ന്യൂഡല്‍ഹി– നീറ്റ് പരീക്ഷക്കിടെ വൈദ്യുതി മുടങ്ങിയത് പേപ്പറിലെ പ്രകടനത്തെ ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മധ്യപ്രദേശ് ഹൈക്കോടതി. മെയ് 4ന് നടന്ന നീറ്റ് യു.ജി പരീക്ഷക്കിടെ മധ്യപ്രദേശിലെ ഇന്‍ഡോറിന്റെ പലഭാഗങ്ങളിലും മോശം കാലാവസ്ഥ കാരണം വൈദ്യുതി തടസ്സപ്പെട്ടിരുന്നു. ജനറേറ്റര്‍ സംവിധാനങ്ങളോ ഇന്‍വേറ്ററുകളോ ഇല്ലാത്ത നഗരത്തിലെ ചില പരീക്ഷാ കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികള്‍ മെഴുകുതിരി വെളിച്ചത്തില്‍ പരീക്ഷയെഴുതാന്‍ നിര്‍ബന്ധിതരായി എന്ന് ഹര്‍ജിക്കാരിയുടെ അഭിഭാഷകന്‍ അവകാശപ്പെട്ടു.
മെയ് 16ന് വാദം കേട്ട ജസ്റ്റിസ് സുബോധ് അഭ്യങ്കര്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പാക്കുന്നതില്‍ അധികാരികള്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി. അടുത്തവാദം കേള്‍ക്കുന്നതുവരെ നീറ്റ് യുജി പരീക്ഷാഫലം പ്രഖ്യാപിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. നേരത്തെ നോട്ടീസ് നല്‍കിയിട്ടും ഹിയറിങ്ങിന് ഹാജറാകാത്തതിന് പരീക്ഷാ അധികാരികളെ കോടതി വിമര്‍ശിച്ചു. കേസില്‍ അടുത്ത വാദം ജൂണ്‍ 30ന് നടക്കും. ഇപ്പോഴത്തെ കോടതിയുടെ സ്‌റ്റേ ഉത്തരവ് ഏകദേശം 21 ലക്ഷം യുജി ഉദ്യോഗാര്‍ത്ഥികളെ അനിശ്ചിതത്തിലാക്കിയിരിക്കുകയാണ്. സ്‌റ്റേ എല്ലാവരെയും ബാധിക്കുമോ അല്ലെങ്കില്‍ കുറച്ച് പരീക്ഷാ കേന്ദ്രങ്ങളെ മാത്രമാണോ ബാധിക്കുന്നത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല