തെഹ്‌റാൻ: ഇറാനെതിരായ ഏതൊരു സൈനിക നടപടിക്കും കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ സൈന്യവും സമാന്തര സേനയായ റെവല്യൂഷണറി ഗാർഡും മുന്നറിയിപ്പ് നൽകി. എൺപതുകളിലെ യുദ്ധത്തിൽ രാജ്യത്തിന്റെ തെക്കുപടിഞ്ഞാറുള്ള ഖോറാംഷഹർ നഗരം ഇറാൻ തിരിച്ചുപിടിച്ചതിന്റെ വാർഷികാചരണത്തോടനുബന്ധിച്ചാണ് ഇറാനെതിരായ ആക്രമണങ്ങൾക്കെതിരെ സൈന്യവും റെവല്യൂഷണറി ഗാർഡും പ്രസ്താവനകളിൽ മുന്നറിയിപ്പ് നൽകിയത്.
ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായിൽ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇറാൻ സേനകളുടെ മുന്നറിയിപ്പ്. ഇസ്രായിൽ ആക്രമണത്തെ കുറിച്ച റിപ്പോർട്ടുകൾ ഇറാനിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ രോഷാകുലമായ പ്രതികരണങ്ങൾക്ക് കാരണമായി.
ഏതെങ്കിലും ശത്രുതാപരമായ നടപടി ഉണ്ടായാൽ നിർണായകവും വിനാശകരവും അപ്രതീക്ഷിതവുമായ തിരിച്ചടി ഉണ്ടാകുമെന്ന് റെവല്യൂഷണറി ഗാർഡ് പ്രസ്താവനയിൽ ഭീഷണി മുഴക്കി. ഇറാന്റെ ഏറ്റവും പ്രധാന ശത്രുക്കളാണ് അമേരിക്കയും ഇസ്രായിലും. ഇറാനെതിരായ ഏതൊരു ആക്രമണത്തിനും പശ്ചിമേഷ്യൻ മേഖലയിലെ തന്ത്രപരമായ അധികാര സമവാക്യങ്ങളെ മാറ്റിമറിക്കുന്ന തിരിച്ചടിയായിരിക്കും നേരിടേണ്ടി വരികയെന്നും പ്രസ്താവനയിൽ പറഞ്ഞു.
ഇറാന്റെ അഖണ്ഡത, സ്വാതന്ത്ര്യം, സുരക്ഷ എന്നിവ സംരക്ഷിക്കാൻ മറ്റു സായുധ സേനകളുമായി സഹകരിച്ച് അവസാന തുള്ളി രക്തം വരെയും ചിന്താൻ തങ്ങളുടെ സൈന്യം സജ്ജമാണെന്ന് ഇറാൻ സൈന്യം വ്യക്തമാക്കി. ഇറാന്റെ ശത്രുക്കൾ വിവിധ ഗൂഢാലോചനകളിലൂടെ ഇറാന്റെ അടിത്തറ ദുർബലപ്പെടുത്താനും തകർക്കാനും ശ്രമിക്കുന്ന സമയത്താണ് ഞങ്ങൾ ഖോറാംഷഹർ നഗരം തിരിച്ചുപിടിച്ചതിന്റെ വാർഷികം ആഘോഷിക്കുന്നതെന്ന് സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ആണവ പ്രശ്‌നത്തിൽ അമേരിക്കയുമായുള്ള ചർച്ചകൾ നമുക്ക് അനുകൂലമായി അവസാനിക്കണമെങ്കിൽ, നമ്മൾ അമേരിക്കക്കാരെ ശക്തമായി നേരിടണം. ചർച്ചകൾക്കിടയിൽ സായുധ സേന പൂർണ സുസജ്ജമാകണം. ശത്രു ഇറാനെ ആക്രമിച്ചാൽ അവർക്ക് മാരകമായ തിരിച്ചടി ലഭിക്കണം. ഇറാനിലെ ആണവോർജ സംഘടന മുൻ മേധാവി ഫെറൈദൂൻ അബ്ബാസി ഇറാൻ വാർത്താ ഏജൻസിയായ ഇസ്‌നയോട് പറഞ്ഞു. അമേരിക്കക്കും ഇസ്രായിലിനും ഇറാൻ ആണവ പദ്ധതിയിൽ മാത്രമല്ല, ഇറാൻ ഭരണകൂടത്തോടു തന്നെ പ്രശ്‌നമുണ്ട്.
