റിയാദ് : അറബ് സമാധാന പദ്ധതിക്കും അന്താരാഷ്ട്ര പ്രമേയങ്ങള്‍ക്കും അനുസൃതമായി ഫലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആവശ്യപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഗള്‍ഫ് ഭരണാധികാരികളും പങ്കെടുത്ത ഗള്‍ഫ്-അമേരിക്ക ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു കിരീടാവകാശി. ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ ശാശ്വതമായ പരിഹാരത്തിലെത്തണം. മേഖല നേരിടുന്ന വെല്ലുവിളികളുടെ വ്യാപ്തിയെ കുറിച്ച് സൗദി അറേബ്യ പൂര്‍ണമായി മനസിലാക്കുന്നു. ഗാസയിലെ നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ മേഖലയില്‍ സമാധാനവും സ്ഥിരതയും കൈവരിക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.
സൗദി അറേബ്യയുടെയും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളുടെയും പ്രധാന വ്യാപാര പങ്കാളിയാണ് അമേരിക്ക. 2024 ല്‍ ഗള്‍ഫ് രാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഏകദേശം 120 ബില്യണ്‍ ഡോളറിലെത്തി. അമേരിക്കയുമായുള്ള സാമ്പത്തിക പങ്കാളിത്തത്തിന് ഗള്‍ഫ് രാജ്യങ്ങള്‍ ഊന്നല്‍ നല്‍കുന്നു. ഈ ബന്ധം ഇരു കൂട്ടര്‍ക്കും പ്രയോജനപ്പെടുന്ന തന്ത്രപരമായ പങ്കാളിത്തമാണ്.
സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന്റെ തുടര്‍ച്ചയാണ് ഈ ഉച്ചകോടി. മേഖലയിലെ ജനങ്ങളുടെയും രാജ്യങ്ങളുടെയും അഭിലാഷങ്ങള്‍ നിറവേറ്റാനായി ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും വികസിപ്പിക്കാനുമുള്ള കൂട്ടായ പ്രവര്‍ത്തനത്തോടുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധത ഉച്ചകോടി പ്രതിഫലിപ്പിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം പ്രധാനമാണ്.മേഖലയില്‍ സ്ഥിരത കൈവരിക്കാനായി അമേരിക്കയുമായി സഹകരണവും ഏകോപനവും തുടരാന്‍ സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണ്. സൗദി അറേബ്യ ലെബനോന്റെ സ്ഥിരതക്കൊപ്പം ഉറച്ചുനില്‍ക്കുന്നു.
സിറിയയുടെ അഖണ്ഡത ഏറെ പ്രധാനമാണ്. സിറിയക്കെതിരായ ഉപരോധങ്ങള്‍ നീക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ തീരുമാനം പ്രശംസനീയമാണ്. ഈ തീരുമാനം മേഖലയിലെ സ്ഥിരതയെ പിന്തുണക്കാനുള്ള നല്ല ചുവടുവെപ്പാണ്. സുഡാനില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണം. സുഡാനില്‍ സമാധാനം കൈവരിക്കാനുള്ള ശ്രമങ്ങളെ സൗദി അറേബ്യ പിന്തുണക്കുന്നു. യെമന്‍ കക്ഷികള്‍ തമ്മില്‍ ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കേണ്ടതും ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലിനെ കിരീടാവകാശി സ്വാഗതം ചെയ്തു. സംഘര്‍ഷം നിയന്ത്രിക്കാനും ശാന്തത പുനഃസ്ഥാപിക്കാനും വെടിനിര്‍ത്തല്‍ സഹായിക്കുമെന്ന് പ്രത്യാശിക്കുന്നു. പ്രതിസന്ധികള്‍ അവസാനിപ്പിക്കാനും സമാധാനപരമായ മാര്‍ഗങ്ങളിലൂടെ സംഘര്‍ഷം അവസാനിപ്പിക്കാനും സഹായിക്കുന്ന എല്ലാത്തിനും ഗള്‍ഫ് രാജ്യങ്ങള്‍ പിന്തുണ പ്രഖ്യാപിക്കുന്നു. ഉക്രൈന്‍ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള രാഷ്ട്രീയ പരിഹാരത്തിലെത്താനുള്ള ശ്രമങ്ങള്‍ തുടരാനുള്ള സൗദി അറേബ്യയുടെ സന്നദ്ധതയും കിരീടാവകാശി വ്യക്തമാക്കി.