ജിസാൻ: കഴിഞ്ഞ ഫെബ്രുവരി 14 ന് ജിസാനിൽ മരിച്ച തമിഴ്‌നാട് ഗൂഡല്ലൂർ പുതുക്കുപ്പം പുതുപ്പേട്ട സ്വദേശി മുനിയപ്പൻ അയ്യനു(66 )വിന്റെ മൃതദേഹം ‘ജല’ പ്രവർത്തകരുടെ സഹായത്തോടെ ഇന്ന് ജിസാനിൽ നിന്ന് ജിദ്ദ വഴി ചെന്നൈയിലേക്ക് അയച്ചു. ജിസാൻ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം എംബാം ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം അബൂഅരീഷ് സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ജിദ്ദ വിമാനത്താളത്തിൽ നിന്ന് എമിറേറ്റ്സ് എയർലൈൻസ് വിമാനത്തിൽ നാളെ ചെന്നൈയിലെത്തിക്കുന്ന മൃതദേഹം വിമാനത്താവളത്തിൽ ബന്ധുക്കൾ ഏറ്റുവാങ്ങും. വ്യാഴാഴ്‌ച വൈകുന്നേരത്തോടെ മുനിയപ്പൻറെ മൃതദേഹം സ്വദേശമായ പുതുപ്പേട്ടയിൽ സംസ്‌കരിക്കും.
ജിസാൻ ഫിഷിംഗ് ഹാർബറിൽ മത്സ്യത്തൊഴിലാളിയായിരുന്ന മുനിയപ്പന് കടലിൽ ജോലിക്കിടെ നെഞ്ചുവേദനയും ദേഹാസ്വാസ്ഥ്യവുമുണ്ടായതിനെ തുടർന്ന് സഹപ്രവർത്തകർ ജിസാൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഹൃദയാഘാതം മൂലമാണ് മരണമെന്ന് മെഡിക്കൽ റിപ്പോർട്ടിൽ ഡോക്ടറന്മാർ സൂചിപ്പിച്ചിരുന്നെങ്കിലും ഡെത്ത് നോട്ടിഫിക്കേഷൻ റിപ്പോർട്ടിൽ മരണ കാരണം എന്താണെന്ന് വ്യക്തമായി രേഖപ്പെടുത്തിയിരുന്നില്ല. ഇതേതുടർന്ന് ജിസാൻ സിറ്റി പോലീസ് ജിസാൻ പബ്ലിക് പ്രോസിക്യൂഷൻറെയും സൗദി കുറ്റാന്വേഷണ വിഭാഗത്തിന്റേയും അന്വേഷണ നടപടികൾക്കായി കൈമാറുകയായിരുന്നു. മൃതദേഹത്തിന്റെ രാസ പരിശോധനയുടെയും ഫോറൻസിക്ക് പരിശോധനയുടെയും ഫലങ്ങൾ വിലയിരുത്തിയ ശേഷം അന്വേഷണ നടപടികൾ പൂർത്തിയാക്കേണ്ടി വന്നതിനാലാണ് മൃതദേഹം നാട്ടിലയക്കാൻ 77 ദിവസത്തോളം കാലതാമസം നേരിട്ടത്. പൊലീസിന്റെ അന്തിമ അനുമതി ലഭിച്ചത് രണ്ടു ദിവസം മുമ്പ് മാത്രമാണ്.
മൃതദേഹം നാട്ടിലയക്കാൻ വൈകിയ സാഹചര്യത്തിൽ ജലയുടെ കേന്ദ്രകമ്മിറ്റി ഭാരവാഹിളായ സലാം കൂട്ടായി, ഫൈസൽ മേലാറ്റൂർ, അനീഷ് നായർ, യൂണിറ്റ് ഭാരവാഹികളായ ജമാൽ കടലുണ്ടി, സമീർ പരപ്പനങ്ങാടി എന്നിവർ സ്പോൺസറുമായും അധികൃതരുമായും നിരന്തരം ബന്ധപ്പെട്ട് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്‌തിരുന്നു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക ക്ഷേമസമിതി അംഗം താഹ കൊല്ലേത്തിൻറെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലയക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കിയത്. മുനിയപ്പൻറെ സഹപ്രവർത്തകനും നാട്ടുകാരനുമായ സുരേഷ് സുബ്ബരായനാണ് നിയമ നടപടികൾക്കായി ബന്ധുക്കൾ മുക്ത്യാർ പത്രം നൽകിയിരുന്നത്.
കഴിഞ്ഞ 33 വർഷമായി ജിസാൻ ഫിഷിംഗ് ഹാർബറിൽ ബഹറിയ ട്രേഡിംഗ് കമ്പനിയിൽ ജോലിചെയ്‌തിരുന്ന മുനിയപ്പൻ നീലഗിരി ജില്ലയിലെ ഗുഡല്ലൂർ പുതുപ്പേട്ട അയ്യനുവിൻറെയും രമയി അമ്മാളിന്റെയും മകനാണ്.വിവാഹിതനും രണ്ടു കുട്ടിയുടെ പിതാവുമാണ്.ചിത്രയാണ് ഭാര്യ. മക്കൾ ലില്ലി, ജിനിത എന്നിവർ. മുനിയപ്പൻറെ മൃതദേഹം ജിസാൻ എയർപോർട്ടിലേക്ക് കൊണ്ടുവന്നപ്പോൾ സാമൂഹിക പ്രവർത്തകരും ജിസാൻ ഹാർബറിലെ സഹപ്രവർത്തകരും മത്സ്യത്തൊഴിലാളികളും കമ്പനി അധികൃതരുമടക്കം നിരവധിപേർ എത്തിയിരുന്നു.