വിവര്‍ത്തനത്തില്‍ വിപ്ലവം സൃഷ്ടിച്ച വി. അബ്ദുല്ല
വൈക്കം മുഹമ്മദ് ബഷീറിന്റേയും എം.ടി വാസുദേവന്‍ നായരുടേയും മലയാറ്റൂര്‍ രാമകൃഷ്ണന്റേയും സേതുവിന്റേയും മറ്റും രചനകള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി പ്രശസ്തനായ വി. അബ്ദുല്ല ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിച്ച മഹാപ്രതിഭാശാലിയായിരുന്നു. ഒരു പക്ഷേ കേരളത്തിന്റെ സാംസ്‌കാരികലോകം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ, പ്രസാധനത്തിലും പരിഭാഷയിലും നൂതനവും കാലോചിതവുമായ മാറ്റങ്ങള്‍ കൊണ്ടു വന്ന പ്രവാസി കൂടിയായിരുന്നു അദ്ദേഹം.
ഹൈദരബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രസിദ്ധമായ ഓറിയന്റ് ലോംഗ്മാന്‍ പ്രസാധക കമ്പനിയുടെ ചെന്നൈയിലെ ഡയരക്ടറായി ഒരു പതിറ്റാണ്ടുകാലം സേവനമനുഷ്ഠിച്ചിട്ടുള്ള വി. അബ്ദുല്ല 2003 മേയ് പതിനാറിന് കണ്ണൂരില്‍ അന്തരിക്കുമ്പോള്‍ ധൈഷണികരംഗത്ത് നിരവധി അടയാളങ്ങള്‍ ബാക്കിവെച്ചിരുന്നു. വിവര്‍ത്തന സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ഡല്‍ഹിയിലെ പ്രശസ്തമായ എന്‍.ഡി മെഹ്‌റ മെമ്മോറിയല്‍ ഫൗണ്ടേഷന്റെ ‘യാത്ര’ പുരസ്‌കാരമുള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ അബ്ദുല്ലയെത്തേടിയെത്തിയിരുന്നു. ആര്‍.കെ നാരായണ്‍, ഉര്‍ദു കവി ഇന്‍തിസാര്‍ അഹമ്മദ് എന്നിവര്‍ക്കാണ് മുമ്പ് യാത്ര അവാര്‍ഡ് ലഭിച്ചിരുന്നത്.
വൈക്കം മുഹമ്മദ് ബഷീറിന്റെ പൂവമ്പഴം, ശബ്ദങ്ങള്‍, മതിലുകള്‍, പ്രേമലേഖനം, എം.ടിയുടെ വാരിക്കുഴി, അസുരവിത്ത്, എസ്.കെ പൊറ്റെക്കാടിന്റെ വിഷകന്യക, മലയാറ്റൂരിന്റെ വേരുകള്‍ തുടങ്ങി മലയാളത്തില്‍ പ്രസിദ്ധമായ നിരവധി കഥകളും നോവലുകളും വി. അബ്ദുല്ല ഇംഗ്ലീഷിലേക്ക് മൊഴിമാറ്റുകയും കേരളത്തിനു പുറത്തുള്ള നിരവധി വായനക്കാരുടെ ഭാവുകത്വത്തെ പുതുക്കിപ്പണിയുകയും ചെയ്തു. ഓറിയന്റ് ലോംഗ്മാന്റെ പ്രസിദ്ധീകരണ വിഭാഗം മേധാവിയായിരുന്ന കാലത്താണ് അധികം മലയാള കഥകളും അദ്ദേഹം പരിഭാഷപ്പെടുത്തിയത്. റിട്ടയര്‍ ചെയ്ത ശേഷം പ്രൊഫ. ആഷറോടൊപ്പം 1935 മുതല്‍ 1965 വരെയുള്ള കാലഘട്ടത്തിലെ തെരഞ്ഞെടുത്ത കഥകള്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി.

