കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രശസ്തനായ ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. മുതന്ന സര്‍താവിയുടെ കുവൈത്ത് പൗരത്വം പിന്‍വലിച്ച് കുവൈറ്റ് ഗവണ്‍മെന്റ് ഉത്തരവ് പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസം 157 പേരുടെ കുവൈത്ത് പൗരത്വം പിന്‍വലിച്ച് കുവൈത്ത് ഗവണ്‍മെന്റ് രണ്ടു ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. ഇക്കൂട്ടത്തിലാണ് ഡോ. മുതന്ന സര്‍താവിയുടെ പൗരത്വവും റദ്ദാക്കിയത്.
വ്യാജ വിവരങ്ങളും രേഖകളും സമര്‍പ്പിച്ചും വളഞ്ഞ വഴികളിലൂടെയും കുവൈത്ത് പൗരത്വം സമ്പാദിച്ചവരും അവരുടെ ആശ്രിതരും അടക്കം പതിനായിരക്കണക്കിനാളുകളുടെ പൗരത്വം ഏതാനും മാസങ്ങള്‍ക്കിടെ കുവൈത്ത് പിന്‍വലിച്ചിട്ടുണ്ട്. ഡോക്ടര്‍മാരും അധ്യാപകരും മാധ്യമപ്രവര്‍ത്തകരും സുരക്ഷാ സൈനികരും നടീനടന്മാരും ഗായികമാരും അടക്കമുള്ളവരുടെ പൗരത്വമാണ് പിന്‍വലിച്ചിരിക്കുന്നത്. അനധികൃത രീതിയില്‍ കുവൈത്ത് പൗരത്വം നേടിയവരുടെ കേസുകള്‍ പഠിക്കാന്‍ സര്‍ക്കാര്‍ ഉന്നതതല കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൗരത്വം പിന്‍വലിക്കുന്നത്.
അതേസമയം, സിറിയന്‍ പൗരത്വമുള്ള വിരമിച്ച കുവൈത്ത് സൈനികനെ കുവൈത്ത് ക്രിമിനല്‍ കോടതി ഏഴു വര്‍ഷം തടവിന് ശിക്ഷിച്ചു. ഇദ്ദേഹത്തിന് 9,61,000 കുവൈത്തി ദീനാര്‍ പിഴ ചുമത്തിയിട്ടുമുണ്ട്. ജോലിയില്‍ നിന്ന് പിരിച്ചുവിടാനും വിധിയുണ്ട്. മരിച്ചുപോയ കുവൈത്തി പൗരന്റെ മകനാണെന്ന് അവകാശപ്പെട്ടാണ് പ്രതി വ്യാജമായി കുവൈത്ത് പൗരത്വം നേടിയയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. വ്യാജമായി പൗരത്വം നേടിയതിലൂടെ നിയമവിരുദ്ധമായി ശമ്പളം, പെന്‍ഷന്‍, വാടക അലവന്‍സുകള്‍ എന്നിവ സിറിയക്കാരന്‍ കൈക്കലാക്കി. സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്യുന്ന താമസസ്ഥലം കൈക്കലാക്കാനും സിറിയക്കാരന്‍ ശ്രമിച്ചു.
പബ്ലിക് ഇന്‍സ്റ്റിറ്റൂഷന്‍ ഫോര്‍ സോഷ്യല്‍ സെക്യൂരിറ്റിയില്‍ നിന്ന് 22,430 ദീനാര്‍ അനധികൃതമായി കൈക്കലാക്കിയതായും പബ്ലിക് പ്രോസിക്യൂഷന്‍ പ്രതിക്കെതിരെ കുറ്റം ചുമത്തി. സ്ഥാപനത്തിലെ ജീവനക്കാരുടെ മുമ്പാകെ ഹാജരായി വ്യാജ പൗരത്വ സര്‍ട്ടിഫിക്കറ്റ്, സിവില്‍ ഐ.ഡി കാര്‍ഡ് അടക്കമുള്ള വ്യാജ രേഖകള്‍ സമര്‍പ്പിച്ച് വിരമിക്കല്‍ പെന്‍ഷന്‍ ആവശ്യപ്പെട്ട് പ്രതി പണം തട്ടിയെടുക്കുകയായിരുന്നു. പതിവ് വിരമിക്കല്‍ പെന്‍ഷന്‍ നല്‍കാന്‍ പബ്ലിക് ഇന്‍സ്റ്റിറ്റൂഷന്‍ ഫോര്‍ സോഷ്യല്‍ സെക്യൂരിറ്റിയോട് പ്രതി ആവശ്യപ്പെടുകയും അതുവഴി നിയമവിരുദ്ധമായി വന്‍തുക കൈക്കലാക്കുകയുമായിരുന്നു.
ക്യാപ്.
ഡോ. മുതന്ന സര്‍താവി