ജിദ്ദ: പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങള്‍ക്ക് പുറത്ത് വാഹനങ്ങളില്‍ നിന്ന് മാലിന്യം വലിച്ചെറിയുന്നത് നിരീക്ഷിക്കുന്ന സംവിധാനം നഗരസഭകള്‍ നടപ്പാക്കാന്‍ തുടങ്ങി. നടക്കുമ്പോഴോ വാഹനങ്ങളുടെ വിന്റോകള്‍ വഴിയോ മാലിന്യം വലിച്ചെറിഞ്ഞാല്‍ 200 മുതല്‍ 1,000 റിയാല്‍ വരെയും പാര്‍ക്കുകളിലും വനങ്ങളിലും മാലിന്യം ഉപേക്ഷിക്കുകയോ, നിക്ഷേപിക്കുകയോ, കുഴിച്ചിടുകയോ, കത്തിക്കുകയോ ചെയ്താല്‍ 2,000 റിയാല്‍ വരെയും ചട്ടങ്ങള്‍ അനുസരിച്ച് നിയമലംഘകര്‍ക്ക് പിഴ ചുമത്തും.
വൃത്തിയുള്ളതും കൂടുതല്‍ സുസ്ഥിരവുമായ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ദേശീയ നീക്കത്തിന്റെ ഭാഗമായി, ഹായില്‍ പ്രവിശ്യയില്‍ നഗരങ്ങളില്‍ റോഡുകളിലേക്ക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ നടത്തുന്ന വാഹനങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനുള്ള നടപടിക്രമങ്ങള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ഇത്തരം നിയമ ലംഘനങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ തവക്കല്‍നാ ആപ്പ്, ബലദീ പ്ലാറ്റ്ഫോം എന്നിവയുള്‍പ്പെടെ എളുപ്പമാര്‍ന്ന സംവിധാനങ്ങള്‍ മുനിസിപ്പല്‍, പാര്‍പ്പിടകാര്യ മന്ത്രാലയം ഒരുക്കിയിട്ടുണ്ട്.
നിയമലംഘനത്തിന്റെ ഫോട്ടോ വ്യക്തവും സംഭവത്തെ നേരിട്ട് ചിത്രീകരിക്കുന്നതുമാണെങ്കില്‍, അത് നിയമപരമായി സാധുതയുള്ള തെളിവാണെന്ന് അഭിഭാഷകന്‍ സല്‍മാന്‍ അല്‍രിമാലി പറഞ്ഞു. പരിസ്ഥിതി നിരീക്ഷണത്തില്‍ പൗരന്മാര്‍ക്ക് സജീവമായ പങ്ക് നല്‍കിക്കൊണ്ട്, മുനിസിപ്പല്‍ നിരീക്ഷണ സംവിധാനത്തില്‍ നിയമ ലംഘനം രേഖപ്പെടുത്താന്‍ ബന്ധപ്പെട്ട അധികാരികള്‍ ഇത്തരം ചിത്രങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് സല്‍മാന്‍ അല്‍രിമാലി വിശദീകരിച്ചു