ന്യൂഡല്‍ഹി– അതിര്‍ത്തിയില്‍ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാതലത്തില്‍ വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ കഴിയുന്ന മലയാളികളെ സഹായിക്കാനായി കണ്‍ട്രോള്‍ റൂമുകള്‍ തുറന്ന് സംസ്ഥന സര്‍ക്കാറും നോര്‍ക്കയും. കേരളീയരെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ജമ്മുകശ്മീരിലെ, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കശ്മീര്‍, സ്‌കിംസ് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ പഠിക്കുന്ന നാല്‍പതില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ നിലവില്‍ കശ്മീരിലുണ്ട്. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് ജമ്മുവിലെ വിദ്യാര്‍ഥികള്‍ ഇതിനു പുറമെ വേറെയുമുണ്ട്. പഞ്ചാബ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലായി ഔദ്യോഗിക ആവശ്യങ്ങള്‍ക്കു പോയവര്‍, ടൂറിസ്റ്റുകള്‍, സിനിമ ചിത്രീകരണത്തിന് പോയവര്‍, പഠിക്കുന്നവര്‍ എന്നിങ്ങനെ നിരവധി മലയാളികള്‍ കുടുങ്ങിയിരിക്കുകയാണ്.
സംഘര്‍ഷ പ്രദേശങ്ങളിലെ മലയാളികളെ നിര്‍ദേശം വരുന്നതു അനുസരിച്ച് റോഡ് മാര്‍ഗം ഡല്‍ഹിയിലെത്തിക്കാനാണ് സംസ്ഥാന സര്‍ക്കാറിന്റെ ശ്രമം. ഡല്‍ഹിയില്‍ എത്തുന്നവര്‍ക്ക് കേരള ഹൗസില്‍ താമസ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നിലവില് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സി.ഇ.ഒ പറഞ്ഞു. അതേ സമയം അതിര്‍ത്തി സംസ്ഥാനങ്ങളില്‍ എത്ര മലയാളികളാണ് ഉള്ളതെന്ന കൃത്യമായ കണക്ക് സര്‍ക്കാറിന്റെ കയ്യിലില്ല.