ജിദ്ദ: പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി എത്തിയ മൂന്നിയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മൊയ്തീൻ കുട്ടി മൂന്നിയൂരിന് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം നൽകി. ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് അസീസ് ലാക്കൽ, മൊയ്തീൻ കുട്ടി മൂന്നിയൂരിന് ബൊക്കെ നൽകി സ്വീകരിച്ചു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവാസി പോഷക സംഘടനയായ ഒ.ഐ.സി.സി നടത്തുന്ന ജീവകാരുണ്യ, സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങൾ മാതൃപ്രസ്ഥാനത്തിന് വലിയ കരുത്ത് പകരുന്നുവെന്ന് മൊയ്തീൻ കുട്ടി മൂന്നിയൂർ അഭിപ്രായപ്പെട്ടു. ആഗോളതലത്തിൽ ഏറ്റവും സജീവമായ ഘടകമായ ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനങ്ങളെ അദ്ദേഹം ശ്ലാഘിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഹജ്ജിനായി പുണ്യഭൂമിയിലെത്തുന്ന ലക്ഷക്കണക്കിന് തീർത്ഥാടകർ അറഫയിലും മിനായിലും സംഗമിക്കുമ്പോൾ, അവർക്ക് സഹായം നൽകുന്നതിനായി ഒ.ഐ.സി.സി സൗദി നാഷണൽ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഹജ്ജ് വളണ്ടിയർമാരുടെ പ്രവർത്തനങ്ങളെ മൊയ്തീൻ കുട്ടി മൂന്നിയൂർ പ്രത്യേകം പ്രശംസിച്ചു.
സ്വീകരണ ചടങ്ങിൽ മൈനോറിറ്റി കോൺഗ്രസ് ജില്ലാ സെക്രട്ടറി മുജീബ് പാക്കട, റീജ്യണൽ പ്രസിഡന്റ് ഹക്കീം പാറക്കൽ, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ഇസ്മയിൽ കൂരിപ്പൊയിൽ, യു.എം. ഹുസ്സൈൻ മലപ്പുറം, ഫൈസൽ മക്കരപറമ്പ്, കമാൽ കളപ്പാടൻ, അനസ് തുവ്വൂർ, കെ.പി. ഉസ്മാൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.