കുട്ടിക്കാലത്തെ കൗതുകങ്ങളിലൊന്നായിരുന്നു വിമാനം. കളിക്കോപ്പുകളായി കാറും ബസുമെത്തിയപ്പോൾ കൂട്ടത്തിൽ വിമാനവുമുണ്ടായിരുന്നു. അടുത്തുചെല്ലുമ്പോഴും അനക്കമില്ലാത്ത ഭീമൻ യന്ത്രപ്പക്ഷിയ്ക്കകത്ത് കയറി യാത്ര ചെയ്തപ്പോഴുണ്ടായ ആനന്ദത്തിന് അക്കാലത്ത് അതിരുകളില്ല. അന്നത്തെ ആകാശയാത്രകൾക്കിടയിൽ ഹൃദയത്തിൽ ചിറകടിച്ച മോഹമാണ് മുഹമ്മദ് ഷബാബിന്റെ ജീവിതത്തെ വഴിതിരിച്ചത്. പാഷനും അഭിരുചിയും പ്രിയപ്പെട്ട ഉപ്പയും ചേർന്നൊരുക്കിയ കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ്.
കൊണ്ടോട്ടി നീറാട് പലേക്കോടൻ മുസ്തഫയുടെ മകൻ മുഹമ്മദ് ഷബാബിനിത് സ്വപ്നനേട്ടം. പ്രവാസി ബിസിനസുകാരനായ ഉപ്പ മുസ്തഫയോടൊപ്പം കുട്ടിക്കാലം മുതൽ വിമാനത്തിൽ യാത്ര ചെയ്യാൻ അവസരങ്ങളുണ്ടായിരുന്നു. ഓരോ യാത്രയിലും ഷബാബിന്റെ സ്വപ്നത്തിനും ചിറകുമുളച്ചു. ഹയർ സെക്കന്ററി കഴിഞ്ഞപ്പോൾ ഉപ്പയോട് പറഞ്ഞു, എനിക്ക് പൈലറ്റാവണം. സൗദിയിലും യുഎഇയിലും ബിസിനസുകളുള്ള മുസ്തഫയ്ക്ക് മകനെ ബിസിനസുകാരനാക്കണമായിരുന്നു. ബിസിനസിലെ ഉയരങ്ങളിലെത്തിക്കാൻ പ്രാപ്തമായ ഏറ്റവും മികച്ച വിദ്യാഭ്യാസവും നൽകണം. പഠനത്തിന് പ്രാമുഖ്യം നൽകാൻ കഴിയാതെ പോയ തന്റെ കുട്ടിക്കാലത്തെ അനുഭവങ്ങൾ മകനുണ്ടാവരുതെന്ന് മുസ്തഫയ്ക്ക് നിർബന്ധമായിരുന്നു. അതുകൊണ്ട് ബിസിനസിലും ബിസിനസ് അഡ്മിനിസ്‌ട്രേഷനിലും ഒന്നാമനാക്കാൻ അദ്ദേഹം ആഗ്രഹിച്ചു. ബിസിനസിൽ ലോകമാകെ പറക്കാൻ മകന് കഴിയണമെന്നാശിച്ച നേരത്താണ് വിമാനം പറത്താനുള്ള മോഹം മുഹമ്മദ് ഷബാബ് പങ്കുവെച്ചത്.