ബഷീര്‍, എം.ടി, എന്‍.പി, എസ്.കെ പൊറ്റെക്കാട്, ഉറൂബ്, തിക്കോടിയന്‍ തുടങ്ങിയവരുടെ ‘കോഴിക്കോടന്‍ കോലായ’കളിലെ സജീവമായ സര്‍ഗസാന്നിധ്യമായിരുന്നു അബ്ദുല്ല. മുസ്‌ലിംലീഗിന്റെ പരമോന്നത നേതാവായിരുന്ന ബഡേക്കണ്ടി പോക്കര്‍ സാഹിബിന്റെ (ബി. പോക്കര്‍ സാഹിബ് എം.പി) മകനായി തിക്കോടിയില്‍ ജനിച്ച അബ്ദുല്ലയ്ക്ക് രാഷ്ട്രീയത്തിനു പകരം സാഹിത്യത്തിലും സിനിമയിലുമായിരുന്നു ചെറുപ്പത്തിലേ താല്‍പര്യം. മദ്രാസ് ക്രിസ്ത്യന്‍ കോളേജിലും മദ്രാസ് ലോ കോളേജിലുമായിരുന്നു വിദ്യാഭ്യാസം. ഇരുപത്തൊന്നാം വയസ്സില്‍ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത അബ്ദുല്ല പൊതുപ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോയില്ല. സര്‍ഗപരമായ സാധനയിലേക്കായിരുന്നു അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള സഞ്ചാരം. അഭിഭാഷകവൃത്തിയും ഇടയ്ക്ക് വെച്ച് നിര്‍ത്തി. കവിയും ചലച്ചിത്രകാരനുമായ പി. ഭാസ്‌കരന്‍ മാഷുമായുള്ള സൗഹൃദം വളര്‍ന്നതും മദിരാശിജീവിതകാലത്താണ്.
കുറച്ചുകാലം അമ്മാവനോടൊപ്പം കോഴിക്കോട്ട് ബിസിനസ് ചെയ്തു. ഇക്കാലത്താണ് സിനിമാഭ്രമം തലയ്ക്ക് പിടിച്ചത്. 1962 ല്‍ ഭാഗ്യജാതകം എന്ന സിനിമ നിര്‍മിച്ചു. പി. ഭാസ്‌കരന്‍ മാഷായിരുന്നു സംവിധാനം. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഭാസ്‌കരന്‍ മാഷെക്കൊണ്ടു തന്നെ സംവിധാനം ചെയ്യിച്ച അമ്മയെ കാണാന്‍, ആദ്യകിരണങ്ങള്‍, ശ്യാമളച്ചേച്ചി എന്നീ പടങ്ങളും അബ്ദുല്ല നിര്‍മിച്ചു. കെ.എസ്. സേതുമാധവന്‍ സംവിധാനം ചെയ്ത ‘ദാഹം’ എന്ന ചിത്രത്തിന്റെ നിര്‍മാതാവും അബ്ദുല്ല തന്നെ.
കോഴിക്കോട്ടെ ക്ഷീരകര്‍ഷകരെ ഒന്നിപ്പിക്കുകയും മലബാറിലെ ആദ്യത്തെ പാല്‍ സൊസൈറ്റിക്ക് രൂപം നല്‍കുകയും ചെയ്തത് വി. അബ്ദുല്ലയായിരുന്നു. എം.ടി എഴുതിയിട്ടുണ്ട്: വൈക്കത്ത് നിന്ന് ബഷീറിനെ കോഴിക്കോട്ട് കൊണ്ടു വരികയും ബേപ്പൂരില്‍ നിന്ന് കല്യാണം കഴിപ്പിച്ച് അദ്ദേഹത്തെ കോഴിക്കോട്ടുകാരനാക്കുകയും ചെയ്തതില്‍ വലിയ പങ്ക് വഹിച്ചയാളാണ് അബ്ദുല്ല.
പോക്കര്‍ സാഹിബിന്റെ മകന്‍
ഓള്‍ ഇന്ത്യ മുസ്‌ലിംലീഗിന്റെ സമുന്നത നേതാവും പ്രമുഖ പാര്‍ലമെന്റേറിയനും ഇന്ത്യയുടെ കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി അംഗവുമായിരുന്ന ബി. പോക്കര്‍ സാഹിബിന്റേയും റാബിയ ഉമ്മയുടേയും മകനായ അബ്ദുല്ല എഴുത്തിന്റേയും വായനയുടേയും ലോകത്ത് തന്റെ പ്രതിഭ തെളിയിച്ചു. 1890 ല്‍ ജനിച്ച പോക്കര്‍ സാഹിബ് മദ്രാസ് ലോ കോളേജില്‍ നിന്ന് ബിരുദമെടുത്ത് മദ്രാസ് ഹൈക്കോടതിയില്‍ അഭിഭാഷകനായി.
