ജിദ്ദ: ശിരസ്സുകള്‍ ഒട്ടിപ്പിടിച്ച നിലയിലുള്ള ഫിലിപ്പിനോ സയാമിസ് ഇരട്ടകളായ ക്ലിയയെയും മൗറീസിനെയും സൗദിയിലെത്തിച്ച് വേര്‍പെടുത്തല്‍ ശസ്ത്രക്രിയ നടത്താനുള്ള തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കുട്ടികളും മാതാപിതാക്കളും സ്വദേശത്തു നിന്ന് ഇന്ന് റിയാദിലേക്ക് യാത്ര തിരിച്ചു. ഫിലിപ്പൈന്‍സിലെ സൗദി അംബാസഡര്‍ ഫൈസല്‍ അല്‍ഗാംദി സൗദിയിലേക്ക് പുറപ്പെടുന്നതിനു തൊട്ടുമുമ്പ് സയാമിസ് ഇരട്ടകളെയും മാതാപിതാക്കളെയും സ്വീകരിച്ചു.
സൗദി ഗവണ്‍മെന്റ് ജീവകാരുണ്യ മേഖലയില്‍ നടത്തുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഫിലിപ്പിനോ സയാമിസ് ഇരട്ടകള്‍ക്കുള്ള വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയയെന്നും അന്താരാഷ്ട്ര തലത്തില്‍ രാജ്യം വഹിക്കുന്ന മുന്‍നിര പങ്കിന്റെ ഉദാഹരണമാണിതെന്നും സൗദിയിലെയും ഫിലിപ്പൈന്‍സിലെയും ഗവണ്‍മെന്റുകളെയും ജനങ്ങളെയും ഒന്നിപ്പിക്കുന്ന സൗഹൃദപരവും വിശിഷ്ടവുമായ ബന്ധങ്ങളുടെ ആഴം ഇത് പ്രതിഫലിപ്പിക്കുന്നതായും അംബാസഡര്‍ ഫൈസല്‍ അല്‍ഗാംദി പറഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കാണിക്കുന്ന വലിയ താല്‍പര്യത്തിന് സൗദി ഭരണാധികാരികള്‍ക്ക് അംബാസഡര്‍ നന്ദിയും അഭിനന്ദനവും പ്രകടിപ്പിച്ചു.
സൗദി ഭരണകൂടത്തിന്റെ ഈ ഉദാരമായ പ്രവൃത്തിക്കും കുട്ടികള്‍ക്ക് ലഭിക്കുന്ന വൈദ്യശാസ്ത്രപരവും മാനുഷികവുമായ പരിചരണത്തിനും സയാമിസ് ഇരട്ടകളുടെ കുടുംബങ്ങള്‍ അഗാധമായ നന്ദിയും കടപ്പാടും അറിയിച്ചു. സയാമിസ് ഇരട്ടകളെ വേര്‍പെടുത്തുന്നതില്‍ സൗദി അറേബ്യ ആഗോള തലത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്നു. ലോകമെമ്പാടുമുള്ള സയാമിസ് കുട്ടികളുടെ കുടുംബങ്ങള്‍ക്ക് അവരുടെ കഷ്ടപ്പാടുകള്‍ അവസാനിപ്പിക്കാനുള്ള ഒരു ലക്ഷ്യസ്ഥാനമായി രാജ്യം മാറിയിരിക്കുന്നു. എരിത്രിയന്‍ സയാമിസ് ഇരട്ടകളായ അസ്മാഇനെയും സുമയ്യയെയും വേര്‍പ്പെടുത്താന്‍ ഇന്ന് പൂര്‍ത്തിയാക്കിയ ശസ്ത്രക്രിയ അടക്കം ഇതിനകം 27 രാജ്യങ്ങളില്‍ നിന്നുള്ള 64 സയാമിസ് ഇരട്ടകളെ സൗദിയില്‍ വെച്ച് വിജയകരമായി വേര്‍പ്പെടുത്തിയിട്ടുണ്ട്.