ഏതുകാര്യവും ആഴത്തിൽ പഠിക്കുന്ന ശീലമാണ് മുസ്തഫയ്ക്ക്. തന്റെ ആഗ്രഹത്തിനൊപ്പമല്ലെങ്കിലും മകന്റെ മോഹത്തിന് എതിരുനിന്നില്ല. മികച്ച പരിശീലനം, സാധ്യതകൾ തുടങ്ങിയ കാര്യങ്ങളെല്ലാം മുസ്തഫ മനസ്സിലാക്കി. പിന്നെ, അവന്റെ മോഹത്തിന് ടേക്കോഫ്. ദക്ഷിണാഫ്രിക്കയിൽ ജോഹാനസ്ബർഗിലെ മാക് വൺ ഏവിയേഷൻ അക്കാദമിയിലായിരുന്നു പഠനം. കാഴ്ചപോലെ സുന്ദരമല്ല പറത്തലെന്നായിരുന്നു ആദ്യകാല അനുഭവം. കഠിനമായിരുന്നു പരിശീലനം. എല്ലാം സ്വയം പഠിച്ചെടുക്കണം. വൈമാനികന്റെ വേഷത്തിനുള്ള സ്റ്റാർ വാല്യുവിന് നേരെ വിപരീതമാണ് അതിലേക്കുള്ള ത്യാഗങ്ങൾ. പുതിയ ലോകം, പുതിയ ആകാശം. വിമാനത്തിന്റെയും ഗ്രൗണ്ട് ഹാന്റ്‌ലിങ് ഉൾപ്പടെ വ്യോമയാന സംബന്ധമായ അനേകം കാര്യങ്ങളും പഠിച്ചെടുക്കണം. വ്യോമയാന നിയന്ത്രണവും സുരക്ഷാ സംവിധാനങ്ങളും ഉൾപ്പടെ വെല്ലുവിളികൾ ഏറെയായിരുന്നു. എന്നാൽ അഭിരുചിയിലൂടെ അതെല്ലാം അതിജീവിച്ചു. ആത്മവിശ്വാസം വളർത്തുക, ഭയങ്ങളെ മറികടക്കുക, നേതൃത്വപരമായ കഴിവുകൾ വികസിപ്പിക്കുക, ഉയർന്ന സമ്മർദ്ദ സാഹചര്യങ്ങളെ സമനിലയോടെയും കഴിവോടെയും കൈകാര്യം ചെയ്യാൻ പഠിക്കുക തുടങ്ങി അനേകം കാര്യങ്ങൾ കഴിഞ്ഞ മൂന്നുവർഷമായി ജീവിതത്തിന്റെ ഭാഗമായി. കോഴ്‌സിന്റെ വിവിധ ഘട്ടങ്ങളിൽ മുഹമ്മദ് ഷബാബ് മികച്ച പ്രകടനം കാഴ്ചവെച്ചു. മൂന്നുവർഷംകൊണ്ട് ലൈസൻസ് സ്വന്തമാക്കി. അങ്ങനെ, ടെക്‌നോളജിയുടെ കാലത്ത്, ടെക്‌നോളജിയുടെ സൃഷ്ടിയായ ആകാശയാത്രയ്ക്ക് പൈലറ്റാവുകയാണ് ഷബാബ്. ആകാശത്തിന്റെ സാധ്യതകളിലേക്ക്, ജീവിതത്തിന്റെ ഉയരങ്ങളിലേക്ക് ചിറകുവിരിച്ച്.
പ്ലസ്ടുവിൽ സയൻസായിരുന്നു ഷബാബിന്റെ വിഷയം. എൻജിനീയറിങ്ങും മെഡിസിനും പോകാൻ താൽപ്പര്യമുണ്ടായിരുന്നില്ല. നീണ്ടകാലം തുടർപഠനം നടത്താൻ തോന്നിയില്ല. സ്വന്തമായി വരുമാനമുണ്ടാക്കണം. സ്വതന്ത്രമായി നിൽക്കണം. സ്വപ്നങ്ങൾ ലോക സഞ്ചാരം നടത്തുന്ന പ്രായത്തിൽ വിമാനത്തിന്റെ സാങ്കേതികതയിൽ മനസ്സ് കുരുങ്ങിക്കിടന്നു. പൈലറ്റുമാരെ കണ്ടുതുടങ്ങിയ കാലം മുതൽ അവരെ ശ്രദ്ധിക്കുമായിരുന്നു. വിമാനത്തിന്റെ സാങ്കേതിക കാര്യങ്ങളിലും കൗതുകം തോന്നി. അങ്ങനെ, സാധാരണ കുട്ടികൾ ബൈക്കോടിക്കാൻ മോഹിച്ച കാലത്ത് ഷാബാബ് വിമാനം പറത്താൻ തുനിഞ്ഞിറങ്ങി. കോഴ്‌സ് പൂർത്തിയാക്കി ഇന്നിപ്പോൾ ലൈസൻസും സ്വന്തം.
കോഴ്‌സിനോടുബന്ധിച്ച് ചെറിയ എയർക്രാഫ്റ്റിൽ നിശ്ചിത സമയം പരിശീലനപ്പറക്കൽ നടത്തേണ്ടതുണ്ട്. Piper Cherokee എന്ന എയർക്രാഫ്റ്റിലായിരുന്നു അത്തരം മാനംചുറ്റൽ. മകന്റെ ‘ആകാശം’ കാണാനെത്തിയ മുസ്തഫയ്ക്കുമുണ്ടായി ജീവിതത്തിൽ മറക്കാനാവാത്ത അനുഭവം. ഷബാബിനൊപ്പമിരുന്ന്, ജൊഹാനസ്ബർഗിനെ വട്ടമിട്ടു, അതും, കോക്പിറ്റിലിരുന്ന്. 9000 അടി വരെ ഉയരത്തിലാണ് പരീക്ഷണപ്പറക്കൽ. ഇടയ്ക്ക് കാലാവസ്ഥ പ്രതികൂലമായാൽ സൗകര്യപ്പെട്ട റൺവേകളിൽ ഇറക്കി പിന്നീട് മടങ്ങുന്നതും ഈ പരിശീലനപ്പറക്കലിനിടയിലുണ്ടായി.