മുസ്‌ലിംകള്‍ക്ക് പ്രത്യേക സംവരണമണ്ഡലങ്ങള്‍ അനുവദിക്കണമെന്ന ആവശ്യവുമായി മൊണ്ടേഗു പ്രഭുവിനെ സമീപിച്ചതോടെയാണ് പോക്കര്‍ സാഹിബ് പൊതുരംഗത്തേക്കിറങ്ങിയത്. 1921 ലെ മലബാര്‍ കലാപത്തില്‍ പങ്കെടുക്കുകയും കലാപത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി ദുരിതാശ്വാസപ്രവര്‍ത്തനം നടത്തുകയും ചെയ്ത പോക്കര്‍ സാഹിബിന് മലബാറിലെ മുസ്‌ലിംകള്‍ക്കിടയില്‍ വ്യാപകമായ സ്വീകാര്യത ലഭിച്ചു. മദിരാശി കേന്ദ്രമായി സൗത്ത് ഇന്ത്യന്‍ മുസ്ലിം എജുക്കേഷനല്‍ സൊസൈറ്റി സ്ഥാപിച്ചത് പോക്കര്‍ സാഹിബായിരുന്നു. പില്‍ക്കാലത്ത് അബ്ദുല്ല ഇതിന്റെ സംഘാടകരിലൊരാളായി. മുസ്‌ലിം ലീഗില്‍ ചേര്‍ന്ന പോക്കര്‍ സാഹിബ് മദ്രാസില്‍ നിന്നുള്ള ഭരണഘടനാ അസംബ്ലി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1952 മുതല്‍ 1962 വരെ മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുസ്‌ലിം ലീഗംഗമായിരുന്നു ബി. പോക്കര്‍ സാഹിബ്. ഇംഗ്ലീഷിലും മലയാളത്തിലും ഉജ്വലമായി പ്രസംഗിച്ച പാര്‍ലമെന്റേറിയനായിരുന്നു പോക്കര്‍ സാഹിബ്.
ഇംഗ്ലീഷ് പരിഭാഷയില്‍ പുതുമ കൊണ്ടു വന്ന വി.അബ്ദുല്ല, പദാനുപദ വിവര്‍ത്തനമല്ല നടത്തിയത്. വിവര്‍ത്തനത്തില്‍ ചോര്‍ന്നുപോകുന്നതെന്തോ അതാണ് കവിത എന്ന ആംഗലേയ കവിവാക്യം ഓരോ മൊഴിമാറ്റത്തിലും അബ്ദുല്ല സസൂക്ഷ്മം അനുസ്മരിച്ചു, ജാഗ്രതയോടെ അനുസരിച്ചു. അത് കൊണ്ടു തന്നെ ഏറെ പാരായണക്ഷമതയുള്ളതായിരുന്നു അദ്ദേഹത്തിന്റെ ഓരോ വിവര്‍ത്തനകൃതിയും. പല പുസ്തകങ്ങളും നന്നായി വിറ്റു പോയി.
ജീവിതസഖി ഉമ്മി അബ്ദുല്ല

അമ്മായിയുടെ മകള്‍, തിക്കോടിക്കാരി ഉ്മ്മി അബ്ദുല്ലയെയാണ് (ഉമ്മു ആയിശ)
വി. അബ്ദുല്ല വിവാഹം ചെയ്തത്. എഴുത്തുകാരി ബി.എം സുഹ്‌റ, കാര്‍ട്ടൂണിസ്റ്റ് ബി.എം ഗഫൂര്‍ എന്നിവരുടെ സഹോദരിയാണ് ഉമ്മി. ഇംഗ്ലീഷിലും മലയാളത്തിലും നിരവധി പാചകപുസ്തകങ്ങള്‍ രചിച്ചിട്ടുള്ള ഉമ്മി. 2013 ല്‍ ഹജ് കര്‍മം നിര്‍വഹിക്കാന്‍ ബി.എം. സുഹ്‌റയോടൊപ്പം വന്നിരുന്നു. അന്ന് അവര്‍ ഇരുവരുമായി കൂടിക്കാഴ്ച നടത്താന്‍ അവസരം ലഭിച്ചു.
