ഡല്‍ഹി– കശ്മീരിലെ വിനോദ സഞ്ചാരകേന്ദ്രമായ പഹല്‍ഗാമില്‍ ആക്രമണം നടത്തിയ തീവ്രവാദികള്‍ ആശയവിനിമയത്തിനായി ഉപയോഗിച്ചിരിക്കുന്നത് ചൈനീസ് നിര്‍മ്മിത സാറ്റലൈറ്റ് ഫോണെന്ന് എന്‍.ഐ.എ. ഇന്ത്യയില്‍ നിരോധിച്ച നിരവധി ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകളും തീവ്രവാദികള്‍ ഉപയോഗിക്കുന്നതായി എന്‍.ഐ.എ കണ്ടെത്തിയിട്ടുണ്ട്. ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ ചൈനീസ് സാറ്റലൈറ്റ് ഫോണിന്റെ സാന്നിദ്ധ്യവും എന്‍.ഐ.എ സ്ഥിരീകരിച്ചു.
ആക്രമണം നടത്തിയ ഭീകരര്‍ ഒന്നരവര്‍ഷം മുമ്പാണ് അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്കെത്തിയത്. കാടിനുള്ളില്‍ ഒളിച്ചു കഴിയുകയായിരുന്ന ഇവര്‍ എങ്ങനെയാണ് ഇന്ത്യന്‍ ഏജന്‍സികളെ കബളിപ്പിച്ച് ആശയവിനിമയം നടത്തിയതെന്ന് അന്യേഷണത്തിലാണ് ചൈനീസ് നാഷണല്‍ സ്‌പേസ് ഏജന്‍സിയുടെ ഉപകരണങ്ങളാണ് ഉപയോഗിച്ചതെന്ന് എന്‍.ഐ.എ കണ്ടെത്തിയത്.
2020ൽ ഗല്‍വാനില്‍ നടന്ന ആക്രമണത്തെ തുടര്‍ന്ന് ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പലതും ഇന്ത്യയില്‍ നിരോധിച്ചിരുന്നു. ഈ ആപ്ലിക്കേഷനുകളാണ് തീവ്രവാദികള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനുള്ള ആപ്ലിക്കേഷനുകളായതിനാല്‍ സന്ദേശം അയക്കുന്നയാളും സ്വീകരിക്കുന്നയാളും തമ്മിലുള്ള ആശയവിനിമയം സുരക്ഷിതമായിരിക്കും. ഇതിനാല്‍ ഭീകരവാദികള്‍ പരസ്പരം ആശയവിനിമയത്തിനായി ചൈനീസ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നത് കണ്ടെത്തിയതോടെയാണ് ഇന്ത്യ ഇത് നിരോധിച്ചത്.
ഈ ആപ്പുകളെല്ലാം സ്റ്റെനറ്റോഗ്രഫി സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാല്‍ സന്ദേശങ്ങള്‍ ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും ഇടയില്‍ ഒളിപ്പിച്ച് അയക്കാന്‍ കഴിയും. ഇത് കണ്ടെത്താനും ബുദ്ധിമുട്ടാണ്. ആപ്പുകളുടെ റേഡിയോ ഫ്രീക്വന്‍സി പതിവായി മാറുന്നതും അന്യേഷണ ഉദ്യോഗസ്ഥര്‍ക്ക് വെല്ലുവിളിയായിരിക്കുകയാണ്