റിയാദ്: അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ അമേരിക്കയിലെ സൗദി നിക്ഷേപങ്ങള്‍ 600 ബില്യണ്‍ (60,000 കോടി) ഡോളറായി വര്‍ധിപ്പിക്കുമെന്ന് സൗദി നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് വ്യക്തമാക്കി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അഭിലാഷങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമാണ് അമേരിക്കയുമായുള്ള നിക്ഷേപ ബന്ധം കൂടുതല്‍ ശക്തമാക്കുന്നതെന്ന് സൗദി- യു.എസ് ഇന്‍വെസ്റ്റ്‌മെന്റ് ഫോറം ഉദ്ഘാടനം ചെയ്ത് നിക്ഷേപ മന്ത്രി പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് 92 വര്‍ഷം പഴക്കമുണ്ട്. ഊര്‍ജത്തിനായുള്ള അഭൂതപൂര്‍വമായ ആവശ്യവും സൗദി അഭിലാഷവും അമേരിക്കന്‍ വൈദഗ്ധ്യവും ഈ ബന്ധങ്ങളെ തുടക്കം മുതല്‍ തന്നെ നയിച്ചു. ലോകത്തിലെ ഏറ്റവും വലിയ ഊര്‍ജ കമ്പനികളിലൊന്നായ സൗദി അറാംകൊയുടെ സ്ഥാപനത്തിനും വളര്‍ച്ചക്കും ഈ ബന്ധങ്ങള്‍ സഹായിച്ചു. നമ്മുടെ ബന്ധങ്ങളുടെ പ്രധാന കേന്ദ്രബിന്ദു ഊര്‍ജ മേഖലയാണെങ്കിലും, വിഷന്‍ 2030 പശ്ചാത്തലത്തില്‍ സൗദിയില്‍ നിക്ഷേപ, ബിസിനസ് അവസരങ്ങള്‍ ഗണ്യമായി വര്‍ധിച്ചു. ഊര്‍ജം, ഖനനം, വ്യവസായം, നിര്‍മാണം, വികസനം, പുനരുപയോഗ ഊര്‍ജം, ബയോടെക്‌നോളജി, ടൂറിസം, ഹോസ്പിറ്റാലിറ്റി, ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങള്‍, കൃത്രിമബുദ്ധി, ഡാറ്റ സംഭരണം, ക്ലൗഡ് കംപ്യൂട്ടിംഗ് എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ സൗദിയില്‍ മികച്ച നിക്ഷേപാവസരങ്ങളുണ്ട്.
സൗദി അറാംകൊയുടെ നയങ്ങളും വിപണി സ്ഥിരത കൈവരിക്കാനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങളുമാണ് ഈ അവസരങ്ങള്‍ സാധ്യമാക്കിയത്.
സാമ്പത്തിക അസ്ഥിരതയുടെയും ഏറ്റക്കുറച്ചിലുകളുടെയും ഏറ്റവും കുറഞ്ഞ നിരക്കാണ് സൗദിയിലുള്ളത്. വന്‍തോതിലുള്ള പണ ശേഖരം ആഗോളതലത്തില്‍ ചാഞ്ചാട്ടങ്ങള്‍ ഉണ്ടായിട്ടും രാജ്യത്തിന്റെ ക്രെഡിറ്റ് റേറ്റിംഗ് മെച്ചപ്പെടുത്താന്‍ സഹായിച്ചു.
ലോകത്തെ ഏറ്റവും വലുതും വേഗത്തില്‍ വളരുന്നതുമായ പത്ത് ഷെയര്‍ മാര്‍ക്കറ്റുകളില്‍ ഒന്നാണ് സൗദി ഓഹരി വിപണി. സൗദിയില്‍ വെഞ്ച്വര്‍ ക്യാപിറ്റല്‍ മേഖല ശ്രദ്ധേയമായ വികസനത്തിന് സാക്ഷ്യം വഹിക്കുന്നുണ്ട്.
സൗദി, അമേരിക്കന്‍ ബന്ധങ്ങളുടെ മൂലക്കല്ല് പരസ്പര വിശ്വാസമാണ്. ആധുനിക സൗദി അറേബ്യയുടെ ശില്‍പി അബ്ദുല്‍ അസീസ് രാജാവും അമേരിക്കന്‍ പ്രസിഡന്റ് റൂസ്വെല്‍റ്റും തമ്മില്‍ 1945 ല്‍ നടത്തിയ ചരിത്രപരമായ കൂടിക്കാഴ്ചയോളം ശക്തമായ ഉഭയകക്ഷി ബന്ധത്തിന് വേരുകളുണ്ട്. സൗദി അറേബ്യയുടെയും അമേരിക്കയുടെയും സംയുക്ത പരിശ്രമങ്ങള്‍ വലിയ നേട്ടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ആശയങ്ങളുടെയും ദര്‍ശനങ്ങളുടെയും കൈമാറ്റത്തിലൂടെയും മെച്ചപ്പെട്ട ഭാവിയിലേക്കുള്ള സംയുക്ത പ്രവര്‍ത്തനത്തിലൂടെയും അവസരങ്ങള്‍ നിറഞ്ഞ ഒരു ഭാവി കെട്ടിപ്പടുക്കാനുള്ള അടിത്തറയാണ് ഈ പരസ്പര വിശ്വാസം.
സൗദി വിഷന്‍ 2030 ന്റെ ഭാഗമായി രാജ്യത്തുള്ള നിക്ഷേപാവസരങ്ങളില്‍ അഭൂതപൂര്‍വമായ വികാസമുണ്ട്. വിവിധ മേഖലകളില്‍ രാജ്യത്തിന്റെ ബിസിനസ് അന്തരീക്ഷം കൂടുതല്‍ ആകര്‍ഷകവും വൈവിധ്യപൂര്‍ണവുമായി മാറിയിട്ടുണ്ട്. സുസ്ഥിരമായ മാക്രോ ഇക്കണോമിക് അടിത്തറകള്‍, വിപുലമായ നിയമനിര്‍മാണം, വ്യക്തമായ നയങ്ങള്‍ എന്നിവയാണ് പ്രാദേശിക, ആഗോള നിക്ഷേപ കേന്ദ്രമെന്ന നിലയില്‍ സൗദി അറേബ്യയുടെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളെന്നും എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു.