ദുബായ്: രണ്ടര വയസ്സിനുള്ളില്‍ മലയാളി പെണ്‍കുട്ടി അഫാഫ് മറിയം നേടിയത് ഇന്റര്‍നാഷനല്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് ഉള്‍പ്പെടെ ഉയര്‍ന്ന മൂന്ന് പുരസ്‌കാരങ്ങള്‍. ദുബായില്‍ താമസക്കാരായ മലപ്പുറം ചങ്ങരംകുളം ആമയം സ്വദേശികളായ അജ്മല്‍-ആയിഷ സുനിയ ദമ്പതികളുടെ മകളാണ് ഈ മിടുക്കി.
ആഴ്ചയിലെ ഏഴ് ദിവസങ്ങളുടെ പേരുകള്‍ വെറും മൂന്ന് സെക്കന്‍ഡിനുള്ളില്‍ പറഞ്ഞാണ് ഈ കൊച്ചുമിടുക്കി ഇന്റര്‍നാഷനല്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് തന്റെ പേരിലാക്കിയത്. ഇതാകട്ടേ മുന്‍പുണ്ടായിരുന്ന 11 സെക്കന്‍ഡ് റെക്കോര്‍ഡ് തകര്‍ത്താണ് ഈ അദ്ഭുത നേട്ടം കരസ്ഥമാക്കിയത്. നേരത്തെ 17 വന്യമൃഗങ്ങള്‍, 7 വളര്‍ത്തുമൃഗങ്ങള്‍, 13 പഴങ്ങള്‍, 5 ആകൃതികള്‍, 7 നിറങ്ങള്‍, 15 പച്ചക്കറികള്‍, 9 വാഹനങ്ങള്‍, 8 ജലജീവികള്‍, 9 വീട്ടുപകരണങ്ങള്‍, 5 പ്രാണികള്‍, 7 ശരീരഭാഗങ്ങള്‍, മാസങ്ങള്‍, ആഴ്ചകള്‍, 1 മുതല്‍ 10 വരെ ഇംഗ്ലിഷ് അക്കങ്ങള്‍ എന്നിവ ഒരുമിച്ച് തിരിച്ചറിഞ്ഞതിന് അഫാഫിന് കലാംസ് വേള്‍ഡ് റെക്കോര്‍ഡും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡും ലഭിച്ചിരുന്നു.
ഫ്‌ലാഷ് കാര്‍ഡിലെ ചിത്രങ്ങള്‍ കാണിച്ച് പേരുകള്‍ പറയിപ്പിച്ചാണ് തുടക്കത്തില്‍ മോളെ പരിശീലിപ്പിച്ചതെന്നും പിന്നീട് പുസ്തകങ്ങളും മറ്റും നല്‍കി പഠനത്തില്‍ കൂടുതല്‍ പ്രോത്സാഹിപ്പിച്ചതായും വീട്ടമ്മയായ അഫാഫിന്റെ മാതാവ് ആയിഷ സുനിയ ‘ദി മലയാളം ന്യൂസി’നോട് പറഞ്ഞു. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ മിടക്കിയാണ്. ഇപ്പോള്‍ കംപ്യൂട്ടര്‍ ഉപയോഗിക്കാനും മോള്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. ദുബായില്‍ പ്രീമിയര്‍ സ്‌പെയര്‍ പാര്‍ട്‌സിലെ ജീവനക്കാരനാണ് പിതാവ് അജ്മല്‍.