പാശ്ചാത്യർക്ക് അത്യാഗ്രഹമുള്ളിടത്തോളം കാലം ആണവ ചർച്ചകൾ വിജയിക്കില്ല. ഇന്ന്, ലോകത്ത് ആണവായുധങ്ങൾക്ക് ഒരു പങ്കുമില്ല, അവ സുരക്ഷക്ക് സംഭാവന നൽകുന്നില്ല. ഇന്ത്യയും പാകിസ്താനും പോലെ അവ കൈവശം വെക്കുന്നത് ഒരു സന്തുലിതാവസ്ഥ കൈവരിക്കും. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് എന്നിവയെ നേരിടുന്നതിൽ റഷ്യയും ചൈനയും ചെയ്യുന്നതും ഇതു തന്നെയാണ്. അഹങ്കാരികളായ പടിഞ്ഞാറിനെ നേരിടാൻ ഇസ്‌ലാമിക ലോകത്തിന് അതിന്റേതായ ശക്തി ഉണ്ടായിരിക്കണം. പടിഞ്ഞാറൻ രാജ്യങ്ങൾക്ക് നമ്മളുമായി ഉള്ള അടിസ്ഥാന പ്രശ്‌നം ഇസ്‌ലാമിക വിപ്ലവത്തിന്റെ അടിത്തറയാണ്. അല്ലാതെ യുറേനിയം സമ്പുഷ്ടീകരണ അനുപാതമല്ല. ഈ തർക്കം പരിഹരിക്കപ്പെടാത്തതിനാൽ ചർച്ചകൾ വിജയിക്കാൻ സാധ്യതയില്ല -ഫെറൈദൂൻ അബ്ബാസി പറഞ്ഞു.
ആണവ പ്രശ്‌നത്തിൽ നയതന്ത്ര പ്രക്രിയ മന്ദഗതിയിലായിരിക്കുന്ന സമയത്ത്, തങ്ങളുടെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഏതൊരു സൈനിക നടപടിയും സ്വീകരിക്കുന്നതിനെതിരെ ഇറാൻ അമേരിക്കക്കും ഇസ്രായിലിനും മുന്നറിയിപ്പ് നൽകി. ഇറാനെ ആക്രമിച്ചാൽ ഇസ്രായിൽ ശക്തവും നിർണായകമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് റെവല്യൂഷണറി ഗാർഡ് പറഞ്ഞു. ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ഇസ്രായിൽ ആക്രമണം നടത്തിയാൽ അമേരിക്ക നിയമപരമായ ഉത്തരവാദിത്തം വഹിക്കേണ്ടിവരുമെന്ന് ഇറാൻ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന് അയച്ച കത്തിൽ പറഞ്ഞു.
ഇറ്റാലിയൻ തലസ്ഥാനമായ റോമിൽ ഒമാൻ മധ്യസ്ഥതയിൽ വെള്ളിയാഴ്ച നടന്ന അഞ്ചാം റൗണ്ട് ഇറാൻയു.എസ് ചർച്ചകളുടെ തലേന്നാണ് യു.എൻ സെക്രട്ടറി ജനറലിന് ഇറാൻ വിദേശ മന്ത്രി കത്തയച്ചത്.
ആണവ പ്രശ്‌നത്തിൽ ഇറാനുമായി നയതന്ത്ര കരാറിലെത്താൻ ഡൊണാൾഡ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നതിനിടെ, ഇറാൻ ആണവ കേന്ദ്രങ്ങൾക്കെതിരായ ആക്രമണത്തിനുള്ള തയാറെടുപ്പുകൾ ഇസ്രായിൽ ത്വരിതപ്പെടുത്തുകയാണെന്ന് യു.എസ് ഇന്റലിജൻസ് വിവരങ്ങൾ വെളിപ്പെടുത്തി.
