ജിദ്ദ: നിര്‍മിത ബുദ്ധി പരിഹാരങ്ങളും സാങ്കേതികവിദ്യകളും വികസിപ്പിക്കാനും കൈകാര്യം ചെയ്യാനും ഈ മേഖലയില്‍ വന്‍തോതില്‍ നിക്ഷേപങ്ങള്‍ നടത്താനും ലക്ഷ്യമിട്ട് സൗദിയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പുതിയ കമ്പനി. സൗദി അറേബ്യയുടെ സോവറീന്‍ വെല്‍ത്ത് ഫണ്ട് ആയ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ഉടമസ്ഥതയിലാണ് ഹ്യൂമൈന്‍ എന്ന് പേരിട്ട കമ്പനി സ്ഥാപിച്ചിരിക്കുന്നത്. കിരീടാവകാശിയും പ്രധാനമന്ത്രിയും പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് പി.ഐ.എഫിന്റെ ഉടമസ്ഥതയിലുള്ള ഹ്യൂമൈന്‍ കമ്പനി സമാരംഭം പ്രഖ്യാപിച്ചത്.
അറബിയിലെ ഏറ്റവും മികച്ച ലാര്‍ജ് ലാംഗ്വേജ് മോഡല്‍ (എല്‍.എല്‍.എം) വികസനം, പുതിയ തലമുറ ഡാറ്റാ സെന്ററുകള്‍, ക്ലൗഡ് കംപ്യൂട്ടിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവ അടക്കം ഏറ്റവും പുതിയ എ.ഐ മോഡലുകളും ആപ്ലിക്കേഷനുകളും നല്‍കാനായി കിരീടാവകാശി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനായ ഹ്യൂമൈന്‍ കമ്പനി പ്രവര്‍ത്തിക്കും. പ്രാദേശികമായും മേഖലാ തലത്തിലും അന്തര്‍ദേശീയമായും കൃത്രിമ ബുദ്ധി ആപ്ലിക്കേഷനുകളും പരിഹാരങ്ങളും വികസിപ്പിക്കുന്നതിലും നല്‍കുന്നതിലും ശേഷികള്‍ ശാക്തീകരിക്കാനും മെച്ചപ്പെടുത്താനും ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയില്‍ പുതിയ ചക്രവാളങ്ങള്‍ തുറക്കാനും കമ്പനി സഹായിക്കും.
കമ്മ്യൂണിക്കേഷന്‍സ് ശൃംഖലകള്‍ തമ്മിലുള്ള കണക്റ്റിവിറ്റി സുഗമമാക്കുകയും വന്‍തോതിലുള്ള ഡാറ്റയുടെ ദ്രുതഗതിയിലുള്ള പ്രോസസ്സിംഗ് സാധ്യമാക്കുകയും ചെയ്യുന്ന നിലക്ക് മൂന്ന് ഭൂഖണ്ഡങ്ങള്‍ക്കിടയിലെ തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായ സ്ഥാനം ഉള്‍പ്പെടെയുള്ള രാജ്യത്തിന്റെ സവിശേഷതകള്‍ പ്രയോജനപ്പെടുത്തി അന്താരാഷ്ട്ര നിക്ഷേപങ്ങളിലൂടെയും പങ്കാളിത്തങ്ങളിലൂടെയും നിര്‍മിത ബുദ്ധി സംവിധാനം മെച്ചപ്പെടുത്താന്‍ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും ഫണ്ടിനു കീഴിലെ കമ്പനികളും പ്രവര്‍ത്തിക്കുന്നു. വര്‍ധിച്ചുവരുന്ന സാമ്പത്തിക വളര്‍ച്ചാ നിരക്കുകളും ആധുനിക സാങ്കേതികവിദ്യകളില്‍ താല്‍പര്യമുള്ള യുവാക്കളുടെ ഉയര്‍ന്ന അനുപാതവും എ.ഐ സാങ്കേതികവിദ്യകളിലെ ശേഷി വര്‍ധിപ്പിക്കല്‍, ഗവേഷണം, നവീകരണം എന്നിവയെ പിന്തുണക്കാന്‍ സഹായിക്കുന്നു.
സാമ്പത്തിക വികസനത്തിനും വൈവിധ്യവല്‍ക്കരണ ശ്രമങ്ങള്‍ക്കും പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി സൗദി അറേബ്യയുടെ ആഗോള മത്സരശേഷി വര്‍ധിപ്പിക്കുക എന്നതാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ പി.ഐ.എഫ് തന്ത്രം. 2024 ലെ ഗ്ലോബല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സൂചികയില്‍ ഗവണ്‍മെന്റിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തന്ത്രത്തില്‍ ആഗോളതലത്തില്‍ സൗദി അറേബ്യ ഒന്നാമതെത്തിയിരുന്നു.
ഡാറ്റാ സെന്ററുകളുമായും ഉപകരണങ്ങളുമായും ബന്ധപ്പെട്ട വിവിധ സംരംഭങ്ങളെ ഹ്യൂമൈന്‍ കമ്പനി പിന്തുണക്കുകയും ഏകോപിപ്പിക്കുകയും വിവിധ മേഖലകളില്‍ എ.ഐ സാങ്കേതികവിദ്യകളുടെ സ്വീകാര്യത ത്വരിതപ്പെടുത്തുകയും ചെയ്യും. ഊര്‍ജം, ആരോഗ്യ സംരക്ഷണം, വ്യവസായം, സാമ്പത്തിക സേവനങ്ങള്‍ തുടങ്ങിയ വിവിധ തന്ത്രപരമായ മേഖലകളില്‍ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട പരിഹാരങ്ങളുടെ സംയോജിത സിസ്റ്റവും കമ്പനി നല്‍കും. നൂതനാശയങ്ങള്‍ക്ക് ബൗദ്ധിക സ്വത്തവകാശം ഉറപ്പാക്കുന്നതിനൊപ്പം പ്രാദേശിക വികസന ശ്രമങ്ങള്‍ മെച്ചപ്പെടുത്താനും കമ്പനി ശ്രമിക്കും. മികച്ച ഡാറ്റയും എ.ഐ സാങ്കേതികവിദ്യകളും പ്രാപ്തമാക്കാനുള്ള ആഗോള കേന്ദ്രമെന്ന നിലയില്‍ സൗദി അറേബ്യയുടെ സ്ഥാനം ശക്തമാക്കുക, രാജ്യത്തിനകത്തും ലോകമെമ്പാടുമുള്ള നിക്ഷേപ അവസരങ്ങളെയും ഈ മേഖലയിലെ മികച്ച പ്രതിഭകളെയും ആകര്‍ഷിക്കുക എന്നിവയുള്‍പ്പെടെ ഡാറ്റ, നിര്‍മിത ബുദ്ധി മേഖലയിലെ സൗദി അറേബ്യയുടെ അഭിലാഷങ്ങള്‍ പുതിയ കമ്പനി സാക്ഷാല്‍ക്കരിക്കും.