മക്ക: ഹജ് തട്ടിപ്പുകൾ നടത്തിയ നാലംഗ ചൈനീസ് സംഘത്തെ മക്കയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഹജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് പുണ്യസ്ഥലങ്ങളിൽ താമസ, യാത്രാ സൗകര്യങ്ങൾ ഏർപ്പെടുത്തി നൽകുമെന്ന് വാദിച്ച് വ്യാജ ഹജ് സർവീസ് സ്ഥാപനങ്ങളുടെ പേരിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യം ചെയ്താണ് സംഘം തട്ടിപ്പുകൾ നടത്തിയത്.
നിയമനുസൃത നടപടികൾ പൂർത്തിയാക്കി നിയമ ലംഘകരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പോലീസ് അറിയിച്ചു. ഹജുമായി ബന്ധപ്പെട്ട നിയമ നിർദേശങ്ങൾ പാലിക്കണമെന്ന് സൗദി പൗരന്മാരോടും വിദേശികളോടും പൊതുസുരക്ഷാ വകുപ്പ് ആവശ്യപ്പെട്ടു. ഇത് ലംഘിക്കുന്നവരെക്കുറിച്ച് മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളിൽ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് എല്ലാവരും റിപ്പോർട്ട് ചെയ്യണമെന്ന് പൊതുസുരക്ഷാ വകുപ്പ് ആവശ്യപ്പെട്ടു.