ഇറാൻ ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തുന്ന കാര്യത്തിൽ ഇതുവരെ ഇസ്രായിൽ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും ഇസ്രായിലിന്റെ ഉദ്ദേശ്യങ്ങളെ കുറിച്ച് അമേരിക്കക്ക് ഭിന്നതയുണ്ടെന്നും അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സി.എൻ.എൻ പറഞ്ഞു. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ പദ്ധതി പൂർണമായും ഇല്ലാതാക്കുന്നതിൽ വരാനിരിക്കുന്ന കരാർ പരാജയപ്പെട്ടാൽ, ആക്രമണത്തിനുള്ള സാധ്യത ഗണ്യമായി വർധിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.
അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാൻ ആണവ കേന്ദ്രങ്ങൾക്കെതിരെ ഇസ്രായിൽ അതിവേഗ ആക്രമണം നടത്താൻ തയാറെടുക്കുകയാണെന്ന് ഇസ്രായിലി വൃത്തങ്ങൾ പറഞ്ഞു. ഇറാനുമായുള്ള ആണവ ചർച്ചകളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്യാൻ ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടുത്തിടെ നിരവധി മുതിർന്ന മന്ത്രിമാരുമായും സുരക്ഷാ, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായും വളരെ സെൻസിറ്റീവ് ആയ ഒരു കൂടിക്കാഴ്ച നടത്തി. ഇറാന്റെ ആണവ പദ്ധതി പൂർണമായും നിർത്തലാക്കണമെന്ന് നെതന്യാഹു നിർബന്ധം പിടിക്കുന്നു. ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് തടയാനുള്ള തന്റെ പ്രതിബദ്ധത അദ്ദേഹം വ്യക്തമാക്കി.
ഇറാനെതിരായ ആക്രമണത്തിന് ഇസ്രായിൽ സൈന്യം പരിശീലനവും മറ്റ് തയാറെടുപ്പുകളും നടത്തിയതായി രണ്ട് ഉറവിടങ്ങളെ ഉദ്ധരിച്ച് ഇസ്രായിൽ അനുകൂല വാർത്താ വെബ്‌സൈറ്റ് ആയ ആക്‌സിയോസ് റിപ്പോർട്ട് ചെയ്തു. ധാരാളം പരിശീലനങ്ങൾ ഉണ്ടായിരുന്നു. യുഎസ് സൈന്യം എല്ലാം കാണുകയും ഇസ്രായിൽ തയ്യാറെടുക്കുകയാണെന്ന് അറിയുകയും ചെയ്യുന്നു -ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. ആണവ കരാർ ആസന്നമാണെന്ന് വിശ്വസിക്കുന്നതിൽ നിന്ന്, ചർച്ചകൾ ഉടൻ തന്നെ തകരുമെന്ന് വിശ്വസിക്കുന്നതിലേക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇസ്രായിലി ഇന്റലിജൻസ് അവരുടെ വിലയിരുത്തൽ മാറ്റിയതായി ബന്ധപ്പെട്ടവർ പറഞ്ഞു.
ആണവ ചർച്ചകളിൽ കാര്യമായ പുരോഗതിയൊന്നും കൈവരിക്കാതെ അമേരിക്കയുടെയും ഇറാന്റെയും പ്രതിനിധികൾ റോം വിട്ടു. പക്ഷേ, പുതിയ ചർച്ചകൾ നടത്താനുള്ള സന്നദ്ധത അവർ പ്രകടിപ്പിച്ചു. ഇറാൻ ആണവ വിഷയത്തിൽ തർക്ക പ്രശ്‌നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. അതിൽ ഏറ്റവും പ്രധാനം യുറേനിയം സമ്പുഷ്ടീകരണ വിഷയമാണെന്ന് എ.എഫ്.പി റിപ്പോർട്ട് ചെയ്തു. പാശ്ചാത്യ രാജ്യങ്ങൾ, പ്രധാനമായും അമേരിക്കയും ഇസ്രായിലും, ഇറാൻ ആണവായുധം സ്വന്തമാക്കാൻ ഉദ്ദേശിക്കുന്നതായി സംശയിക്കുന്നു. എന്നാൽ, ഇറാൻ ഏതെങ്കിലും സൈനിക ആണവ അഭിലാഷങ്ങൾ തങ്ങൾക്കുള്ളതായി നിഷേധിക്കുന്നു.
