- കഴിഞ്ഞ മാസവും ഗ്രാൻഡ് പ്രൈസ് ലഭിച്ചത് മലയാളിക്ക്
അബുദാബി: അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റിന്റെ റാഫിൾ നറുക്കെടുപ്പിൽ പ്രവാസി മലയാളിയായ താജുദ്ദീൻ അലിയാർ കുഞ്ഞിന് ഗ്രാൻഡ് പ്രൈസ്. സമ്മാനത്തുകയായി രണ്ടര കോടി ദിർഹം (ഏകദേശം 57.5 കോടി ഇന്ത്യൻ രൂപ) തിരുവനന്തപുരം സ്വദേശിക്ക് ലഭിക്കും.
ഏപ്രിൽ 18ന് ഓൺലൈനായി വാങ്ങിയ 306638 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് താജുദ്ദീൻ അലിയാർ കുഞ്ഞ് വിജയം നേടിയത്. ഏപ്രിലിലെ ഗ്രാൻഡ് പ്രൈസ് ജേതാവായി ഒന്നര കോടി ദിർഹം സമ്മാനം നേടിയ രാജേഷ് മുള്ളങ്കിലാണ് നറുക്കെടുത്തത്.
നിരവധി തവണ ശ്രമിച്ചിട്ടും രേഖപ്പെടുത്തിയ രണ്ടു ഫോൺ നമ്പറുകളിൽ ഒന്നിലും താജുദ്ദീൻ അലിയാർ കുഞ്ഞിനെ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്ന് അവതാരകരായ റിച്ചാർഡും ബൗച്രയും പറഞ്ഞു. ഒടുവിൽ ഒരു കോൾ കണക്റ്റായപ്പോൾ നിമിഷങ്ങൾക്കുള്ളിൽ അത് വിച്ഛേദിക്കപ്പെട്ടു. ഷോയ്ക്ക് ശേഷവും സന്തോഷവാർത്ത പങ്കിടാൻ താജുദ്ദീൻ അലിയാർ കുഞ്ഞിനെ ബന്ധപ്പെടാൻ ശ്രമിക്കുമെന്ന് അവതാരകർ വ്യക്തമാക്കി.

അതിനിടെ, അപ്രതീക്ഷിതമായ ഈ നേട്ടം തന്റെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കുമെന്ന് ബിഗ് ടിക്കറ്റിന്റെ ഏപ്രിൽ നറുക്കെടുപ്പിൽ ഒന്നര കോടി ദിർഹം ഗ്രാൻഡ് പ്രൈസ് നേടിയ രാജേഷ് മുള്ളങ്കിൽ വെള്ളിലപ്പുള്ളിത്തൊടി പറഞ്ഞു. 33 വർഷമായി ഒമാനിൽ താമസിക്കുന്ന 45-കാരനായ കേരളത്തിൽ നിന്നുള്ള ടെക്‌നീഷ്യൻ ശനിയാഴ്ച നടന്ന മെയ് മാസത്തെ നറുക്കെടുപ്പിനായി ബിഗ് ടിക്കറ്റ് ഷോയിൽ എത്തിയപ്പോൾ ഏറെ ആഹ്ലാദഭരിതനായിരുന്നു. ഷോ അവതാരകരായ റിച്ചാർഡും ബൗച്രയും കഴിഞ്ഞ മാസം എന്തുകൊണ്ടാണ് അദ്ദേഹത്തെ ബന്ധപ്പെടാൻ കഴിയാത്തതെന്ന് ചോദിച്ചു. എന്തോ നെറ്റ്‌വർക്ക് പ്രശ്‌നമുണ്ടായിരുന്നു. ഞാൻ അത്താഴം കഴിക്കുകയുമായിരുന്നു രാജേഷ് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
സമ്മാനത്തുക താൻ 21 പേരുമായി പങ്കിടുന്നതായും രാജേഷ് പറഞ്ഞു. യഥാർത്ഥത്തിൽ ഇതുവരെ ഒരു പദ്ധതിയുമില്ലെന്ന്, വൻതുക സമ്മാനമായി ലഭിച്ച പശ്ചാത്തലത്തിൽ ഭാവി പദ്ധതികളെ കുറിച്ച അന്വേഷണത്തിന് മറുപടിയായി പ്രവാസി മലയാളി പറഞ്ഞു. എന്നിരുന്നാലും ജാക്ക്‌പോട്ട് നിരവധി ജീവിതങ്ങളെ മാറ്റിമറിക്കാൻ പോകുന്നതായി അദ്ദേഹം പറഞ്ഞു.
ഞങ്ങളെല്ലാവരും താഴ്ന്ന, ഇടത്തരം കുടുംബങ്ങളിൽ നിന്നുള്ളവരാണ്. അതിനാൽ, ഞങ്ങളുടെ കുടുംബങ്ങൾ സുരക്ഷിതരാണെന്ന് ഉറപ്പാക്കണം. ഞങ്ങൾക്ക് എന്തെങ്കിലും ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാനും ആഗ്രഹമുണ്ട്. ശ്രമിച്ചുകൊണ്ടിരിക്കുക. ഭാഗ്യശാലികൾ ഒരു ദിവസം വിജയിക്കും- രാജേഷ് മുള്ളങ്കിൽ വെള്ളിലപ്പുള്ളിത്തൊടി പറഞ്ഞു.