ജിദ്ദ: സൗദി വിഷന്‍ 2030 ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി, വാഹന വ്യവസായ മേഖലയില്‍ നിന്ന് ദേശീയ സമ്പദ്‌വ്യവസ്ഥക്ക് അധിക മൂല്യം സൃഷ്ടിക്കാനും ആഗോള തലത്തില്‍ സൗദി സമ്പദ്‌വ്യവസ്ഥയുടെ മത്സരശേഷി വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് വാഹന വ്യവസായം പ്രാദേശികവല്‍ക്കരിക്കുന്നതില്‍ സൗദി അറേബ്യ ആത്മവിശ്വാസത്തോടെയും വേഗത്തിലുള്ളതുമായ മുന്നേറ്റം നടത്തുകയാണെന്ന് വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ് പറഞ്ഞു. ജിദ്ദക്കു സമീപം റാബിഗില്‍ കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയില്‍ പ്രത്യേക സാമ്പത്തിക മേഖലയില്‍ സ്ഥിതി ചെയ്യുന്ന കിംഗ് സല്‍മാന്‍ ഓട്ടോമൊബൈല്‍ കോംപ്ലക്‌സില്‍ ഹ്യുണ്ടായ് പ്ലാന്റിന്റെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
രാജ്യത്ത് വാഹന വ്യവസായം പ്രാദേശികവല്‍ക്കരിക്കാനുള്ള പ്രയാണത്തിലെ പ്രധാന നാഴികക്കല്ലാണ് ഹ്യൂണ്ടായ് പ്ലാന്റ്. സൗദിയില്‍ വ്യാവസായിക ശേഷികള്‍ വര്‍ധിപ്പിക്കുന്നതിലും വിതരണ ശൃംഖലകള്‍ ശക്തിപ്പെടുത്തുന്നതിലും വ്യാവസായിക ഉല്‍പാദനം പ്രാദേശികവല്‍ക്കരിക്കുന്നതിലും പ്രാദേശിക ഉള്ളടക്കം വികസിപ്പിക്കുന്നതിലും ഹ്യൂണ്ടായ് പ്ലാന്റ് ഗണ്യമായ സ്വാധീനം ചെലുത്തും. പ്രാദേശികമായും മേഖലാ തലത്തിലും കാറുകളുടെ ആവശ്യം നിറവോനും വാഹന വ്യവസായത്തിന്റെ ആഗോള കേന്ദ്രമെന്ന നിലയില്‍ സൗദി അറേബ്യയുടെ സ്ഥാനം ഉറപ്പിക്കാനും പുതിയ പ്ലാന്റ് സഹായിക്കും.
വ്യാവസായിക പരിവര്‍ത്തനത്തെ പിന്തുണക്കുന്നതിലും ഉയര്‍ന്ന മൂല്യമുള്ള മേഖലകളെ ശാക്തീകരിക്കുന്നതിലും സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് പ്രധാന പങ്ക് വഹിക്കുന്നു. ഇത് സൗദിയിലും മേഖലയിലും മൊത്തത്തില്‍ ശ്രദ്ധേയമായ സാമ്പത്തിക സ്വാധീനം ചെലുത്തും. സൗദിയില്‍ വാഹന വ്യവസായം പ്രാദേശികവല്‍ക്കരിക്കുന്ന കാര്യത്തില്‍ കൈവരിച്ച ശ്രദ്ധേയമായ പുരോഗതിയില്‍ ബന്ധപ്പെട്ട എല്ലാ സര്‍ക്കാര്‍ വകുപ്പുകളും നടത്തിയ സംയോജിത പ്രവര്‍ത്തനത്തിനും ഏകീകൃത ശ്രമങ്ങള്‍ക്കും ഗണ്യമായ സ്വാധീനമുണ്ട്.
സൗദി അറേബ്യയുടെ വ്യാവസായിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലും രാജ്യത്തിന്റെ ദര്‍ശനങ്ങളെ പ്രായോഗിക യാഥാര്‍ഥ്യമാക്കി മാറ്റുന്നതിലുമുള്ള പുരോഗതി ത്വരിതപ്പെടുത്തുന്നതുമായി ഈ പദ്ധതി ഒത്തുപോകുന്നു. ഒരു വ്യാവസായിക സമുച്ചയത്തില്‍ പ്രതിവര്‍ഷം മൂന്നു ലക്ഷം കാറുകള്‍ ഉല്‍പാദിപ്പിക്കുന്ന മൂന്ന് ആഗോള വാഹന നിര്‍മാണ കമ്പനികളെ ആകര്‍ഷിക്കുക എന്നത് ദേശീയ വ്യാവസായിക തന്ത്രത്തിന്റെ ലക്ഷ്യങ്ങളില്‍ ഒന്നാണ്. ലൂസിഡ്, സീര്‍ കമ്പനികളുടെ നിരയില്‍ ഹ്യുണ്ടായ് കൂടി ചേര്‍ന്നതോടെ ഈ ലക്ഷ്യം സാക്ഷാല്‍ക്കരിക്കപ്പെട്ടതായും വ്യവസായ, ധാതുവിഭവ മന്ത്രി പറഞ്ഞു.
ഹ്യൂണ്ടായ് ഫാക്ടറി പ്രതിവര്‍ഷം 50,000 കാറുകള്‍ നിര്‍മിക്കുമെന്നും 2045 ആകുമ്പോഴേക്കും രാജ്യത്തിന്റെ മൊത്തം ആഭ്യന്തരോല്‍പാദനത്തിലേക്ക് 500 കോടി ഡോളര്‍ സംഭാവന ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. വ്യാവസായിക ഉല്‍പാദനം പ്രാദേശികവല്‍ക്കരിക്കുക, പ്രാദേശിക ഉള്ളടക്കം വര്‍ധിപ്പിക്കുക, വിതരണ ശൃംഖല ശേഷികള്‍ വികസിപ്പിക്കുക തുടങ്ങിയ രാജ്യത്തിന്റെ വിശാലമായ ലക്ഷ്യങ്ങളെ പിന്തുണക്കുന്നതില്‍ ഹ്യൂണ്ടായ് ഫാക്ടറി പ്രധാന പങ്ക് വഹിക്കും.