ജിദ്ദ: ഹജ് പെര്‍മിറ്റില്ലാത്ത 75 പേരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച് ഹജ് സുരക്ഷാ സേനയുടെ പിടിയിലായ 20 പേരെ ഇത്തരം നിയമ ലംഘനങ്ങള്‍ പരിശോധിച്ച് വിധി പ്രസ്താവിക്കുന്ന സീസണല്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികള്‍ ശിക്ഷിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പന്ത്രണ്ടു സൗദി പൗരന്‍മാര്‍ക്കും എട്ടു വിദേശികള്‍ക്കുമാണ് ശിക്ഷ. ഇവര്‍ക്ക് തടവും ഒരു ലക്ഷം റിയാല്‍ വരെ പിഴയുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം വിദേശികളെ സൗദിയില്‍ നിന്ന് നാടുകടത്തി പത്തു വര്‍ഷത്തേക്ക് പ്രവേശന വിലക്കേര്‍പ്പെടുത്താനും വിധിയുണ്ട്. ഹജ് പെര്‍മിറ്റില്ലാത്തവരെ കടത്താന്‍ ഉപയോഗിച്ച വാഹനങ്ങള്‍ കണ്ടുകെട്ടാനും തീരുമാനമുണ്ട്. തസ്‌രീഹ് ഇല്ലാതെ ഹജ് നിര്‍വഹിക്കാന്‍ ശ്രമിച്ച് മക്കയിലേക്ക് കടക്കുന്നതിനിടെ പിടിയിലായവര്‍ക്ക് 20,000 റിയാല്‍ വരെ പിഴ ചുമത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അതിനിടെ, വ്യാജ ഹജ് സര്‍വീസ് സ്ഥാപനങ്ങളുടെ പേരില്‍ തട്ടിപ്പുകള്‍ നടത്തിയ യെമനി യുവാവിനെ മക്ക പ്രവിശ്യയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഹജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുണ്യസ്ഥലങ്ങളില്‍ താമസ, യാത്രാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കുമെന്ന് സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യം ചെയ്താണ് യുവാവ് തട്ടിപ്പുകള്‍ നടത്തിയത്. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു.
ഹജ് പെര്‍മിറ്റില്ലാത്ത രണ്ടു വനിതകള്‍ അടക്കം ഒമ്പതു വിദേശികളെ സ്വന്തം കാറില്‍ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച സൗദി പൗരനെ ഹജ് സുരക്ഷാ സേന പിടികൂടി. നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ പത്തു പേരെയും പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി.