ന്യൂഡല്‍ഹി– പഹല്‍ഗാം ഭീകരാക്രമണത്തില്‍ ചിന്തിയ ചോരയുടെ അതേ നിറമാണ് സിന്ദൂരിനുമെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. എന്തുകൊണ്ടാണ് ഓപറേഷന്‍ സിന്ദൂര്‍ എന്ന പേര് നല്‍കിയതെന്ന സൗദി അറേബ്യന്‍ വാര്‍ത്താ ചാനല്‍ അല്‍ അറേബ്യയുടെ ചോദ്യത്തിന് ഉത്തരം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏപ്രില്‍ 22ന് നടന്ന ഭീകരാക്രമണത്തില്‍ നവവരന്‍ വിനയ് നര്‍വാള്‍ ഉള്‍പ്പെടെ നിരവധി സ്ത്രീകളുടെ ഭര്‍ത്താക്കന്മാര്‍ കൊല്ലപ്പെട്ടിരുന്നു.
ഇന്ത്യന്‍ സംസ്‌കാരത്തില്‍ സിന്ദൂര്‍ എന്നത് വിവാഹിതരായ സ്ത്രീകള്‍ മുടിയുടെ നിര്‍വില്‍ ഇടുന്ന ചുവന്ന അടയാളമാണ്. ഇത് ഭര്‍ത്താവിന്റെ ദീര്‍ഗായുസ്സിനെയും ബന്ധത്തിന്റെ വിശുദ്ധിയെയും സൂചിപ്പിക്കുന്നു. എന്നാല്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഭര്‍ത്താവിനെ മൃതദേഹത്തിനരികെ നിസ്സഹായയായി ഹിമാന്‍ഷി നര്‍വാള്‍ എന്ന യുവതിയുടെ ചിത്രമാണ് ഓപ്പറേഷന്റെ ഈ പേര് തെരഞ്ഞെടുക്കാന്‍ പ്രേരണയായതെന്നും അദ്ദേഹം പറഞ്ഞു.
170 ആളുകള്‍ കൊല്ലപ്പെട്ട 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ ഒരു പങ്കുമില്ലെന്ന് പാകിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഭീകരവാദികളില്‍ ഒരാള്‍ പിടിക്കപ്പെട്ടതോടെ ഈ അവകാശവാദങ്ങള്‍ പാളിപ്പോയി. പാകിസ്ഥാനിലെ മിലിട്ടറി ക്യാമ്പിന്റെ അടുത്ത് നിന്ന് കണ്ടെത്തുന്നവരെ പാകിസ്ഥാന്‍ അതും തള്ളിക്കളഞ്ഞു. ഇതാണ് പാകിസ്ഥാന്‍. ഇതുകൊണ്ടാണ് ഇന്ത്യ ഇങ്ങനെ ഒരു നീക്കം നടത്തേണ്ടി വന്നത്. അല്ലാതെ ഇന്ത്യക്ക് വേറെ ഒരു കാരണവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനികളെ പോലെ ഇസ്ലാം മതത്തില്‍ വിശ്വസ്തിക്കുന്ന 20 കോടി മുസ്ലിംകള്‍ ഇന്ത്യയിലുണ്ട്. അവരെ കൂടി ഏറ്റെടുക്കാനാണോ അവര്‍ ആഗ്രഹിക്കുന്നത്. ഇന്ത്യയില്‍ ആയിരം മുറിവുകളുണ്ടാക്കി രക്തം ചൊരിച്ചിലുണ്ടാക്കാനും കശ്മീര്‍ പിടിച്ചടക്കാനുള്ള ആഗ്രഹവുമായി 30 വര്‍ഷമായി അവര്‍ തീവ്രവാദികളെ അയക്കുന്നു. കശ്മീര്‍ ഒരിക്കലും അവര്‍ക്ക് കിട്ടാന്‍ പോവുന്നില്ലെന്നും ശശിതരൂര്‍ പറഞ്ഞു.
മെയ് ഏഴിനാണ് ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ മിന്നലാക്രമണത്തില്‍ തകര്‍ത്തക്. ശേഷം ഇരു രാജ്യങ്ങള്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചെയ്തു. അതിര്‍ത്തിയില്‍ യാതൊരു പ്രകോപനവുമില്ലാതെ പാകിസ്ഥാന്‍ നടത്തിയ ആക്രമണങ്ങള്‍ നിരവധി സാധാരണക്കാരാണ് ഇന്ത്യയില്‍ കൊല്ലപ്പെട്ടത്. അതിര്‍ത്തി സംസ്ഥാനങ്ങള്‍ കര്‍ശ ജാഗ്രതയിലാണ്. സംഘര്‍ഷത്തിന്റെ ഭാഗമായി ഇന്ത്യയില്‍ 32 വിമാനത്താവളങ്ങള്‍ മെയ് 15വരെ അടച്ചു.