‘സാധാരണ മക്കൾ ഓടിക്കുന്ന കാറിൽ യാത്ര ചെയ്യാനാണ് രക്ഷിതാക്കൾ എന്ന നിലയിൽ നമുക്ക് സാധിക്കുക. എന്നാൽ, മകൻ ഓടിച്ച എയർക്രാഫ്റ്റിൽ, കോക്പിറ്റിൽ അവന്റെയരികിലിരുന്ന് കാഴ്ചകൾ കാണാൻ കഴിഞ്ഞത് ദൈവാനുഗ്രഹമായി കാണുന്നു’- വ്യത്യസ്തമായ അനുഭവത്തിന്റെ ആനന്ദമുണ്ട് മുസ്തഫയുടെ വാക്കുകളിൽ. നമുക്ക് കഴിയാത്തത് മക്കൾക്ക് സാധിക്കട്ടെ.
ഉപ്പയെയും കൂട്ടി ഇങ്ങനെയൊരു യാത്ര മനസ്സിലുണ്ടായിരുന്നുവെന്ന് ഷബാബും പറയുന്നു. ഉപ്പയാണ് എന്റെ ചിറക്. യാത്രാ വിമാനങ്ങളിൽ പൈലറ്റായാൽ ഉപ്പ യാത്രക്കാർക്കൊപ്പമായിരിക്കുമല്ലോ ഉണ്ടാവുക. ലൈസൻസ് ലഭിച്ചശേഷവും ആറുമണിക്കൂർ സമയം എയർക്രാഫ്റ്റ് ഓടിക്കാൻ ബാക്കിയുണ്ടായിരുന്നു. ഉപ്പ വരുന്നതുവരെ അതിനായി കാത്തിരുന്നു. ഞങ്ങൾക്ക് രണ്ടുപേർക്കും ഒരുമിച്ച് ഇതുപോലെ യാത്ര ചെയ്യാനായത് വലിയ സന്തോഷവും അഭിമാനവും തോന്നുന്ന അനുഭവമായി. എല്ലാവർക്കും കിട്ടാത്ത ഭാഗ്യവുമാണത്. എയർക്രാഫ്റ്റിന്റെ ലാന്റിങ്, ടേക്കോഫ്, നിയന്ത്രണ സംവിധാനങ്ങൾ, സന്ദേശങ്ങൾ തുടങ്ങിയവയെല്ലാം നേരിട്ട് അനുഭവിക്കാൻ സാധിക്കുക എന്നത് വലിയ കാര്യംതന്നെ. ഉപ്പയുടെ പിന്തുണയും പ്രോൽസാഹനവുമാണ് പൈലറ്റ് ലൈസൻസ് വരെയെത്തിച്ചത്. ഇനി യാത്രാ വിമാനങ്ങളുടെ പൈലറ്റാവണം. എമിറേറ്റ്‌സിൽ ജോലി ചെയ്യണമെന്നാണ് ആഗ്രഹം. ദക്ഷിണാഫ്രിക്കയിൽനിന്നുള്ള ലൈസൻസ് ഇന്ത്യയിലെ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ അംഗീകാരം വാങ്ങേണ്ടതുണ്ട്. അതുകഴിഞ്ഞാൽ മികച്ച വിമാനക്കമ്പനിയിൽ ജോലി ചെയ്യാനാവുമെന്നാണ് പ്രതീക്ഷ.
കൊണ്ടോട്ടി മർക്കസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, കൊട്ടുക്കര പി.പി.എം ഹയർസെക്കന്ററി സ്‌കൂൾ, ഇഎംഇഎ ഹയർസെക്കന്ററി സ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു ഷബാബിന്റെ പഠനം. ജിദ്ദയിലെ ‘സമ യുണൈറ്റഡ് ട്രേഡിങ് കമ്പനി’ മാനേജിങ് ഡയറക്ടറാണ് മുസ്തഫ. കെഒ ഷംസീറയാണ് ഷബാബിന്റെ ഉമ്മ. ഷഹാനഷെറിൻ, മുഹമ്മദ് ഷബാസ് എന്നിവർ സഹോദരങ്ങൾ.