ജിസാൻ: ജിസാൻ നഗരത്തിന്റെ തെക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന അൽമർജാൻ ദ്വീപ് ജിസാൻ പ്രവിശ്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്. ഫാമിലികൾക്ക് അനുയോജ്യമായ ടൂറിസ്റ്റ് കേന്ദ്രമാണിത്. അൽമർജാൻ ദ്വീപിൽ നിക്ഷേപങ്ങൾ നടത്താൻ ടൂറിസം മേഖലാ നിക്ഷേപകരും താൽപര്യം പ്രകടിപ്പിക്കുന്നു. 63,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ദ്വീപ്, മനോഹരമായ കടൽത്തീരങ്ങളും തെളിഞ്ഞ വെള്ളവും കൊണ്ട് വേറിട്ടുനിൽക്കുന്നു. വൈവിധ്യമാർന്ന സമുദ്രജീവികളുടെയും ജലാശയങ്ങളെ തിളക്കമുള്ള നിറങ്ങളാൽ അലങ്കരിക്കുന്ന മനോഹരമായ പവിഴപ്പുറ്റുകളുടെയും വിവിധതരം മത്സ്യങ്ങളുടെയും ആവാസ കേന്ദ്രമാണിത്.
ഡൈവിംഗ്, വാട്ടർ സ്‌പോർട്‌സ് പ്രേമികൾക്ക് ഈ ദ്വീപ് സവിശേഷമായ അനുഭവം പ്രദാനം ചെയ്യുന്നു. സന്ദർശകരുടെ അഭിലാഷങ്ങൾ നിറവേറ്റുന്ന നിരവധി വിനോദ, ടൂറിസ്റ്റ് പ്രവർത്തനങ്ങളും ഇവിടെയുണ്ട്. ദ്വീപിൽ നിന്ന് സന്ദർശകരെ ജിസാനിൽ സമീപത്തുള്ള നിരവധി ദ്വീപുകളിലേക്ക് കൊണ്ടുപോകുന്ന ബോട്ട് യാത്രകളും സംഘടിപ്പിക്കുന്നുണ്ട്. ഇത് സന്ദർശകരുടെ ടൂറിസം അനുഭവം മെച്ചപ്പെടുത്തുന്നു.
48,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള അൽമർജാൻ ദ്വീപ് പാർക്കിന്റെ കിഴക്കു ഭാഗം വികസിപ്പിക്കാനും പുനരധിവസിപ്പിക്കാനുമുള്ള പദ്ധതി ജിസാൻ പ്രവിശ്യ നഗരസഭ നടപ്പാക്കാൻ തുടങ്ങിയിട്ടുണ്ട്. ഹരിത ഇടങ്ങൾ, അതുല്യമായ ഗെയിമുകൾ, കളിസ്ഥലങ്ങൾ, സവിഷേമായ നിക്ഷേപ മേഖലകൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കാനുള്ള ജിസാൻ നഗരസഭയുടെ പ്രതിബദ്ധത ഇത് പ്രതിഫലിപ്പിക്കുന്നു.
അൽമർജാൻ ദ്വീപിൽ ബീച്ച് ഫ്രണ്ട് പ്രദേശത്തെ 15,000 ചതുരശ്ര മീറ്റർ ഭാഗങ്ങൾ വികസിപ്പിക്കാനുള്ള ജോലികളും നഗരസഭ ആരംഭിച്ചിട്ടുണ്ട്. ആധുനിക കുടകൾ, സുഖപ്രദമായ ചെയറുകൾ, ലൈറ്റിംഗ് എന്നിവയുൾപ്പെടെയുള്ള പദ്ധതികളോടെയാണ് നഗരസഭ വികസന ജോലികൾ ആരംഭിച്ചത്. സൗകര്യങ്ങൾ മെച്ചപ്പെടുത്താനും സന്ദർശകർക്ക് അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്യാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാനും പ്രവിശ്യയിൽ നിക്ഷേപം ഉത്തേജിപ്പിക്കാനും സഹായിക്കും.
