്ള സമഗ്രമായ ധാരണയെ അടിസ്ഥാനമാക്കിയുള്ള പ്രൊഫഷണല്‍ പ്രതികരണത്തിലേക്കുള്ള അതോറിറ്റിയുടെ നീക്കത്തെ ഇത് പ്രതിഫലിപ്പിക്കുന്നു.
ഏറ്റവും പുതിയ മെഡിക്കല്‍ ഉപകരണങ്ങള്‍ സജ്ജീകരിച്ച 686 ആംബുലന്‍സുകള്‍ ഹജിന് അതോറിറ്റി ഉപയോഗപ്പെടുത്തുന്നു. 686 ആംബുലന്‍സുകളും 425 സപ്പോര്‍ട്ട് വെഹിക്കിളുകള്‍ ഉള്‍പ്പെടെയുള്ള ലൈറ്റ് വെഹിക്കിളുകളും ഇലക്ട്രിക് വാഹനങ്ങളും മോട്ടോര്‍ സൈക്കിളുകളും ദുര്‍ഘടമായ പരിസ്ഥിതികള്‍ക്കായി പ്രത്യേകം തയാറാക്കിയ 11 വാഹനങ്ങളും ഒമ്പത് എയര്‍ ആംബുലന്‍സുകളും അടക്കമുള്ളവ അതോറിറ്റി ഹജിന് ഉപയോഗപ്പെടുത്തും.
എല്ലാ വാഹനങ്ങളിലും സ്മാര്‍ട്ട് ട്രാക്കിംഗ് സംവിധാനങ്ങള്‍, ഡിജിറ്റല്‍ കണ്‍ട്രോള്‍ പാനലുകള്‍, ഓപ്പറേഷന്‍സ് റൂമുമായി നേരിട്ടുള്ള ആശയവിനിമയ ഉപകരണങ്ങള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പുകളിലെ കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്ററുകളുമായുള്ള ഇലക്‌ട്രോണിക് സംയോജനവും ഇവയുടെ സവിശേഷതയാണ്. ഇത് പ്രതികരണ സമയം കുറക്കാനും ടീമുകളെ കൃത്യമായി നയിക്കാനും ഫീല്‍ഡ് പ്രകടനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
തിരക്കേറിയ സമയങ്ങളില്‍ സന്നദ്ധത ഉറപ്പാക്കുന്നതിന്, സ്ഥിരമായ ഫീല്‍ഡ് മെയിന്റനന്‍സ് പോയിന്റുകള്‍, പരിശോധനകളിലും ദ്രുത അറ്റകുറ്റപ്പണികളിലും വൈദഗ്ധ്യമുള്ള സാങ്കേതിക സംഘങ്ങള്‍, പ്രവര്‍ത്തന ക്ഷീണം തടയുന്ന തൊഴില്‍ ഷെഡ്യൂള്‍, എല്ലാ വാഹനങ്ങള്‍ക്കും ദൈനംദിന സാങ്കേതിക നിരീക്ഷണ സംവിധാനം എന്നിവ ഉള്‍പ്പെടുന്ന ശക്തമായ പ്രവര്‍ത്തന പദ്ധതി അതോറിറ്റി സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രാലയം, സിവില്‍ ഡിഫന്‍സ്, പൊതുസുരക്ഷാ വകുപ്പ്, സര്‍വീസ് ഏജന്‍സികള്‍ എന്നിവ ഉള്‍പ്പെടുന്ന സംയുക്ത ഓപ്പറേഷന്‍സ് റൂമുകളുടെ ഭാഗമായാണ് റെഡ് ക്രസന്റ് അതോറിറ്റി പ്രവര്‍ത്തിക്കുന്നത്.
ഉന്നതതല ഫീല്‍ഡ് ഏകോപന സംവിധാനങ്ങള്‍ സജീവമാക്കിയിട്ടുണ്ട്. മുന്‍കൂട്ടി പഠിച്ച പ്രവര്‍ത്തന പദ്ധതികളുടെയും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നു. ഈ ശക്തമായ ഏകോപനം ഏതെങ്കിലും ക്രമരഹിതമായ സംഭവങ്ങള്‍ തടയാനും തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കാനും അടിയന്തര ഇടപെടലുകള്‍ സുഗമമായി നടപ്പാക്കാനും സഹായിക്കുന്നു. തീര്‍ഥാടകരെ സുരക്ഷിതമായും കാര്യക്ഷമമായും സേവിക്കുക എന്ന പ്രാഥമിക ലക്ഷ്യമുള്ള ഏകീകൃത ദേശീയ സംവിധാനത്തിന്റെ ഭാഗമാണ് സൗദി റെഡ് ക്രസന്റ് അതോറിറ്റിയെന്നും ഡോ. തൈമൂര്‍ ശുക്‌റുല്ല ജാന്‍ പറഞ്ഞു.