ജിദ്ദ: ദശലക്ഷക്കണക്കിന് വരുന്ന ഹജ് തീര്‍ഥാടകരുടെ സുരക്ഷക്കും സമാധാനത്തിനും ഭംഗം വരുത്തുന്ന നിലക്ക് കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ആരെയും സൗദി അറേബ്യ അനുവദിക്കില്ലെന്ന് ഇസ്ലാമികകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് വ്യക്തമാക്കി. കിംഗ് അബ്ദുല്ല എന്‍ഡോവ്മെന്റ് സാമ്പത്തിക സഹായത്തോടെ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്സിറ്റിയിലെ സയന്‍സ് എന്‍ഡോവ്മെന്റും ഇസ്ലാമികകാര്യ മന്ത്രാലയവും ചേര്‍ന്ന് നടപ്പാക്കുന്ന ഫെലോഷിപ്പ് ഇന്‍ മോഡറേഷന്‍ പ്രോഗ്രാമിന്റെ ആദ്യ ബാച്ചിന്റെ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷന്‍ 2030ന് അനുസൃതമായി രാജ്യത്ത് മിതവാദ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ഇസ്ലാമിനെയും മുസ്ലിംകളെയും സേവിക്കുന്നതില്‍ സൗദി അറേബ്യയുടെ മുന്‍നിര പങ്ക് സ്ഥിരീകരിക്കുകയും ചെയ്യുന്ന അതുല്യമായ സംരംഭത്തിന്റെ ഭാഗമാണ് ഫെലോഷിപ്പ് പ്രോഗ്രാം നടപ്പാക്കുന്നത്.
തീര്‍ഥാടകരുടെ സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്താനും വിശുദ്ധ ഹറമും പുണ്യസ്ഥലങ്ങളും നിയമ ലംഘകരില്‍ നിന്ന് സംരക്ഷിക്കാനും സൗദി അറേബ്യ വലിയ ഉത്തരവാദിത്തം വഹിക്കുന്നതായി മന്ത്രി പറഞ്ഞു. ആശ്വാസത്തോടെയും അനായാസമായും മനസ്സമാധാനത്തോടെയും ഹജ് കര്‍മം അനുഷ്ഠിക്കാന്‍ അവസരമൊരുക്കാനാണ് ഈ ശ്രമങ്ങളിലൂടെ ലക്ഷ്യമിടുന്നത്. പുണ്യസ്ഥലങ്ങളിലും ഇരു ഹറമുകളിലും വന്‍ വികസന പദ്ധതികളാണ് നടക്കുന്നത്. തീര്‍ഥാടകര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കാന്‍ ശ്രമിച്ചുള്ള നിയമങ്ങള്‍ നടപ്പാക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കാണിക്കുന്ന താല്‍പര്യം ദിവസങ്ങള്‍ക്ക് മുമ്പ് മക്ക സന്ദര്‍ശിച്ച വേളയില്‍ താന്‍ നേരിട്ട് കണ്ടു.
തീര്‍ഥാടകര്‍ക്കും ഇരു ഹറമുകള്‍ക്കും സേവനം നല്‍കാന്‍ ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിലുള്ള സുപ്രീം ഹജ് കമ്മിറ്റി മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഇരു ഹറമുകളുടെയും ശേഷി കണക്കിലെടുത്ത് ഹറമുകളിലേക്കുള്ള വിശ്വാസികളുടെ പ്രവേശനം ക്രമീകരിക്കാനും തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കാനുമാണ് സുപ്രീം ഹജ് കമ്മിറ്റി ലക്ഷ്യമിടുന്നത്. കുഴപ്പങ്ങള്‍ മോശം പ്രത്യാഘാതങ്ങളുണ്ടാക്കും. അതുകൊണ്ട് തന്നെ, ഹജിന്റെ സമയത്ത് കുഴപ്പങ്ങളുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ല. നിയമ ലംഘകരോട് ഒരുവിധ ദാക്ഷിണ്യവും കാണിക്കുകയുമില്ല. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസിക്കപ്പെടും. ഹജിനു ശേഷം നിങ്ങള്‍ക്ക് അതിന്റെ ഫലങ്ങള്‍ കാണാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
നന്മ, സമാധാനം, സ്നേഹം, സഹിഷ്ണുത എന്നിവ പ്രചരിപ്പിക്കുക എന്ന സൗദി അറേബ്യയുടെ ദൗത്യത്തിന് അനുസൃതമായി, സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെ മൂല്യങ്ങള്‍ പ്രചരിപ്പിക്കാനും ജനങ്ങള്‍ക്കിടയില്‍ ആശയവിനിമയത്തിന്റെ പാലങ്ങള്‍ പണിയാനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് ഫെലോഷിപ്പ് ഇന്‍ മോഡറേഷന്‍ പ്രോഗ്രാം വ്യക്തമാക്കുന്നത്. മിതവാദ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന നിരവധി പരിപാടികള്‍ ഇസ്ലാമിക കാര്യ മന്ത്രാലയം നടപ്പാക്കിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇവയുടെ പ്രയോജനം ലഭിച്ചു. നാല്‍പതു രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്ത ഫെലോഷിപ്പ് ഇന്‍ മോഡറേഷന്‍ പ്രോഗ്രാമിന്റെ സമാപനത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. മിതവാദ ദീപം വഹിക്കാനും പ്രബുദ്ധമായ കാഴ്ചപ്പാടും പ്രായോഗിക അനുഭവവും ഉപയോഗിച്ച് സ്വന്തം സമൂഹങ്ങളിലേക്ക് മടങ്ങാനും ഈ കോഴ്സ് അവരെ പ്രാപ്തരാക്കുന്നു. സ്വന്തം സമൂഹങ്ങളില്‍ നിങ്ങള്‍ ഒരു പോസിറ്റീവ് മാതൃകയാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതായും ഇസ്ലാമികകാര്യ മന്ത്രി പറഞ്ഞു.
നാല്‍പതു രാജ്യങ്ങളില്‍ നിന്നുള്ള 61 ട്രെയിനികളെ പ്രോഗ്രാം ആകര്‍ഷിച്ചതായും ഇക്കൂട്ടത്തില്‍ 55 പേര്‍ കൃത്യമായ ശാസ്ത്രീയ മാനദണ്ഡങ്ങള്‍ക്കനുസൃതമായി എല്ലാ പ്രോഗ്രാം ആവശ്യകതകളും പാസായ ശേഷം ബിരുദം നേടിയതായും കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ. ത്വരീഫ് അല്‍അഅ്മാ പറഞ്ഞു. ഇക്കൂട്ടത്തില്‍ അഞ്ചു പേര്‍ ഇസ്ലാമികകാര്യ മന്ത്രിയുടെ പേരിലുള്ള കോളര്‍ഷിപ്പോടെയാണ് പഠനം പൂര്‍ത്തിയാക്കിയത്. ആഗോളതലത്തില്‍ മിതവാദം പ്രചരിപ്പിക്കുന്നതില്‍ മന്ത്രി വഹിക്കുന്ന പങ്കിനെയും സംഭാവനകളെയും മാനിച്ച് സര്‍വകലാശാല അദ്ദേഹത്തിന്റെ പേരില്‍ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുകയായിരുന്നെന്നും കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി പ്രസിഡന്റ് പറഞ്ഞു.