നജ്റാൻ: സൗദി അറേബ്യയിലെ നജ്റാൻ വിമാനത്താവളത്തിൽ നിന്ന് ദമ്മാം വഴി അബൂദാബി മുഖേന ചെന്നൈയിലേക്ക് യാത്ര തിരിച്ച തമിഴ്നാട് സ്വദേശിയെ കാണാതായി. ആറുമുഖം ചിന്നസ്വാമി (46) എന്നയാളെയാണ് മെയ് 5 മുതൽ കണ്ടെത്താനാകാത്തത്. നജ്റാനിൽ നിന്ന് ഫ്ലൈനാസ് വിമാനത്തിൽ ദമ്മാമിലെത്തിയ ഇദ്ദേഹം, പ്രാഥമിക അന്വേഷണത്തിൽ ടാക്സിയിൽ കയറി ദമ്മാമിലെ ഏതോ പ്രദേശത്ത് ഇറങ്ങിയതായി മനസ്സിലാകുന്നു.
ചിന്നസ്വാമി ഇതുവരെ സുഹൃത്തുക്കളെയോ നാട്ടിലെ ബന്ധുക്കളെയോ ബന്ധപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ പ്രവർത്തനരഹിതമാണ്. വിഷമത്തിലായ കുടുംബം ഇന്ത്യൻ പ്രവാസി മന്ത്രാലയത്തിൽ പരാതി നൽകിയിട്ടുണ്ട്.
നജ്റാനിൽ നിന്നുള്ള യാത്രക്കിടെ ദമ്മാമിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. ചിന്നസ്വാമിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് വെൽഫയർ അംഗമായ അനിൽ രാമചന്ദ്രനുമായി ബന്ധപ്പെടണമെന്ന് അഭ്യർഥിക്കുന്നു.
ബന്ധപ്പെടേണ്ട നമ്പർ: 0555735323 (അനിൽ രാമചന്ദ്രൻ)