കൊച്ചി: വിഴിഞ്ഞത്ത് നിന്നും കൊച്ചിയിലേക്കു വന്ന ലൈബീരിയൻ ചരക്ക് കപ്പൽ എം.എസ്.സി എൽസ 3 പൂർണ്ണമായും അറബിക്കടലിൽ മുങ്ങിത്താഴ്ന്നു. കപ്പൽ മുങ്ങിത്തുടങ്ങിയതോടെ അവസാന നിമിഷങ്ങളിൽ ക്യാപ്റ്റനെയും എൻജിനീയർമാരെയും കപ്പലിൽനിന്ന് മാറ്റി രക്ഷപ്പെടുത്തി. ക്യാപ്റ്റനടക്കം മൂന്നുപേർ ഇന്ത്യൻ നേവിയുടെ ഐ.എൻ.എസ് സുജാതയിലാണ് രക്ഷപ്പെട്ടത്.
കടലിൽ വീണ കണ്ടെയ്‌നറുകൾ തീരത്തടിയുകയാണെങ്കിൽ, എറണാകുളം തീരത്തോ ആലപ്പുഴ തീരത്തോ ഇന്ന് ഉച്ചയ്ക്ക് ശേഷം കണ്ടേക്കാം എന്നതാണ് സാധ്യതയായി കെ.എസ്.ഡി.എം.എ പറയുന്നത്. സംസ്ഥാനത്തെ തീരദേശത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ അപകടകരമായ നില കാണുന്നില്ലെങ്കിലും തീരത്ത് ജാഗ്രത പാലിക്കാനാണ് നിർദേശം. കടലിൽ വീണ കണ്ടെയ്‌നറുകൾ കരയ്ക്കടിഞ്ഞാൽ ആളുകൾ തൊടരുതെന്ന് അപകടമുണ്ടായപ്പോൾ തന്നെ ദേശീയ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു. കണ്ടെയ്‌നറുകൾ കേരള തീരത്ത് അടിഞ്ഞാൽ ആരും അടുത്തേക്ക് പോകരുത്. 112 ലേക്ക് ഉടൻ വിളിക്കാനാണ് നിർദ്ദേശം.
കൊച്ചി തീരത്തു നിന്നു 38 നോട്ടിക്കൽ മൈൽ അകലെ ഇന്നലെയാണ് കപ്പൽ ചരിഞ്ഞത്. വിഴിഞ്ഞം തുറമുഖത്തു നിന്നും പുറപ്പെട്ട ഫീഡർ ചരക്കുകപ്പൽ കൊച്ചി പുറംകടലിൽ അപകടത്തിൽപെടുകയായിരുന്നു. കടൽക്ഷോഭത്തെ തുടർന്ന് കപ്പൽ ചരിയുകയും കണ്ടെയ്‌നറുകൾ കടലിൽ വീഴുകയുമായിരുന്നുവെന്നാണ് പറയുന്നത്. കപ്പലിലെ കണ്ടെയ്‌നറുകളിൽ അപകടകരമായ രാസവസ്തുക്കൾ ഉണ്ടാകാമെന്ന മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.