ജിദ്ദ: ഈ വർഷം ആദ്യ പാദത്തിൽ സൗദിയിൽ 6.3 കോടിയിലേറെ കൊറിയറുകളും പാഴ്‌സകളും വിതരണം ചെയ്തതായി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി അറിയിച്ചു. ഇത് പാഴ്‌സൽ ഡെലിവറി സേവനങ്ങളിലെ തുടർച്ചയായ വളർച്ചയെയും രാജ്യത്ത് ഇകൊമേഴ്‌സ്, ലോജിസ്റ്റിക്‌സ് സേവനങ്ങൾക്കുള്ള ആവശ്യകതയിലെ വർധനവിനെയും പ്രതിഫലിപ്പിക്കുന്നു.
ജി.എഫ്.എസ് എക്‌സ്പ്രസ്, ജെ ആൻഡ് ടി എക്‌സ്പ്രസ്, റെഡ്‌ബോക്‌സ് എന്നീ കമ്പനികൾക്കെതിരെയാണ് ആദ്യ പാദത്തിൽ ഉപയോക്താക്കളിൽ നിന്ന് ഏറ്റവും കുറവ് പരാതികൾ ലഭിച്ചത്. ഒരു ലക്ഷം പാഴ്‌സലുകളിൽ മൂന്നു പരാതികൾ തോതിലാണ് ഈ കമ്പനികൾക്കെതിരെ ലഭിച്ചത്. തുടർന്നുള്ള സ്ഥാനത്തുള്ള നാഖിൽ എക്‌സ്പ്രസിനെതിരെ നാലു പരാതികളും ഡി.എച്ച്.എല്ലിനും ഐമൈലിനുമെതിരെ ആറു പരാതികൾ തോതിലും സംസാ, സുബുൽ കമ്പനികൾക്കെതിരെ ഏഴു പരാതികൾ വീതവും ലഭിച്ചു. അരാമെക്‌സിനെതിരെ പത്തു പരാതികൾ ലഭിച്ചു.
മറ്റ് ചില കമ്പനികൾക്കെതിരായ പരാതികളുടെ എണ്ണം വലിയ തോതിൽ വർധിച്ചു. യു.പി.എസിനെതിരെ 17 ഉം സ്റ്റാർലിങ്ക്‌സിനെതിരെ 23 ഉം അജെക്‌സിനെതിരെ 29 ഉം പരാതികൾ ഉയർന്നുവന്നു. ആദ്യ പാദത്തിൽ ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് ഫെഡ്എക്‌സിനെതിരെയാണ്. മൂന്നു മാസത്തിനിടെ ഫെഡ്എക്‌സിനെതിരെ ഉപയോക്താക്കളിൽ നിന്ന് 1,682 പരാതികൾ ലഭിച്ചു.
നിശ്ചിത സമയത്തിനുള്ളിൽ കമ്പനികൾ പരിഹരിക്കാത്ത പരാതികളാണ് അതോറിറ്റിക്ക് ലഭിക്കുന്നതെന്ന് ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി വ്യക്തമാക്കി. ഉപഭോക്താവ് ഡെലിവറി കമ്പനിയുമായി നേരിട്ട് ബന്ധപ്പെടുന്നതിലൂടെയാണ് പരാതി ഫയൽ ചെയ്യൽ സംവിധാനം ആരംഭിക്കുന്നത്. നിശ്ചിത സമയത്തിനകം കമ്പനി പ്രതികരിക്കുന്നില്ലെങ്കിൽ ഏകീകൃത നമ്പർ ആയ 19929 വഴി പരാതി അതോറിറ്റിക്ക് കൈമാറണം. തുടർന്ന് അതോറിറ്റി കേസ് പിന്തുടരുകയും ചട്ടങ്ങൾക്കനുസൃതമായി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും. ഇത് സേവനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഗുണഭോക്തൃ സംതൃപ്തിയുടെ മാനദണ്ഡങ്ങളോടുള്ള കമ്പനികളുടെ പ്രതിബദ്ധത ശക്തിപ്പെടുത്താനും സഹായിക്കുന്നു.