വാഷിങ്ടൺ- ജമ്മുകശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിൽ രൂക്ഷമായിരിക്കുന്ന സാഹചര്യം സംബന്ധിച്ച് ഉത്തരവാദിത്തപരമായ പരിഹാരത്തിനായി ഇരുരാജ്യങ്ങളും പ്രവർത്തിക്കണമെന്ന് അമേരിക്ക ആഹ്വാനം ചെയ്തു.
ഇരു രാജ്യങ്ങളായും വിവിധ തലങ്ങളിൽ സജീവമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും, സംഭവവികാസങ്ങൾ നിരീക്ഷിച്ചുവരിയാണെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. സമാധാനപരമായ സമീപനമാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
നേരത്തെ, പഹൽഗാം ആക്രമണത്തെ അപലപിച്ച യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡണ്ട് ജെ.ഡി വാൻസും ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. വിവിധ ലോകനേതാക്കൾ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു.
ആക്രമണത്തിന് പിന്നിൽ പാകിസ്ഥാന്റെ പിന്തുണയുളള തീവ്രവാദ ഗ്രൂപ്പുകളാണെന്നാണ് ഇന്ത്യ ആരോപിക്കുന്നത്. ആക്രമണത്തിനു പിന്നാലെ, കേന്ദ്രസർക്കാർ പാകിസ്താന്റെ നയതന്ത്ര പ്രതിനിധികളെ പുറത്താക്കുകയും അതിർത്തികൾ അടക്കുകയും ചെയ്തു. 1960 മുതൽ ഇരുരാജ്യങ്ങൾക്കുമിടയിൽ നിലവിലുള്ള ഇൻഡസ് വാട്ടർ കരാർ ഇന്ത്യ ഏകപക്ഷീയമായി റദ്ദാക്കുകയും ചെയ്തു. അതേസമയം, ആക്രമണത്തിൽ പങ്കില്ലെന്ന് അവകാശപ്പെട്ട പാകിസ്താൻ, സംഭവത്തെപ്പറ്റിയുള്ള അന്വേഷണങ്ങളോട് സഹകരിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.