അബുദാബി: അബുദാബിയിലെ ഒരു ബിസിനസ് ഫോറത്തിൽ പങ്കെടുക്കുന്നതിനിടെ അപ്രതീക്ഷിതമായ ഒരു സമ്മാനം യുഎസ് പ്രസിഡന്‍റ് ട്രംപിന് ലഭിച്ചു.
അബുദാബിയിലെ മർബൻ എണ്ണപ്പാടത്തിൽ ഉൽപ്പാദിപ്പിക്കുന്ന “അസംസ്കൃത എണ്ണയുടെ ഷാംപെയ്ൻ” എന്ന് വിളിക്കപ്പെടുന്ന ലോകത്തെ ഏറ്റവും ഗുണ നിലവാരമുള്ള എണ്ണയായിരുന്നു സമ്മാനം.
യുഎഇ വ്യവസായ, നൂതന സാങ്കേതിക മന്ത്രിയും അഡ്‌നോക് മാനേജിങ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബറാണ് എണ്ണ സമ്മാനിച്ചത്. സാന്ദ്രത കുറഞ്ഞതും മധുര രസമുള്ളതുമായ എണ്ണയാണിത്. സൾഫറിന്‍റെ അളവ് കുറവായതുകൊണ്ടാണ് ഇതിന് മധുര രസമുണ്ടാകുന്നത്.
ഇത്തരം ക്രൂഡോയിൽ ശുദ്ധീകരിക്കാൻ എളുപ്പവും ചെലവ് കുറവുമാണ്. മർബൻ എണ്ണയുടെ സവിശേഷതകൾ ചോദിച്ചറിഞ്ഞ ശേഷം ട്രംപ് പറഞ്ഞ കമന്‍റ് സദസ്സിൽ ചിരി പടർത്തി. ‘ ഈ ഗ്രഹത്തിലെ ഏറ്റവും ഉയർന്ന ഗുണനിലവാരമുള്ള എണ്ണയാണ് അവർ എനിക്ക് തന്നത്. എന്നാൽ ഒരു തുള്ളി മാത്രമേ തന്നുള്ളൂ… അതിനാൽ സന്തോഷമില്ല.’ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
തൊട്ടുപിന്നാലെ ഇതിന്‍റെ വീഡിയോ പങ്കുവെച്ച് അഡ്‌നോക് ഓൺ എക്‌സിന്‍റെ ഔദ്യോഗിക ഹാൻഡിലിൽ മറുപടിയുമെത്തി. “വിഷമിക്കേണ്ട, അത് എവിടെ നിന്നാണോ ലഭിച്ചത് അവിടെ ഇനിയും ധാരാളം ഉണ്ട്,” യുഎസ് പ്രസിഡന്റിനെയും വൈറ്റ് ഹൗസ് പേജുകളെയും ടാഗ് ചെയ്ത് ഒരു ഇമോജി ഉൾപ്പെടെ പങ്കുവെച്ചുകൊണ്ടായിരുന്നു അഡ്‌നോക്കിന്‍റെ മറുപടി.