ന്യൂഡല്‍ഹി– സിലബസ്സില്‍ നിന്നും കശ്മീര്‍, ഇസ്രായില്‍-ഫലസ്തീന്‍ പഠനങ്ങള്‍ ഒഴിവാക്കി ഡല്‍ഹി സര്‍വകലാശാല. പകരം സിലബസില്‍ മഹാഭാരതവും ഭഗവത് ഗീതയും ഉള്‍പ്പെടുത്താന്‍ നിര്‍ദേശം. സൈക്കോളജി സിലബസില്‍ നിന്നാണ് അക്കാദമിക് കൗണ്‍സില്‍ കശ്മീര്‍, ഇസ്രായില്‍-ഫലസ്തീന്‍ പഠനങ്ങള്‍ നീക്കം ചെയ്തത്. കഴിഞ്ഞ ആഴ്ച നടന്ന അക്കാദമിക് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ അവലോകനത്തിന് ശേഷമാണ് തീരുമാനം. ഇതിനു പുറമെ ഡേറ്റിംഗ് ആപ്പുകളെ കുറിച്ചുള്ള പഠനവും ഒഴിവാക്കാന്‍ കമ്മിറ്റി നിര്‍ദേശിച്ചിരുന്നു.
സൈക്കോളജി ഓഫ് പീസ് എന്ന ഓപ്ഷണല്‍ വിഷയത്തിന്റെ ഭാഗമായിരുന്നു നീക്കം ചെയ്തത്. അന്താരാഷ്ട്ര ബന്ധങ്ങളും സംഘര്‍ഷങ്ങളും അതുമായി ബന്ധപ്പെട്ട ജനങ്ങളുടെ മാനസിക ആരോഗ്യത്തെ കുറുച്ചുള്ള പഠനങ്ങള്‍ പരിഗണിച്ചാണ് കശ്മീര്‍, ഇസ്രായില്‍-ഫലസ്തീന്‍ പ്രശ്‌നം അടക്കം ഉള്‍പ്പെടുത്തിയത്. കശ്മീര്‍ പ്രശ്‌നം പരിഹരിച്ചതിനാല്‍ അതിനെക്കുറിച്ച് പഠിപ്പിക്കേണ്ടതില്ലെന്നും ഇസ്രായില്‍-ഫലസ്തീന്‍ വിഷയം ഉള്‍പ്പെടുത്തേണ്ടതില്ലെന്നമാണ് അക്കാദമിക് കൗണ്‍സില്‍ അധ്യക്ഷന്റെ അഭിപ്രായം. പകരം മഹാഭാരതം, ഭഗവദ്ഗീത തുടങ്ങിയവ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ശുപാര്‍ശ ചെയ്തു. തീരുമാനം വിവാദമായതിനെ തുടര്‍ന്ന് അക്കാദമിക് കൗണ്‍സില്‍ മാറ്റം വരുത്തിയത് പുനപരിശോധിക്കും.