എ കിച്ചണ്‍ ഫുള്‍ ഓഫ് സ്റ്റോറീസ് എന്ന തലക്കെട്ടിലുള്ള ഉമ്മി അബ്ദുല്ലയുടെ ഇംഗ്ലീഷ് പാചകഗ്രന്ഥം പ്രസിദ്ധ പത്രപ്രവര്‍ത്തകന്‍ എന്‍. റാം ചെന്നൈയില്‍ ആറു വര്‍ഷം മുമ്പ് പ്രകാശനം ചെയ്തു. മലബാര്‍ മുസ്ലിം കുക്കറി, ദ എപ്പിക്യൂര്‍ കുക്കറി എന്നിവയാണ് മറ്റു ഇംഗ്ലീഷ് പുസ്തകങ്ങള്‍.

പാചകറാണികളും പാചകനളന്മാരും അടുക്കളയില്‍ നിന്ന് അരങ്ങിലെത്തി ചാനലുകളിലും റീലുകളിലും കുക്കിംഗ് വിധികള്‍ വേവിച്ചു കൊടുക്കുന്ന ഇക്കാലത്ത് മലയാളി വായനക്കാര്‍ക്ക് ആദ്യമായി അച്ചടിലിപിയില്‍ ഭക്ഷണരീതികള്‍ പാചകം ചെയ്ത് കൊടുത്ത രണ്ടു വനിതകളെ മറക്കാനാവില്ല. മിസിസ് കെ.എം. മാത്യുവിനേയും ഉമ്മി അബ്ദുല്ലയേയും. മദ്രാസിലിരുന്ന് മലയാളികള്‍ക്കായി പാചകക്കുറിപ്പുകള്‍ എഴുതിക്കൊണ്ടാണ് ഉമ്മി അബ്ദുല്ലയുടെ തുടക്കം. ഭര്‍ത്താവ് നന്നായി പ്രോല്‍സാഹിപ്പിച്ചു. അതിഥികളെ സല്‍ക്കരിച്ചുകൊല്ലുന്ന തലശ്ശേരിയുടെ താവഴിയാണ് ഉമ്മിയുടേത്. ഉമ്മിയുടെ ആദ്യത്തെ മലയാളം പാചകഗ്രന്ഥത്തിന് വൈ്ക്കം മുഹമ്മദ് ബഷീറാണ് അവതാരിക എഴുതിയിട്ടുള്ളത്.
വി. അബ്ദുല്ലയുടെ സ്മരണ നിലനിര്‍ത്താന്‍ മികച്ച മലയാളം- ഇംഗ്ലീഷ് വിവര്‍ത്തകര്‍ക്ക് പുരസ്‌കാരം നല്‍കി വരുന്നു. പ്രേമാ ജയകുമാര്‍, ഗീതാ കൃഷ്ണന്‍ കുട്ടി, ജയശ്രീ കളത്തില്‍ എന്നിവര്‍ക്കാണ് മുന്‍വര്‍ഷങ്ങളില്‍ ഈ പുരസ്‌കാരം ലഭിച്ചത്.
കണ്ണൂര്‍ വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ് ജനറല്‍ മാനേജര്‍ കമാലുദ്ദീന്റെ പത്‌നി ലൈല, ലിബിയയില്‍ എന്‍ജിനീയറായിരുന്ന ജലാലുദ്ദീന്റെ പത്‌നി സിതാര, കംപ്യൂട്ടര്‍ വിദഗ്ധനായ ഫിറോസ് എന്നിവരാണ് വി. അബ്ദല്ല – ഉമ്മി അബ്ദുല്ല ദമ്പതികളുടെ മക്കള്‍.