തെഹ്‌റാൻ: ഇറാനിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെയ്‌നർ തുറമുഖമായ, ബന്ദർ അബ്ബാസിലെ ഷാഹിദ് റജാഈ തുറമുഖത്തുണ്ടായ വൻ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 70 ആയി ഉയർന്നു. 1,200-ലധികം പേർക്ക് പരുക്കേറ്റതായി സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. അഗ്‌നിശമന സൈനികർ നടത്തിയ തീവ്രശ്രമങ്ങളിലൂടെ 48 മണിക്കൂറിനു ശേഷം അഗ്‌നിബാധ നിയന്ത്രണവിധേയമായതായി ഇറാൻ ഉദ്യോഗസ്ഥർ പറഞ്ഞു. ഇറാനിലെ ഏറ്റവും വലിയ കണ്ടെയ്‌നർ കേന്ദ്രമായ ഷാഹിദ് റജാഈ തുറമുഖത്തിൽ ശനിയാഴ്ചയാണ് ഉഗ്രസ്‌ഫോടനം നടന്നത്. കാറ്റും കണ്ടെയ്‌നറുകളിൽ സൂക്ഷിച്ച തീപ്പിടിക്കുന്ന വസ്തുക്കളും കാരണം ഇടക്കിടെ ആളിപ്പടരുന്ന തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ചില വസ്തുക്കൾ പ്രദേശത്ത് വിഷാംശം പുറത്തുവിടുന്നുണ്ടെന്നും സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.
വലിയ തീ നിയന്ത്രണവിധേയമാക്കിയ ശേഷം സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് തുറമുഖം സ്ഥിതി ചെയ്യുന്ന ഹോർമോസ്ഗാൻ പ്രവിശ്യയുടെ ഗവർണറെ ഉദ്ധരിച്ച് ഇറാൻ സ്റ്റേറ്റ് മീഡിയ പറഞ്ഞു. തുറമുഖത്തെ കണ്ടെയ്‌നറുകൾ നീക്കം ചെയ്യാൻ രണ്ടാഴ്ച വരെ എടുത്തേക്കാമെന്ന് സ്റ്റേറ്റ് മീഡിയ വ്യക്തമാക്കി.
ഷാഹിദ് റജാഈ തുറമുഖത്തെ തീപിടുത്തം നേരിടാനുള്ള ദേശീയ പ്രവർത്തനങ്ങൾ അവസാനിച്ചതായും തീയണക്കൽ നടപടികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറിയതായും ഇറാൻ ആഭ്യന്തര മന്ത്രി ഇസ്‌കന്ദർ മോമെനി പറഞ്ഞു. സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട വീഴ്ചകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. കുറ്റക്കാരായ ചില വ്യക്തികളെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയിട്ടുണ്ട്. അശ്രദ്ധയും സുരക്ഷാ നടപടികൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതുമാണ് സ്‌ഫോടനത്തിന് കാരണം. ചില കുറ്റവാളികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സുരക്ഷാ, സിവിൽ ഡിഫൻസ് നടപടിക്രമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടത് അടക്കം അശ്രദ്ധ ഉണ്ടായിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
സിവിൽ ഡിഫൻസ്, സുരക്ഷാ വ്യവസ്ഥകൾ പാലിക്കുന്നതിൽ പോരായ്മകൾ കണ്ടെത്തിയതായി അന്വേഷണ കമ്മിറ്റി പുറത്തുവിട്ട പ്രാഥമിക റിപ്പോർട്ട് വ്യക്തമാക്കി. സ്‌ഫോടനത്തിലും അഗ്‌നിബാധയിലും 22-ഓളം പേരെ കാണാതായതായും 22 മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഹോർമോസ്ഗാൻ ഗവർണറെ ഉദ്ധരിച്ച് സ്റ്റേറ്റ് ടിവി പറഞ്ഞു. സംഭവത്തിലെ അശ്രദ്ധയും ഉദ്ദേശ്യവും കണ്ടെത്താൻ ഇറാൻ പരമോന്നത ആത്മീയ നേതാവ് ആയത്തുള്ള അലി ഖാംനഇ അന്വേഷണത്തിന് ഉത്തരവിട്ടു. ഇത് അധികാരികൾ അട്ടിമറി സാധ്യത തള്ളിക്കളയുന്നില്ല എന്നതിന്റെ സൂചനയാണ്.
ഒമാനിൽ ഇറാൻ അമേരിക്കയുമായി മൂന്നാം റൗണ്ട് ആണവ ചർച്ചകൾ ആരംഭിച്ച സമയത്താണ് തുറമുഖത്ത് സ്‌ഫോടനമുണ്ടായത്. എന്നാൽ രണ്ട് സംഭവങ്ങളും തമ്മിലുള്ള ബന്ധത്തിന് സൂചനകളൊന്നുമില്ല. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ വലിയ സൈബർ ആക്രമണം സ്‌ഫോടനത്തിന് ഒരു ദിവസത്തിനുശേഷം പ്രതിരോധിച്ചതായി ഇറാൻ ഇൻഫ്രാസ്ട്രക്ചർ കമ്മ്യൂണിക്കേഷൻസ് കമ്പനി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ കമ്പനി നൽകിയില്ല.
കണ്ടെയ്‌നറുകളിൽ രാസവസ്തുക്കൾ മോശം രീതിയിൽ സൂക്ഷിച്ചതാണ് സ്‌ഫോടനത്തിന് കാരണമെന്ന് സംശയിക്കുന്നു. തുറമുഖത്തെ സുരക്ഷാ അപകട സാധ്യതകളെ കുറിച്ച് മുമ്പ് മുന്നറിയിപ്പുകളുണ്ടായിരുന്നുവെന്ന് ക്രൈസിസ് മാനേജ്‌മെന്റ് ഓർഗനൈസേഷൻ വക്താവ് ശനിയാഴ്ച പറഞ്ഞു. മിസൈലുകളിൽ ഉപയോഗിക്കുന്ന ഖര ഇന്ധനം തെറ്റായി കൈകാര്യം ചെയ്തതിന് സ്‌ഫോടനവുമായി ബന്ധമുണ്ടാകാമെന്ന അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ ഞായറാഴ്ച ഇറാൻ പ്രതിരോധ മന്ത്രാലയം തള്ളിയിരുന്നു.