ജിദ്ദ: കേരളത്തിൽ നിന്നുള്ള മഹ്റമില്ലാത്ത ആദ്യ ഹജ്ജ് തീർത്ഥാടക സംഘം ഇന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. എയർ ഇന്ത്യ എക്സ്പ്രസിന്റെ IX 3045 വിമാനത്തിൽ 171 ഹാജിമാർ ഉൾപ്പെട്ട ഈ സംഘത്തിന് ഇന്ത്യൻ കോൺസുലേറ്റ് അംഗങ്ങൾ, സൗദി ഹജ്ജ് മിഷൻ ജീവനക്കാർ, ജിദ്ദയിലെ വിവിധ സാമൂഹിക-സാംസ്കാരിക സംഘടനാ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ഹൃദ്യമായ സ്വീകരണം ഒരുക്കി.
ഇന്ന് തന്നെ കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് രണ്ട് വിമാനങ്ങളിലായി കൂടുതൽ ഹാജിമാർ ജിദ്ദയിലേക്ക് പുറപ്പെട്ടു. എയർ ഇന്ത്യ എക്സ്പ്രസിന്റെ IX 3025 വിമാനത്തിൽ 173 ഹാജിമാരും IX 3035 വിമാനത്തിൽ 173 ഹാജിമാരും ഉൾപ്പെട്ടിട്ടുണ്ട്. ജിദ്ദ വിമാനത്താവളത്തിൽ നിന്ന് ഹാജിമാരെ മക്കയിലെ താമസസ്ഥലങ്ങളിലേക്ക് അവർക്ക് അനുവദിച്ചിട്ടുള്ള ബിൽഡിംഗ് നമ്പറുകൾ അനുസരിച്ച് തരംതിരിച്ച് പ്രത്യേക വാഹനങ്ങളിൽ അയക്കുന്നു.
ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ഹജ്ജ് സെല്ലിന്റെ വനിതകൾ ഉൾപ്പെടെയുള്ള വോളന്റിയർമാർ 24 മണിക്കൂറും വിമാനത്താവളത്തിൽ ഹാജിമാർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഉറപ്പാക്കുന്നു. അഹ്മദ് പാളയാട്ട്, അബൂബക്കർ അരിമ്പ്ര, വി.പി. മുസ്തഫ, വി.പി. അബ്ദുറഹിമാൻ, നൗഫൽ റഹീലി, സിറാജ് കണ്ണവം, ലത്തീഫ് വയനാട്, റഹ്മത്താലി, മുംതാസ് പാലോളി, ഷമീല മൂസ, ഹാജറ ബഷീർ, സലീന ഇബ്രാഹിം, മൈമൂന ഇബ്രാഹിം തുടങ്ങിയ കെഎംസിസി നേതാക്കൾ ഇന്നത്തെ വോളന്റിയർ സേവനങ്ങൾക്ക് നേതൃത്വം നൽകി.
ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് കേരളത്തിൽ നിന്നുള്ള ഹാജിമാർക്ക് മികച്ച സൗകര്യങ്ങളും സേവനങ്ങളും ഉറപ്പാക്കുന്നതിന് സൗദി അധികൃതരും ഇന്ത്യൻ കോൺസുലേറ്റും വിപുലമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്.