വിവാദപരമായ പലകേസുകളിലും പ്രതിഭാഗത്തിന് വേണ്ടി വാദിക്കാനായി എത്തിയിരുന്ന ആളായിരുന്നു ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. ബി.എ ആളൂര്‍. ക്രൂരപീഢനങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും വേണ്ടി വാദിച്ചയാളെന്ന നിലയില്‍ അദ്ദേഹത്തിന്റെ മരണവാര്‍ത്തക്ക് അനുശോചനത്തിന് പകരം പലരും മരണം അര്‍ഹിക്കുന്നു, സന്തോഷിക്കുന്നു എന്ന രീതിയില്‍ ആഘോഷിച്ചു. ആളൂരിന്റെ മരണത്തിന് ശേഷം സമൂഹമാധ്യമങ്ങളില്‍ ചിലകേസുകളെ കുറിച്ച് വീണ്ടും ചര്‍ച്ചയാവുകയും ആളൂരിനെ കുറ്റപ്പെടുത്തുകയുമുണ്ടായി.
ആളൂരിനെ മോശക്കാരനാക്കിയുള്ള സമൂഹമാധ്യമങ്ങളില്‍ വാദങ്ങള്‍ നടത്തിയിരുന്നവര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് അഭിഭാഷകനായ അഡ്വ. ശ്രീജിത്ത് പെരുമണ്ണ. അഭിഭാഷകന്റെ ജോലി വാദിയാണെങ്കിലും പ്രതിയാണെങ്കിലും തന്റെ കക്ഷിക്ക് വേണ്ടി വാദിക്കുക എന്നതാണ്. ആളൂര്‍ ചെയ്തിരിക്കുന്നത് തന്റെ ജോലിമാത്രമാണെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും എന്തിനേറെ മഹാത്മാഗാന്ധിയുടെ കൊലപാതകികള്‍ക്ക് പോലും വാദിക്കാന്‍ വക്കീലുണ്ടായിരുന്നു. അഡ്വ. ആളൂര്‍ ആരെയും കൊന്നിട്ടില്ല, പീഡിപ്പിച്ചിട്ടില്ല, മോഷണം നടത്തിയിട്ടില്ല. മരണ സമയം എന്ന ഔചിത്യം പോലും കാണിക്കാതെ ആളൂരിന്റെ മരണം ആഘോഷിക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഏപ്രില്‍ 30നാണ് വൃക്കരോഗത്തിന് ചികിത്സയിലിരിക്കെയാണ് അഡ്വ ആളൂര്‍ വിടവാങ്ങിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഗോവിന്ദച്ചാമി, കൂടത്തായി ജോളി, ഇലന്തൂര്‍ ഇരട്ടനരബലിക്കേസിലും ആളൂര്‍ പ്രതിഭാഗം വക്കീലായിരുന്നു.
കുറിപ്പിന്റെ പൂര്‍ണ്ണ രൂപം വായിക്കാം
അപ്രതീക്ഷിതമായി കടന്നുപോയ ആളൂര്‍ വക്കീലിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തു. മരണസമയം എന്ന ഔചിത്യം പോലും കാണിക്കാതെ ആളൂരിന്റെ മരണം ആഘോഷിച്ച ഒരുപറ്റം അപരിഷ്‌കൃത സമൂഹത്തിനും അപ്പുറം വിവേകവും, സ്‌നേഹവുമുള്ള ഒരു സമൂഹം അദ്ദേഹത്തെ യാത്രയാക്കാന്‍ എത്തിയിരുന്നു. വക്കീല്‍ എന്ന തൊഴിലെടുക്കാന്‍ നിയമപരമായി ക്വാളിഫൈ ചെയ്ത ഒരു അഭിഭാഷകനായിരുന്നു അഡ്വ ആളൂര്‍.
തന്റെ കക്ഷിയുടെ ( വാദിയാണെങ്കിലും /പ്രതിയാണെങ്കിലും ) ഭാഗം വാദിക്കുക എന്നതാണ് വക്കീലിന്റെ ജോലി. ബിഎ ആളൂര്‍ ചെയ്തത് വക്കീലിന്റെ ജോലി മാത്രമാണ്. അയാളുടെ കക്ഷികള്‍ കുപ്രസിദ്ധരായതുകൊണ്ട് അവര്‍ക്ക് വേണ്ടി വാദിച്ചു എന്ന പേരില്‍ അതായത് സ്വന്തം പണി മര്യാദയ്ക്ക് ചെയ്ത അയാളെ കുരിശില്‍ കേറ്റണം എന്ന നിലപാടെടുത്ത ആള്‍ക്കൂട്ടത്തോട് പരമപുച്ഛം മാത്രം.
ആളൂര്‍ അന്തരിച്ചു, ‘ഒരു മരണവാര്‍ത്ത കേട്ടിട്ട് ചിരിവരുന്നത് ആദ്യം’ എന്ന നിലയിലുള്ള കമന്റുകള്‍ വരെ കണ്ടു,
നിങ്ങളുടെ ജീവിതം തകര്‍ക്കുന്ന രീതിയിലുള്ള പാതകമൊന്നും നിങ്ങളോട് ചെയ്യാത്ത ഒരു മനുഷ്യന്റെ മരണവാര്‍ത്ത കേട്ട് ചിരി വരുന്നെങ്കില്‍ നിങ്ങള്‍ക്ക് കാര്യമായ എന്തോ പ്രശ്‌നം ഉണ്ടെന്ന് വേണം കരുതാന്‍!
