മാഡ്രിഡ് – വെല്ലുവിളി ഉയർത്തിയ റയൽ വയ്യദോളിഡിനെ ഒന്നിനെതിരെ രണ്ടു ഗോളിന് തകർത്ത് ബാഴ്‌സലോണ ലാലിഗ കിരീടത്തിലേക്കുള്ള യാത്രയിൽ ഒരു നാഴികക്കല്ല് കൂടി പിന്നിട്ടു. എവേമത്സരത്തിൽ മുക്കാൽ മണിക്കൂറിലേറെ നേരം ഒരു ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു കാറ്റലൻ പടയുടെ തിരിച്ചുരവ്. 6-ാം മിനുട്ടിൽ ഇവാൻ സാഞ്ചസിലൂടെ ലീഡെടുത്ത വയ്യദോളിഡ് ആദ്യപകുതിയിൽ ഗോൾ വഴങ്ങാതെ പിടിച്ചുനിന്നെങ്കിലും 54-ാം മിനുട്ടിൽ റഫിഞ്ഞയും 60-ാം മിനുട്ടിൽ ഫെർമിൻ ലോപസും കളി റാഞ്ചിയെടുക്കുകയായിരുന്നു.
നിർണായക ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം ബാഴ്‌സ ഏഴാക്കി ഉയർത്തി. ഒരു മത്സരം കുറവ് കളിച്ച റയൽ മാഡ്രിഡ് ഇന്ന് സെൽറ്റ വിഗോയെ നേരിടുന്നുണ്ട്. ബാഴ്‌സ ജയിച്ചതോടെ കിരീട പോരാട്ടത്തിൽ സജീവമായി നിൽക്കണമെങ്കിൽ റയലിനും ജയിക്കണം എന്നതാണ് സ്ഥിതി.
ചാമ്പ്യൻസ് ലീഗിൽ ഇന്റർ മിലാനോട് 3-3 സമനില വഴങ്ങിയ ബാഴ്‌സയ്ക്ക് വയ്യദോളിഡിനെതിരായ മത്സരത്തിന്റെ തുടക്കം വലിയ ഞെട്ടലാണ് സമ്മാനിച്ചത്. ആറാം മിനുട്ടിൽ സ്പാനിഷ് താരം ഇവാൻ സാഞ്ചസിന്റെ ക്രോസ് ഷോട്ട് ബാഴ്‌സ ഡിഫന്റർ ക്രിസ്റ്റ്യൻസന്റെ ശരീരത്തിൽ തട്ടി വലയിലെത്തുകയായിരുന്നു.
ഗോൾ തിരിച്ചടിക്കാൻ ബാഴ്‌സ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഹാഫ് ടൈം വരെ വയ്യദോളിഡ് പിടിച്ചു നിന്നു. അതിനിടെ, 38-ാം മിനുട്ടിൽ പരിക്കേറ്റു പിന്മാറിയ ഡാനി റോഡ്രിഗസിനു പകരമായി ബാഴ്‌സ ലമീൻ യമാലിനെ കളത്തിലിറക്കി. ഇടവേള കഴിഞ്ഞപ്പോൾ അൻസു ഫാത്തിക്ക് പകരം റഫിഞ്ഞയും പെഡ്രിക്ക് പകരം ഫ്രെങ്കി ഡിയോങ്ങും വന്നു.
കോച്ച് ഹാൻസി ഫ്‌ളിക്ക് വരുത്തിയ മാറ്റങ്ങൾ ന്യായീകരിച്ച് 54-ാം മിനുട്ടിൽ റഫിഞ്ഞ ഒരു ഗോൾ മടക്കി. ലമീൻ യമാൽ അറൗഹോക്ക് നൽകിയ ക്രോസ് വയ്യദോളിഡ് കീപ്പർ തട്ടിയകറ്റിയെങ്കിലും റീബൗണ്ടിൽ നിന്ന് ബ്രസീൽ താരം ലക്ഷ്യം കാണുകയായിരുന്നു.
ആറു മിനുട്ടിനുള്ളിൽ ബാഴ്‌സ ലീഡെടുത്തു. തനത് ശൈലിയിൽ പാസുകളുമായി എതിർ ഗോൾമുഖത്ത് അനിശ്ചിതത്വത്തിന്റെ നിമിഷങ്ങൾ സൃഷ്ടിച്ച സന്ദർശകർ ജെറാഡ് മാർട്ടിന്റെ ക്രോസിൽ നിന്ന് ഫെർമിൻ ലോപസ് നേടിയ ഗോളിലാണ് മുന്നിലെത്തിയത്. ഗോളിനു പിന്നാലെ പൗ വിക്ടറിനെ പിൻവലിച്ച് ഡാനി ഓൽമോയെയും ബാഴ്‌സ കളത്തിലിറക്കി.
69-ാം മിനുട്ടിൽ യമാലിന്റെ പാസിൽ നിന്നുള്ള ഹെക്ടർ ഫോർട്ടിന്റെ ഗോൾശ്രമത്തിന് പോസ്റ്റ് വിലങ്ങായപ്പോൾ 74-ാം മിനുട്ടിൽ മറുവശത്ത് മാർക് ആേ്രന്ദ ടെർ സ്‌റ്റെഗൻ മികച്ചൊരു സേവുമായി ബാഴ്‌സയ്ക്ക് രക്ഷയായി.
34 റൗണ്ട് പിന്നിട്ടപ്പോൾ 79 പോയിന്റാണ് ലാലിഗയിൽ മുന്നിലുള്ള ബാഴ്‌സയ്ക്കുള്ളത്. 33 മത്സരങ്ങളിൽ നിന്ന് 72 ആണ് റയലിന്റെ പോയിന്റ് സമ്പാദ്യം.