വത്തിക്കാൻ സിറ്റി: അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ കണ്ടെത്താനുള്ള കത്തോലിക്ക സഭയുടെ കോൺക്ലേവിലെ ആദ്യ ദിനത്തിൽ ഉയർന്നത് കറുത്ത പുക. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവിലെ ഒന്നാംഘട്ട വോട്ടെടുപ്പിന് ശേഷം വത്തിക്കാൻ സിസ്റ്റെയ്ൻ ചാപ്പലിനുള്ളിലെ പുകക്കുഴലിൽ നിന്നാണ് കറുത്ത പുക പുറത്തുവന്നത്. മൂന്നു മണിക്കൂറിലേറെ നീണ്ട വോട്ടെടുപ്പിൽ ആർക്കും മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാനായില്ലെന്നതാണ് കറുത്ത പുക സൂചിപ്പിക്കുന്നത്. വെളുത്ത പുക വരുംവരേയും തെരഞ്ഞെടുപ്പ് പ്രക്രിയ തുടരും.

ഫലംകാത്ത് സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ രാത്രി വൈകിയും ജനങ്ങൾ ആകാംക്ഷയോടെയും പ്രാർത്ഥനകളോടെയും കാത്തുനിന്നു. ആദ്യ റൗണ്ട് വോട്ടെടുപ്പിൽ പുതിയ മാർപ്പാപ്പയെ തെരഞ്ഞെടുക്കാനാവാതെ വന്നതോടെ വോട്ടെടുപ്പ് ഇന്നും തുടരും. ഇന്ന് രാവിലെയും ഉച്ചയ്ക്കുമായി രണ്ടു വീതം റൗണ്ടുകളിലാണ് വോട്ടെടുപ്പ് നടക്കുക.
നിലവിലുള്ള കാനോൻ നിയമപ്രകാരം 80 വയസ്സിൽ താഴെ പ്രായമുള്ള കർദിനാൾമാർക്കാണ് പാപ്പയെ തെരഞ്ഞെടുക്കാൻ വോട്ടവകാശമുള്ളത്. മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ പാപ്പ തെരഞ്ഞെടുക്കപ്പെടും വരെ ദിവസവും നാല് തവണ വോട്ടെടുപ്പു നടക്കും. അഞ്ചു ഭൂഖണ്ഡങ്ങളിലും 71 രാജ്യങ്ങളിൽനിന്നുമായി വോട്ടവകാശമുള്ള 133 കർദിനാൾമാരാണ് കോൺക്ലേവിൽ പങ്കെടുക്കുന്നത്. ഇതിൽ 89 വോട്ട് ലഭിക്കുന്നയാൾ വിശുദ്ധ പത്രോസിന്റെ സിംഹാനത്തിലേക്ക് ഉയർത്തപ്പെട്ട് കത്തോലിക്കാസഭയുടെ പുതിയ ഇടയനാകും. അന്തരിച്ച ഫ്രാൻസിസ് പാപ്പയുടെ തെരഞ്ഞെടുപ്പിലും ആദ്യ ദിനം കറുത്ത പുകയാണുണ്ടായിരുന്നത്. രണ്ടാം ദിവസം അവസാനവട്ട വോട്ടെടുപ്പിലാണ് പാപ്പ തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.
ആഫ്രിക്കയിൽ നിന്നോ ഏഷ്യയിൽ നിന്നോ മാർപാപ്പയുണ്ടാകുമോയെന്ന ആകാംക്ഷയിൽ കൂടിയാണ് ലോകം. പുതിയ പോപ്പ് ആയി തെരഞ്ഞെടുക്കപ്പെടാൻ സാധ്യത കാണുന്ന കർദ്ദിനാൾ ഫിലിപ്പ് ബാർബറിൻ, കർദ്ദിനാൾ വിൻകോ പുൾജിക്, കർദ്ദിനാൾ ജോസിപ്പ് ബൊസാനിക്, കർദ്ദിനാൾ പീറ്റർ എർഡോ, കർദ്ദിനാൾ പീറ്റർ ടർക്‌സൺ തുടങ്ങിയവരോടൊപ്പം മലയാളി കർദിനാൾമാരായ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവ 28-ാമതും, ജോർജ് കൂവക്കാട് 133-ാമതായും കോൺക്ലേവിൽ പങ്കെടുക്കുന്നുണ്ട്. ഇവരടക്കം നാല് കർദിനാൾമാരാണ് ഇന്ത്യയിൽ നിന്ന് കോൺക്ലേവിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്. കോൺക്ലേവിന്റെ ഭാഗമായി സിസ്റ്റെയ്ൻ ചാപ്പലിലേക്കുള്ള വിശ്വാസികളുടെ പ്രവേശനം നിരോധിച്ചിരിക്കുകയാണ്.