തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനുമായുള്ള സംഘർഷ സാധ്യത കണക്കിലെടുത്ത് കേന്ദ്ര നിർദേശപ്രകാരം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളോടൊപ്പം കേരളത്തിലെ 14 ജില്ലകളിലും നാളെ മോക്ഡ്രില്ലുകൾ നടത്തും. വൈകീട്ട് നാലിനാണ് മോക്ഡ്രില്ലുകൾ ആരംഭിക്കുക.
ജില്ലാ കലക്ടർമാരുടെയും ജില്ലാ ഫയർ ഓഫിസർമാരുടെയും നേതൃത്വത്തിലായിരിക്കും മോക്ഡ്രിൽ നടക്കുക. ഇതുമായിബന്ധപ്പെട്ട് ചീഫ് സെക്രട്ടറി എ ജയതിലകിന്റെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേർന്ന് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ട്.
കേരളത്തിൽ ഏറെ നാളുകൾക്കുശേഷം ആദ്യമായാണ് സിവിൽ ഡിഫൻസ് മോക്ഡ്രിൽ നടത്തുന്നത്. വ്യോമാക്രമണം ഉണ്ടായാൽ എന്തൊക്കെ മുൻകരുതലുകൾ വേണം എന്നതടക്കമുള്ള കാര്യങ്ങളായിരിക്കും പരിശീലിപ്പിക്കുക. ആംബുലൻസുകളും ആശുപത്രികളും ഉൾപ്പെടെ ഇതിനായി സജ്ജമാക്കും. എയർ റെയിഡ് സൈറൻ സ്ഥാപിക്കുക, അടിയന്തര ഒഴിപ്പിക്കൽ തുടങ്ങിയവയിൽ പൊതുജനങ്ങൾക്ക് പരിശീലനം നൽകുക എന്നിവയും മോക്ഡ്രില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആക്രമണമുണ്ടായാൽ സ്വയം സുരക്ഷ ഉറപ്പാക്കാനുള്ള കാര്യങ്ങൾ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. തുടക്കമെന്ന നിലയിൽ എമർജൻസി സൈറൻ മുഴങ്ങും. തുടർന്ന് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് ആളുകൾ മാറാനാണ് നിർദേശം. സാധാരണ വ്യോമാക്രമണം സ്ഥിരമായി നടക്കുന്ന സ്ഥലങ്ങളിൽ ആളുകൾ ബങ്കറുകളിലേക്കു മാറുകയാണ് ചെയ്യുന്നത്. അതേസമയം, ഇവിടെ വലിയ കെട്ടിടങ്ങളുടെ മുകളിൽ ഒന്നും നില്ക്കാതെ ബെയ്‌സ്‌മെന്റ് പാർക്കിങ് ഉൾപ്പെടെയുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്കാണ് മാറേണ്ടത്. പാർക്ക് പോലെ പൊതുഇടങ്ങളിൽ നില്ക്കാൻ പാടില്ല.
നാളെ ആദ്യത്തെ പരിപാടി എന്ന നിലയിലാണ് മോക്ഡ്രിൽ നടത്തുന്നതെന്നും ജനങ്ങൾ ഇക്കാര്യത്തിൽ ബോധവാന്മാരായി ഭാവിയിൽ ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാൽ അതനുസരിച്ച് പെരുമാണമെന്നും ബന്ധപ്പെട്ടവർ നിർദേശം നൽകി.
മോക് ഡ്രില്ലിന്റെ ഭാഗമായി നാളെ വൈകുന്നേരം നാലിന് എയർ റെയ്ഡ് വാണിങ് വരും. ആദ്യം വിവിധ കേന്ദ്രങ്ങളിൽ സൈറൻ മുഴക്കും. തുടർന്ന് സിവിൽ ഡിഫൻസ് സംവിധാനം സജീവമാക്കാനാണ് മോക് ഡ്രില്ലിലൂടെ ലക്ഷ്യമിടുന്നത്. ആശയവിനിമയത്തിന് ഹാം റേഡിയോയുടെയും മാധ്യമങ്ങളുടെയും സഹായം തേടും. തുടർന്ന് പ്രധാനപ്പെട്ട സ്ഥലങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ച് സുരക്ഷിതസ്ഥലങ്ങളിലേക്കു മാറ്റുകയും മുന്നറിയിപ്പു നല്കുകയും ചെയ്യും. കേരളത്തിന് പുറമെ 259 ഇടങ്ങളിൽ നാളെ മോക്ഡ്രില്ലുകൾ നടക്കും. പടിഞ്ഞാറൻ അതിർത്തിയിലെയും വടക്കേ ഇന്ത്യയിലെയും സംസ്ഥാനങ്ങൾ ഉടൻ തയ്യാറെടുപ്പ് നടത്താൻ കേന്ദ്രം നിർദേശം നൽകിയിരുന്നു.