ആ ലോജിക്ക് വെച്ച് നാളെ വാദികള്‍ക്ക് വേണ്ടി മാത്രം വക്കീലന്മാര്‍ ഹാജരായാല്‍ മതിയെന്ന് വെക്കാമല്ലോ! ക്രിമിനല്‍ ലോയേഴ്‌സ് തല്‍ക്കാലം പേര് മാത്രം വെച്ച് ഓഫീസിലിരിക്കട്ടെ. എനിക്കിഷ്ടമല്ലാത്ത ഒരു കാര്യം നിങ്ങള്‍ ചെയ്തു അത് കൊണ്ട് നിങ്ങളെ എനിക്കിഷ്ടമല്ല, നിങ്ങള് ചാവട്ടെ, സന്തോഷം!
എനിക്ക് ഇഷ്ടമല്ലാത്ത ഒരാളെ നിങ്ങള് സഹായിച്ചു, അതുകൊണ്ട് നിങ്ങളെ എനിക്കിഷ്ടമല്ല, നിങ്ങള് ചാവട്ടെ, സന്തോഷം! എനിക്ക് ഇഷ്ടമല്ലാത്ത ഒരാള്‍ക്ക് വേണ്ടി നിങ്ങള്‍ നിങ്ങളുടെ ജോലി ചെയ്തു, അതുകൊണ്ട് നിങ്ങളെ എനിക്കിഷ്ടമല്ല,
നിങ്ങള് ചാവട്ടെ, സന്തോഷം!
ഇത്തരം മനോനിലയാണോ നിങ്ങള്‍ക്ക്? വളരൂ എന്ന് മാത്രമേ പറയാനാകൂ.അഡ്വ.ആളൂര്‍ ആരെയും പീഡിപ്പിട്ടിട്ടില്ല. മോഷണം നടത്തിയിട്ടില്ല,രാജ്യദ്രോഹം നടത്തിയിട്ടില്ല,കൊന്നിട്ടില്ല,പറ്റിച്ചിട്ടില്ല. വക്കീല്‍ പണി എടുക്കാതെ അദ്ദേഹം എന്ത് ചെയ്യണമായിരുന്നു? രാമ രാമ ചൊല്ലി ജീവിക്കണമായിരുന്നോ..?
മികച്ച ക്രമിനല്‍ വക്കീല്‍ ആകുക അങ്ങനെ അറിയിപ്പെടുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തില്‍ കുപ്രസിദ്ധമായ കേസുകളില്‍ അദ്ദേഹം ഹാജരായതും വാദിച്ചതും എന്നതില്‍ ആര്‍ക്കും സംശയം വേണ്ട. സ്വന്തമായി പരസ്യം ചെയ്ത് കക്ഷികളെ പിടിക്കാന്‍ വിലക്കുള്ള ഏക പ്രോഫഷനാണ് അഭിഭാഷകവൃത്തി എന്നത്.
ഇന്ദിരാഗാന്ധിയുടെയും രാജീവ്ഗാന്ധിയുടെയും വധക്കേസുകളില്‍ എന്തിന് മഹാത്മാഗാന്ധിയുടെ കൊലപാതകികള്‍ക്ക് പോലും വാദിക്കാന്‍ വക്കീല്‍ ഉണ്ടായിരുന്നു എന്നോര്‍ക്കണം.അവര്‍ അവരുടെ തൊഴിലാണ് ചെയ്യുന്നതെന്നും .ചെയ്യുന്ന തൊഴിലില്‍ മികവുകാണിക്കാനാണ് എല്ലാവരുംശ്രമിക്കകയെന്നും ഓര്‍ക്കുക.ക്രമനിനലുകള്‍ക്ക് വാദിക്കാനായിഎത്തുന്നവരെല്ലാം ക്രമിനലുകള്‍ ആണെന്നോ ക്രൂരന്‍മാര്‍ ആണെന്നോ ധരിക്കുന്നത് മൗഢ്യമല്ലാതെ പിന്നെന്താണ്.
ക്രിമിനല്‍ വക്കീല് പിന്നെ ആര്‍ക്കു വേണ്ടിയാണ് വാദിക്കേണ്ടത്.. പോലീസും പബ്ലിക് പ്രോസിക്യൂട്ടര്‍മാരും അവരുടെ പണി മര്യാദക്ക് ചെയ്താല്‍ ഒരു ക്രിമിനല്‍ വക്കീലിനും ക്രിമിനലുകളെ രക്ഷിക്കാന്‍ സാധിക്കില്ല.. അവരുടെ ജോലി അവര്‍ ചെയ്യാതെ വരുമ്പോള്‍ മാത്രമാണ് പ്രതികള്‍ രക്ഷപ്പെടുന്നത്.
മരണം ആര്‍ക്കും സംഭവിക്കും നാളെ ഞാനും നിങ്ങളും ഒക്കെ മരിക്കും.. മരണങ്ങള്‍ എല്ലാം പാപത്തിന്റെ ശിക്ഷയാണെങ്കില്‍ ഈ ലോകത്ത് എല്ലാവരും പാപികളാണ്. രണ്ട് മുന്‍പ് ഒരുപാട് സംസാരിച്ച ഒരാള്‍ കടന്നുപോകുമ്പോള്‍ അത് അത്രമേല്‍ സങ്കടകരമാണ്. ആദരം അഡ്വ ബി എ ആളൂര്‍ ??
അഡ്വ ശ്രീജിത്ത് പെരുമന