ഇറാൻ നിലവിൽ യുറേനിയം സമ്പുഷ്ടീകരണം 60 ശതമാനമാക്കി ഉയർത്തുകയാണെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി പറയുന്നു.
ഇത് 2015-ൽ പ്രധാന പാശ്ചാത്യ ശക്തികളുമായുള്ള ആണവ കരാറിൽ നിശ്ചയിച്ചിരുന്ന 3.67 ശതമാനം പരിധിയേക്കാൾ വളരെ കൂടുതലാണ്. 2018-ൽ അമേരിക്ക ആ കരാറിൽ നിന്ന് പിന്മാറി. അമേരിക്കയുടെ നീക്കത്തിന് മറുപടിയായി, കരാറിലെ നിബന്ധനകൾ ഇനി പാലിക്കേണ്ടതില്ലെന്ന് ഇറാനും പ്രഖ്യാപിച്ചു. പരസ്പരവിരുദ്ധമായ നിലപാടുകളാണ് മറ്റൊരു തർക്കവിഷയം. ആണവ വിഷയത്തിലും ഉപരോധങ്ങൾ പിൻവലിക്കുന്നതിലും മാത്രമായി ചർച്ചകൾ പരിമിതപ്പെടുത്തണമെന്ന് ഇറാൻ നിർബന്ധം പിടിക്കുന്നു.
ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിക്കെതിരായ നടപടിയുടെ അഭാവമാണ് 2018-ൽ അന്താരാഷ്ട്ര ആണവ കരാറിൽ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റത്തിന് കാരണമായി കണക്കാക്കുന്നത്. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതി അമേരിക്കയുടെ സഖ്യകക്ഷിയായ ഇസ്രായിലിന് ഭീഷണിയായി കണക്കാക്കപ്പെടുന്നു.
ഇറാന് യുറേനിയം സമ്പുഷ്ടീകരിക്കാനും മിസൈലുകൾ വികസിപ്പിക്കാനുമുള്ള കഴിവ് നിഷേധിക്കുന്ന ഒരു കരാറിലെത്താൻ ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഏപ്രിലിൽ അമേരിക്കയോട് ആവശ്യപ്പെട്ടു. അമേരിക്കയുടെ യുക്തിരഹിതമായ ആവശ്യങ്ങളോടുള്ള അതൃപ്തിയും അമേരിക്കൻ ഉദ്യോഗസ്ഥരുടെ പരസ്പരവിരുദ്ധമായ നിലപാടുകളെ കുറിച്ചുള്ള പരാതികളും ഇറാൻ മറച്ചുവെച്ചിട്ടില്ല.
ഉപരോധങ്ങളുടെ പ്രശ്‌നമാണ് മറ്റൊരു തർക്കവിഷയം. ചർച്ചകൾക്കിടെ ഇറാനെതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയതിന് അമേരിക്കയുടെ ശത്രുതാപരമായ നിലപാടിനെ ഇറാൻ അപലപിച്ചു. ആണവ, സൈനിക, ബാലിസ്റ്റിക് മിസൈൽ പദ്ധതികളിൽ ചില വസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്ന് അവകാശപ്പെട്ട് അമേരിക്കൻ വിദേശ മന്ത്രാലയം ബുധനാഴ്ച ഇറാൻ നിർമാണ മേഖലയെ ലക്ഷ്യം വെച്ച് ഉപരോധം പ്രഖ്യാപിച്ചു.