തിരുവനന്തപുരം– അധ്യാപകനെതിരെ പോക്‌സോ കേസില്‍ മൊഴി കൊടുത്ത വിദ്യാര്‍ഥിനികള്‍ കൂറുമാറിയതിനെ തുടര്‍ന്ന് ജയിലില്‍ കഴിഞ്ഞിരുന്ന അധ്യാപകന് 171ാം നാള്‍ ജാമ്യം. ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയാണ് ബിനോജ് കൃഷ്ണന് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം നഗരത്തിലെ യു.പി സ്‌കൂള്‍ അധ്യാപകനാണ് ബിനോജ് കൃഷ്ണ.
സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് അധ്യാപകനെതിരെ കുട്ടികള്‍ പരാതി പറഞ്ഞത്. പിന്നീട് രക്ഷിതാക്കളുടെ പരാതിയില്‍ നേമം പോലീസ് കേസെടുത്തു. ഇതോടെ അധ്യാപകന്‍ ഒളിവില്‍ പോയി. ബിനോജിനെതിരെ ആറു പോക്‌സോ കേസുകളാണ് ചുമത്തിയത്. ഒളിവില്‍ കഴിയുന്ന ബിനോജിനെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്യേഷണത്തിനൊടുവില്‍ തിരുവനന്തപുരത്തെ ലോഡ്ജില്‍ നിന്ന് നവംബര്‍ 11നാണ് അറസ്റ്റ് ചെയ്തത്. മൂന്ന് മാസത്തിനുള്ളില്‍ കുറ്റപത്രവും സമര്‍പ്പിച്ചു.
അറസ്റ്റ് ചെയ്യാന്‍ പോലീസ് എത്തിയെന്ന് മനസിലാക്കിയ അധ്യാപകന്‍ ആത്മഹത്യക്ക് ശ്രമിച്ചു. പോലീസ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം കസ്റ്റഡിയില്‍ വിടുകയായിരുന്നു.