റിയാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തോടനബുന്ധിച്ച്, സൗദി അറേബ്യയുടെ വിഷന്‍ 2030 കൈവരിക്കാനുള്ള പ്രോഗ്രാമുകളിലൊന്നായ ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാമുമായി തന്ത്രപരമായ പങ്കാളിത്തത്തോടെ മീഡിയ മന്ത്രാലയം റിയാദിലെ ഗ്രീന്‍ സ്‌പോര്‍ട്‌സ് ഹാള്‍സ് ഏരിയയില്‍ അത്യാധുനിക സൗകര്യങ്ങളോടെ മീഡിയ ഒയാസിസ് സ്ഥാപിച്ചു. പ്രമുഖ അന്താരാഷ്ട്ര വേദികളില്‍ സൗദി അറേബ്യയുടെ മാധ്യമ സാന്നിധ്യം വര്‍ധിപ്പിക്കുകയും വിഷന്‍ 2030 ന്റെ ചട്ടക്കൂടിനുള്ളില്‍ രാജ്യം സാക്ഷ്യം വഹിക്കുന്ന പരിവര്‍ത്തനങ്ങള്‍ക്ക് അനുസൃതമായ പ്രൊഫഷണല്‍ അന്തരീക്ഷം നല്‍കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മീഡിയ മന്ത്രാലയം സംയോജിത പ്ലാറ്റ്ഫോം എന്നോണം മീഡിയ ഒയാസിസ് സ്ഥാപിച്ചിരിക്കുന്നത്.
സൗദി-അമേരിക്കന്‍ ബന്ധങ്ങള്‍ 90 വര്‍ഷം പിന്നിടുന്നതുമായി ബന്ധപ്പെട്ട, ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ നാഴികക്കല്ലുകളും പൊതുവായ സാംസ്‌കാരിക വശങ്ങളും രേഖപ്പെടുത്തുന്ന പ്രദര്‍ശനം, റിയാദില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ പരിപാടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്ന ഒയാസിസ് വാലി ഏരിയ, നിരവധി മാധ്യമ സേവനങ്ങള്‍, സൗദി വിഷന്‍ 2030 ന്റെ ഭാഗമായ പരിവര്‍ത്തന പദ്ധതികളുടെ കഥ പറയുന്നതും സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള സംയുക്ത പദ്ധതികള്‍ അവലോകനം ചെയ്യുന്നതുമായ ഒയാസിസ് എക്‌സിബിഷന്‍ ഏരിയ, പ്രാദേശിക, അന്തര്‍ദേശീയ ടെലിവിഷന്‍ ചാനലുകള്‍ക്കായുള്ള നാലു സ്റ്റുഡിയോകള്‍ എന്നിവയുള്‍പ്പെടെയുള്ള മേഖലകളും എക്‌സിബിഷനുകളും മീഡിയ ഒയാസിസില്‍ അടങ്ങിയിരിക്കുന്നു.
മീഡിയ മന്ത്രാലയം തയാറാക്കുന്ന ഒമ്പതാമത് മീഡിയ ഒയാസിസ് ഏറ്റവും പുതിയ സാങ്കേതികവിദ്യകളോടെ 2,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റിന്റെ സൗദി സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രൊഫഷണലുകള്‍ക്കായി നീക്കിവെച്ച നിരവധി ഏരിയകളും ഇവിടെയുണ്ട്. 2,500 ലേറെ പ്രാദേശിക, അന്തര്‍ദേശീയ മാധ്യമ പ്രവര്‍ത്തകര്‍ മീഡിയ ഒയാസിസ് സേവനം പ്രയോജനപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇസ്‌ലാമിക് മിലിട്ടറി കൗണ്ടര്‍ ടെററിസം കോയലിഷന്‍, നിയോം പ്രോജക്റ്റ്, ന്യൂ മുറബ്ബ ഡെവലപ്മെന്റ് കമ്പനി, ഖിദിയ ഇന്‍വെസ്റ്റ്മെന്റ് കമ്പനി, 2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള സൗദി അറേബ്യയുടെ ശ്രമം എന്നിവയുള്‍പ്പെടെ നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് മീഡിയ ഒയാസിസ് വികസിപ്പിച്ചിരിക്കുന്നത്.