മക്ക: ഹജ് പെർമിറ്റില്ലാത്ത 22 പേരെ ബസിൽ മക്കയിലേക്ക് കടത്താൻ ശ്രമിച്ച ബസ് ഡ്രൈവറായ ഈജിപ്തുകാരനെ ഹജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കാൻ മുഴുവൻ നിയമ ലംഘകരെയും ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
പെർമിറ്റല്ലാതെ ഹജ് നിർവഹിച്ചും ഹജ് നിർവഹിക്കാൻ ശ്രമിച്ചും പിടിയിലാകുന്നവർ, ദുൽഖഅ്ദ ഒന്നു മുതൽ ദുൽഹജ് 14 വരെയുള്ള കാലത്ത് മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കാൻ ശ്രമിക്കുകയോ മക്കയിലും പുണ്യസ്ഥലങ്ങളിലും താമസിക്കുകയോ ചെയ്യുന്ന സന്ദർശന വിസക്കാർ എന്നിവർക്ക് 20,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുറിയിപ്പ് നൽകിയിട്ടുണ്ട്.
തസ്‌രീഹ് ഇല്ലാതെ ഹജ് നിർവഹിക്കുകയോ നിർവഹിക്കാൻ ശ്രമിക്കുകയോ, ദുൽഖഅ്ദ ഒന്നു മുതൽ ദുൽഹജ് 14 വരെയുള്ള ദിവസങ്ങളിൽ മക്കയിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കുകയോ മക്കയിലും പുണ്യസ്ഥലങ്ങളിലും താമസിക്കുകയോ ചെയ്യുന്ന സന്ദർശന വിസക്കാർക്ക് വിസിറ്റ് വിസക്ക് അപേക്ഷിച്ചവർക്ക് ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തും.
നിയമ ലംഘകരായ സന്ദർശന വിസക്കാരുടെ എണ്ണത്തിനനുസരിച്ച് അവർക്ക് വിസക്ക് അപേക്ഷിച്ചവർക്ക് ഇരട്ടി തുക പിഴ ചുമത്തും. ദുൽഖഅ്ദ ഒന്നു മുതൽ ദുൽഹജ് 14 വരെയുള്ള കാലത്ത് വിസിറ്റ് വിസക്കാരെ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കൊണ്ടുപോകുന്ന വാഹന ഡ്രൈവർമാർക്കും ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തും.
ദുൽഖഅ്ദ ഒന്നു മുതൽ ദുൽഹജ് 14 വരെയുള്ള കാലത്ത് മക്കയിലും പുണ്യസ്ഥലങ്ങളിലും ഹോട്ടലുകൾ, അപ്പാർട്ടുമെന്റുകൾ, സ്വകാര്യ ഭവനങ്ങൾ, ലോഡ്ജുകൾ, തീർത്ഥാടകരുടെ താമസ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ താമസിക്കാൻ വിസിറ്റ് വിസക്കാരെ സഹായിക്കുന്നവർക്കും ഇതിന് ശ്രമിക്കുന്നവർക്കും ഇതേ പിഴ ലഭിക്കും. അനധികൃതമായി താമസസൗകര്യം നൽകുന്ന വിസിറ്റ് വിസക്കാരുടെ എണ്ണത്തിനനുസരിച്ച് നിയമ ലംഘകർക്ക് ഇരട്ടി തുക പിഴ ചുമത്തും.
തസ്‌രീഹ് ഇല്ലാതെ ഹജ് നിർവഹിക്കാൻ ശ്രമിച്ച് പുണ്യസ്ഥലങ്ങളിൽ നുഴഞ്ഞുകയറുന്ന, സൗദിയിൽ നിയമാനുസൃത ഇഖാമയിൽ കഴിയുന്ന വിദേശികളെയും മറ്റു നിയമലംഘകരെയും രാജ്യത്തു നിന്ന് നാടുകടത്തി പത്തു വർഷത്തേക്ക് പ്രവേശന വിലക്കുമേർപ്പെടുത്തും. ദുൽഖഅ്ദ ഒന്നു മുതൽ ദുൽഹജ് 14 വരെയുള്ള കാലത്ത് വിസിറ്റ് വിസക്കാരെ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കടത്താൻ ഉപയോഗിക്കുന്നവരുടെ വാഹനങ്ങൾ കോടതി വിധിയുടെ അടിസ്ഥാനത്തിൽ കണ്ടുകെട്ടുമെന്നും ആഭ്യന്തര മന്ത്രാലയം മുറിയിപ്പ് നൽകി.